ഇലക്ട്രോണിക്സ് ഭീമന്മാരും, ഫുഡ് ബ്രാൻഡുകളും, സിമന്റ് കമ്പനികളും വരെ ഈ 'അപ്പോളജി ലെറ്ററുമായി' രംഗത്തെത്തി.
"ഞങ്ങളോട് ക്ഷമിക്കണം..." ഈ വാചകത്തിൽ തുടങ്ങുന്ന പരസ്യമായി ക്ഷമ ചോദിക്കുന്ന കത്തുകളാണ് ("We are sorry" Apology Letter Trend) ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നത്. വൻകിട കമ്പനികളുടെയും ബ്രാൻഡുകളുടെയുമെല്ലാം ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിൽ അടുത്തിടെയാണ് ഇത്തരത്തിൽ ക്ഷമാപണ കത്തുകൾ(Apology Letter Trend) പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. ഇലക്ട്രോണിക്സ് ഭീമന്മാരും, ഫുഡ് ബ്രാൻഡുകളും, സിമന്റ് കമ്പനികളും വരെ ഈ 'അപ്പോളജി ലെറ്ററുമായി' രംഗത്തെത്തി.
"ഉപഭോക്താക്കൾക്കുണ്ടായ അസൗകര്യത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു..." ഇത്തരത്തിൽ തുടങ്ങുന്ന കത്ത് കാണുമ്പോൾ, കമ്പനിക്ക് എന്തോ കാര്യമായ അബദ്ധം പറ്റിയെന്ന് എല്ലാവരും കരുതും. എന്നാൽ കത്ത് മുഴുവൻ വായിക്കുമ്പോഴാണ് ട്വിസ്റ്റ് മനസ്സിലാവുക. ഇവർ മാപ്പ് ചോദിക്കുന്നത് അബദ്ധം പറ്റിയതിനല്ല, മറിച്ച് തങ്ങൾ നൽകുന്ന സേവനങ്ങൾ കൂടുതൽ നന്നായിപ്പോയതിനാണ് (Brands Apologizing for Good Quality). ഇത് ഉൽപ്പന്നത്തിന്റെ ഗുണമേന്മ പുകഴ്ത്തിക്കൊണ്ടുള്ള ഒരു മാർക്കറ്റിംഗ് തന്ത്രമാണ് (Marketing Strategy). ചുരുക്കിപ്പറഞ്ഞാൽ, ഇതൊരു 'അപ്പോളജി അഡ്വർഡൈസ്മെന്റ്' (Apology Advertisement) ആണ്.
അതേസമയം കഴിഞ്ഞ വർഷം ഫിലിപ്പീൻസിലാണ് ഈ ട്രെൻഡിന്റെ തുടക്കം. ഈ അടുത്ത കാലത്താണ് ഇത് ആഗോള ശ്രദ്ധ നേടിത്തുടങ്ങിയത്.
ട്രെൻഡിൽ പങ്കുചേർന്ന പ്രധാന ബ്രാൻഡുകളും അവരുടെ 'ക്ഷമാപണ'വും:
വിവിധ മേഖലകളിലെ പ്രമുഖ ബ്രാൻഡുകൾ ഈ ട്രെൻഡിന്റെ ഭാഗമായി.
1. അദാനി അംബുജ സിമന്റ് (Adani Ambuja Cement): തങ്ങളുടെ സിമന്റ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇപ്പോൾ ചുമരുകളിൽ ആണികൾ തറയ്ക്കാൻ പോലും സാധിക്കുന്നില്ല, അത്രയ്ക്ക് ഗുണമേന്മയുള്ള സിമന്റാണ് തങ്ങളുടേതെന്നാണ് കമ്പനി ക്ഷമാപണ കത്തിൽ പങ്കുവെച്ചത്.
2. ഷെഫ് രൺവീർ ബ്രാർ (Chef Ranveer Brar): തങ്ങളുടെ റിസിപ്പികൾ അത്രയ്ക്ക് സ്വാദിഷ്ടമായതിനാൽ ആളുകൾക്ക് അവരുടെ പാചകരീതികൾ മാറ്റേണ്ടി വരുന്നു. അതിന് ക്ഷമ ചോദിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു.
3. സ്കോഡ (Skoda): അവരുടെ കാറുകൾക്ക് അമിതമായി ഗുണമേന്മ നൽകിയതിന് ക്ഷമ ചോദിച്ചു.
4. റിലയൻസ് ഡിജിറ്റൽ (Reliance Digital): തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് നൽകുന്ന ജിഎസ്ടി കുറച്ചുള്ള വിലകൾ കാരണം ഉപഭോക്താക്കൾക്ക് മറ്റ് കടകളിൽ പോയി വില വീണ്ടും ഉറപ്പിക്കേണ്ടി വരുന്നു, അതിന് ക്ഷമ ചോദിക്കുന്നുവെന്ന് അവർ പോസ്റ്റ് ചെയ്തു.
5. ഹാൽദിറാംസ് (Haldiram's): തങ്ങളുടെ ലഘുഭക്ഷണങ്ങൾ വളരെ രുചികരമായതിനും (Too Tasty) ആളുകൾ അത് വീണ്ടും വീണ്ടും വാങ്ങുന്നതിനും അവർ മാപ്പ് ചോദിച്ചു.
6. കെവെന്റേഴ്സ് (Keventers): തങ്ങളുടെ ഷേക്കുകൾ ആളുകൾക്ക് കൂടുതൽ അഡിക്ഷൻ (Addiction) ഉണ്ടാക്കുന്നതിൽ ക്ഷമ ചോദിക്കുന്നുവെന്ന് പോസ്റ്റ് ചെയ്തു.
7. ഫോക്സ്വാഗൺ ഡൗൺടൌൺ മുംബൈ (Volkswagen Downtown Mumbai): തങ്ങളുടെ കാറുകൾ കാരണം മറ്റുള്ള സാധാരണ കാറുകളിൽ യാത്ര ചെയ്യുന്നത് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടായി തോന്നുന്നതിൽ ക്ഷമ ചോദിച്ചു.
ട്രെൻഡിന് നല്ല പ്രചാരം ലഭിച്ചെങ്കിലും ഇതിനെ വിമർശിക്കുന്നവരുമുണ്ട്. ഗുണമേന്മയെ പുകഴ്ത്തിക്കൊണ്ടുള്ള ഈ പോസ്റ്റുകൾക്ക് താഴെ ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാരം വളരെ കുറവാണെന്ന് പറയുന്ന ഉപഭോക്താക്കളും നിരവധിയാണ്. അർഥശൂന്യമായ ഈ ക്ഷമാപണം കാണിക്കുന്നത് ബ്രാൻഡുകളുടെ ഉത്തരവാദിത്തമില്ലായ്മ ആണെന്നാണ് ചില സോഷ്യൽ മീഡിയ (social media customer) ഉപഭോക്താക്കൾ പറയുന്നത്. എന്തായാലും ഈ ട്രെൻഡ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
(പ്രതീകാത്മക ചിത്രം. എ ഐ നിർമ്മിതം)
