തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്, അനധികൃതമായി പണം കൈപ്പറ്റിയാലും നടപടി.
2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് മുഖ്യമന്ത്രി പിണറായി വിജയൻ (pinarayi vijayan) പ്രഖ്യാപിച്ച വനിതാ സുരക്ഷാ പെൻഷൻ പദ്ധതിക്ക് (kerala women pension scheme) അർഹത നേടുന്നതിനുള്ള പൊതു മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി. 1000 രൂപ പ്രതിമാസം നൽകുന്ന ഈ പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ ആഗ്രഹിക്കുന്നവർ അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷ നൽകേണ്ടത്. നിലവിലെ ക്ഷേമ പെൻഷൻ പദ്ധതികളിലൊന്നും അംഗമല്ലാത്ത, 35 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് പദ്ധതിയിൽ അവസരം ലഭിക്കുക. അനർഹമായി തുക കൈപ്പറ്റിയാൽ പലിശ സഹിതം തിരിച്ചുപിടിക്കും.
പൊതു മാനദണ്ഡങ്ങള്‍
1. അപേക്ഷകര്‍ മറ്റ് സാമൂഹ്യ ക്ഷേമ പദ്ധതികളില്‍ ഒന്നും തന്നെ ഗുണഭോക്താക്കള്‍ ആകാത്തവരും അന്ത്യോദയ അന്നയോജനയിലും [AAY - മഞ്ഞ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലും [PHH - പിങ്ക് കാര്‍ഡ്) ഉള്‍പ്പെടുന്നവരുമായ 35 നും 60 നും ഇടയില്‍ പ്രായമുള്ള ട്രാന്‍സ് വുമണ്‍ അടക്കമുള്ള സ്ത്രീകള്‍ ആയിരിക്കണം.
2. പ്രസ്തുത പ്രായപരിധി കടക്കുന്ന ദിവസം മുതല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കും.
3. സംസ്ഥാനത്തു സ്ഥിരതാമസം ഉള്ളവര്‍ക്ക് മാത്രമായിരിക്കും ആനുകൂല്യം ലഭിക്കും.
4. പദ്ധതിയുടെ പ്രതിമാസ അനുകൂല്യം 1000 രൂപ (ആയിരം രൂപ) ആയിരിക്കും.
5. വിധവാ പെന്ഷന്, അവിവാഹിത പെന്ഷന്, വികലാംഗ പെന്ഷന് മുതലായ ഏതെങ്കിലും സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍, വിവിധ തരം സര്‍വീസ് പെന്‍ഷനുകള്‍, കുടുംബ പെന്ഷന്, ക്ഷേമ നിധി ബോര്‍ഡുകളില്‍ നിന്നുള്ള കടുംബ പെന്ഷന്, ഇ.പി.എഫ് പെന്ഷന് മുതലായവ ലഭിക്കുന്നവര്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.
6. സംസ്ഥാനത്തിനകത്ത് നിന്നും താമസം മാറുകയോ, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ സര്‍വീസ്, കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, പദ്ധതികള്‍, സര്‍വ്വകലാശാലകള്‍, മറ്റ് സ്വയം ഭരണ/ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ഥിരം/കരാര്‍ നിയമനം ലഭിക്കുകയോ ചെയ്യുന്നതോട് കൂടി അനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.
7. അന്ത്യോദയ അന്നയോജന, മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ ആയി തരം മാറ്റപ്പെടുന്ന പക്ഷം പദ്ധതി ആനുകൂല്യത്തിനുള്ള അര്‍ഹത ഇല്ലാതാകും.
8. ഗുണഭോക്താവ് മരണപ്പെട്ടതിനു ശേഷമുള്ള ആനുകൂല്യത്തിന് അവകാശികള്‍ക്ക് അര്‍ഹത ഉണ്ടായിരിക്കില്ല.
9. എല്ലാ ഗൂണഭോക്താക്കളും പദ്ധതി മാനദണ്ഡങ്ങളുടെ പരിധിയില്‍ വരുന്നുണ്ടെന്ന് കാണിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു സത്യപ്രസ്താവന നല്‍കണം.
10. ഗുണഭോക്താവ് ഒരു മാസമോ അതിലധികമോ കാലം റിമാന്‍ഡ് ചെയ്യപ്പെടുകയോ ജയിലില്‍ അടക്കപ്പെടുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത കാലയളവിലെ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല.
11. പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ജനന സര്‍ട്ടിഫിക്കറ്റ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട് എന്നിവ ഉപയോഗിക്കാം. ഇവയുടെ അഭാവത്തില്‍ മാത്രം വയസ് തെളിയിക്കുന്നതിനു മറ്റ് രേഖകളൊന്നും ലഭ്യമല്ല എന്നുള്ള അപേക്ഷകരുടെ സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുള്ള രേഖയായി ഉപയോഗിക്കാം.
12. അനര്‍ഹമായി ആനുകൂല്യം കൈപ്പറ്റുന്നവരില്‍ നിന്നും ഇത്തരത്തില്‍ കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരികെ ഈടാക്കും.
13. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക മസ്റ്ററിങ് ഉണ്ടായിരിക്കും.
മാർഗനിർദ്ദേശങ്ങൾ
1. അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ മേൽ മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരായ വ്യക്തികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കേണ്ടതാണ്.
2. അപേക്ഷയോടൊപ്പം തന്നെ ഗുണഭോക്താക്കളുടെ IFSC കോഡ്, ബാങ്ക് അക്കൗണ്ട് നമ്പർ, ആധാർ വിവരങ്ങൾ എന്നിവ ശേഖരിക്കേണ്ടതാണ്.
3. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, ലഭ്യമായ അപേക്ഷകൾ പരിശോധിച്ച് അയോഗ്യരായവരെ ഒഴിവാക്കേണ്ടതും യോഗ്യരായവരുടെ ഗുണഭോക്തൃ പട്ടിക തയ്യാറാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി മുഖേന കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനിയ്ക്ക് കൈമാറേണ്ടതുമാണ്.
4. ഇൻഫർമേഷൻ കേരള മിഷൻ്റെ (IKM) ഡാറ്റാബേസിനെ കൂടി അടിസ്ഥാനമാക്കി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി ഗുണഭോക്ത പട്ടിക പൂർത്തീകരിക്കേണ്ടതാണ്.
5. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി, ഇൻഫർമേഷൻ കേരള മിഷൻ്റെയും (IKM) IT മിഷൻ്റെയും സഹായത്തോടെ "സേവന" പോർട്ടലിൽ അനുയോജ്യമായ മോഡ്യൂൾ ഉൾപ്പെടുത്തേണ്ടതാണ്.
6. അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി പദ്ധതി ആനുകൂല്യം അനുവദിക്കുന്നതാണ്.
7. സമയാസമയങ്ങളിൽ പദ്ധതി മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തുവാനുള്ള അധികാരം കേരള സർക്കാരിൽ നിക്ഷിപ്തമായിരിക്കും.
.
