പാരമ്പര്യ വിവരങ്ങൾ എങ്ങനെ സംഭരിക്കപ്പെടുന്നു എന്നും കോശ വിഭജന സമയത്ത് ഡിഎൻഎ എങ്ങനെ സ്വയം പകർപ്പെടുക്കുന്നു എന്നും ഈ കണ്ടെത്തൽ വെളിപ്പെടുത്തി.
ഡിഎൻഎയുടെ ഇരട്ട സർപ്പിള ഘടന (Double Helix) കണ്ടുപിടിച്ചതിലൂടെ ലോകശ്രദ്ധ നേടിയ ശാസ്ത്രജ്ഞൻ ജെയിംസ് ഡി. വാട്സൺ 97-ാം വയസ്സിൽ അന്തരിച്ചു. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സുപ്രധാനമായ ശാസ്ത്ര കണ്ടെത്തലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ നേട്ടം അദ്ദേഹം കൈവരിച്ചത് സഹശാസ്ത്രജ്ഞനായ ഫ്രാൻസിസ് ക്രിക്കിനൊപ്പമാണ്.
ഈ നിർണായക കണ്ടെത്തലിന് 1962-ൽ വാട്സണും ക്രിക്കിനും (Francis Crick) വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു. ഡിഓക്സിറൈബോ ന്യൂക്ലിക് ആസിഡ് (ഡിഎൻഎ) തന്മാത്രയുടെ ഈ പിരിയൻ ഗോവണി ഘടന(Double Helix Model), പാരമ്പര്യ വിവരങ്ങൾ എങ്ങനെ സംഭരിക്കപ്പെടുന്നു എന്നും കോശ വിഭജന സമയത്ത് ഡിഎൻഎ എങ്ങനെ സ്വയം പകർപ്പെടുക്കുന്നു എന്നും വെളിപ്പെടുത്തി.
ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുന്നതിനും, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുന്നതിനും, ഫോറൻസിക് പരിശോധനകളിലൂടെ പ്രതികളെയും മൃതദേഹങ്ങളെയും തിരിച്ചറിയുന്നതിനും, കുടുംബ വംശാവലി നിർണ്ണയിക്കുന്നതിനും ഉൾപ്പെടെ നിരവധി ശാസ്ത്ര-വൈദ്യശാസ്ത്ര മേഖലകൾക്ക് ഈ അടിസ്ഥാന കണ്ടെത്തൽ വഴി തുറന്നു. ഈ ചരിത്രപരമായ കണ്ടുപിടിത്തം നടത്തുമ്പോൾ ചിക്കാഗോ സ്വദേശിയായ വാട്സണിന് 24 വയസ്സായിരുന്നു പ്രായം.
1928 ഏപ്രിൽ 6-ന് ഇല്ലിനോയിസിലെ ചിക്കാഗോയിലാണ് ജെയിംസ് ഡ്യൂയി വാട്സൺ ജനിച്ചത്. 15-ാം വയസ്സിൽ ചിക്കാഗോ സർവകലാശാലയിൽ സ്കോളർഷിപ്പ് നേടി, 1947-ൽ സുവോളജിയിൽ ബിരുദം പൂർത്തിയാക്കി. 1950-ൽ ഇൻഡ്യാന യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടിയ ശേഷം, കോപ്പൻഹേഗൻ സർവകലാശാലയിലേക്ക് മാറിയ വാട്സൺ ഡിഎൻഎയുടെ ഘടനയെക്കുറിച്ച് ഗവേഷണം ആരംഭിച്ചു.
1951-ൽ മൗറിസ് വിൽക്കിൻസിനെ കണ്ടുമുട്ടിയതും ക്രിസ്റ്റലൈൻ ഡിഎൻഎയുടെ എക്സ്-റേ ഡിഫ്രാക്ഷൻ പാറ്റേൺ കണ്ടതുമാണ് അദ്ദേഹത്തിൻ്റെ ഗവേഷണ ജീവിതത്തിലെ വഴിത്തിരിവ്. പിന്നീട് ഫ്രാൻസിസ് ക്രിക്കുമായി പങ്കാളിത്തത്തിലായി. ലണ്ടനിലെ കിങ്സ് കോളേജിലെ റോസലിൻ ഫ്രാങ്ക്ലിൻ, വിൽക്കിൻസ് എന്നിവർ എടുത്ത എക്സ്-റേ ചിത്രങ്ങൾ ഉപയോഗിച്ചാണ് വാട്സണും ക്രിക്കും ചേർന്ന് ഡിഎൻഎയുടെ ഇരട്ട സർപ്പിള (ഡബിൾ ഹീലിക്സ്) ഘടന വിജയകരമായി അവതരിപ്പിച്ചത്. 1953 ഏപ്രിൽ-മെയ് മാസങ്ങളിൽ ബ്രിട്ടീഷ് ജേണലായ 'നേച്ചറി'ലൂടെയാണ് അവർ ഈ മാതൃക ലോകത്തിന് മുന്നിൽ പ്രസിദ്ധീകരിച്ചത്.
വാട്സൺ 15 വർഷത്തോളം ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കോൾഡ് സ്പ്രിങ് ഹാർബർ ലബോറട്ടറിയുടെ ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. 1988 മുതൽ 1992 വരെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഹ്യൂമൻ ജീനോം പ്രോജക്റ്റിന്റെ ഡയറക്ടർമാരിൽ ഒരാളായി, മനുഷ്യ ക്രോമസോമുകളിലെ ജീനുകൾ മാപ്പ് ചെയ്യുന്നതിന് അദ്ദേഹം മേൽനോട്ടം വഹിച്ചു.
ശാസ്ത്ര ലോകത്ത് ഏറെ ആദരിക്കപ്പെട്ടിരുന്നെങ്കിലും, കറുത്ത വർഗ്ഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന വാട്സന്റെ വംശീയവും അധിക്ഷേപകരവുമായ പരാമർശങ്ങൾ ആഗോള തലത്തിൽ വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ഈ പരാമർശങ്ങൾ അദ്ദേഹത്തിൻ്റെ പ്രൊഫഷണൽ ജീവിതത്തിലും തിരിച്ചടികൾക്ക് കാരണമായി.
