![]() |
| പൊതി വെച്ച യുവതിയാണ് ചിത്രത്തിൽ |
സുരക്ഷിത യാത്രക്ക് നന്ദി അറിയിച്ച് കേരള റെയിൽവേ പോലീസിന് കത്തും മിഠായിയും നൽകി യാത്രക്കാരി. കണ്ണൂർ റെയിൽവേ പൊലീസ് സ്റ്റേഷനിലാണ് യാത്രക്കാരി സർപ്രൈസ് ഗിഫ്റ്റ് കൊണ്ടുവെച്ചത്.
‘പ്രിയപ്പെട്ട
കേരള പൊലീസ്
, നിങ്ങളുടെ രാത്രികാല പട്രോളിങ് എനിക്ക് കൂടുതൽ സുരക്ഷിതത്വം നൽകുന്നു, നന്ദി’. ചോക്ലേറ്റിനൊപ്പം റെയിൽവേ പൊലീസിനു കിട്ടിയ കുറിപ്പാണിത്. വെള്ളിയാഴ്ച പുലർച്ചെ ആറുമണിക്കാണ് അജ്ഞാതയായ യുവതി ആരും കാണാതെ ഒരു പൊതി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലെ റെയിൽവേ പൊലീസ് സ്റ്റേഷന്റെ മേശപ്പുറത്ത് വച്ചിട്ട് ഓടിപ്പോയത്.
അസ്വാഭാവികമായി കണ്ട പൊതി പരിശോധിച്ചപ്പോഴാണ് പൊലീസ് കത്തും ചോക്ലേറ്റുമാണെന്ന് തിരിച്ചറിഞ്ഞത്. എന്നാൽ ആരാണ് ഇതു വച്ചതെന്ന് കണ്ടെത്താനായില്ല. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. തിരുവനന്തപുരം– മംഗളൂരു അന്ത്യോദയ എക്സപ്രസിൽ നിന്ന് ഒരു യുവതി ഇറങ്ങി വരുന്നതും മേശപ്പുറത്ത് പൊതി വച്ചശേഷം വീണ്ടും അതെ വണ്ടിയിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ നിന്ന് കണ്ടെത്തി. കാസർകോട് ഭാഗത്തേക്കാണ് യുവതി യാത്ര ചെയ്തത്. പിന്നീട് കുറിപ്പ് പൊലീസ് സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയായിരുന്നു.
യുവതിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും കത്തും ചോക്ലേറ്റും വയ്ക്കാൻ എന്താണ് കാരണമെന്ന് വ്യക്തമല്ലെന്നും സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം സമ്മാനങ്ങൾ വലിയ സന്തോഷമാണ് നൽകുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
