പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടികൾ കൃത്യതയോടെയും സമാധാനപരമായും നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ്.
തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് കടന്നിരിക്കുകയാണ് കേരളം, മാസങ്ങൾ കഴിയുമ്പോൾ നിയമസഭ ഇലക്ഷനും വരും. തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതിനുശേഷം അതിനോട് ചേർത്ത് പറയുന്ന കാര്യമാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചാട്ടം(Model Code of Conduct - MCC), അതിൻറെ ചരിത്രം എന്താണ് എന്നതിനെക്കുറിച്ച് വായിക്കാം.
തെരഞ്ഞെടുപ്പിൽ (Election) മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും പ്രസ്തുത പ്രക്രിയയെ സമ്മതിച്ച് അംഗീകരിച്ചിട്ടുള്ള വ്യവസ്ഥാപിതമായ നിയമങ്ങളാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അഥവാ മാതൃകാ പെരുമാറ്റച്ചട്ടം എന്ന് അറിയപ്പെടുന്നത്. അതായത് പ്രചാരണം, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ തെരഞ്ഞെടുപ്പ് നടപടികൾ കൃത്യതയോടെയും സമാധാനപരമായും നടക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ഈ ചട്ടങ്ങളുടെ ലക്ഷ്യം. ഭരണകക്ഷി, സംസ്ഥാന ഭരണസംവിധാനങ്ങളോ പൊതുഫണ്ടുകളോ ദുരുപയോഗം ചെയ്യുന്നത് ഇത് വഴി തടയാനാകും. അതേസമയം ഈ ചട്ടങ്ങൾ നിലവിൽ വന്നത് പ്രത്യേക നിയമനിർമ്മാണം വഴിയല്ല എന്ന വസ്തുത കൗതുകകരമാണ്.
പെരുമാറ്റ / മാതൃക ചട്ടത്തിന്റെ ചരിത്രം
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ചരിത്രം തുടങ്ങുന്നത് കേരളത്തിൽ (kerala) നിന്നാണ് . അതിന് കാരണമായത് കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ അധികാരത്തിലെത്തിയ ആദ്യ മന്ത്രിസഭയെ (കമ്മ്യൂണിസ്റ്റ്) പിരിച്ചുവിട്ടതിലൂടെ തുടർന്ന് ഉണ്ടായ സംഭവ വികാസങ്ങളും ആണ്. അതായത് 1959 ജൂലൈ 31-ന് ഇ.എം.എസ്. സർക്കാരിനെ (E.M.S. Namboodiripad Government) പിരിച്ചുവിടുകയും ഗവർണർ ഭരണത്തിന് കീഴിലാവുകയും ചെയ്തു. ഇതിന് ശേഷം 1960 ഫെബ്രുവരി 1-ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് അന്നത്തെ അഡ്മിനിസ്ട്രേഷൻ എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ഒരു പെരുമാറ്റച്ചട്ടം രൂപപ്പെടുത്താൻ ശ്രമിച്ചത്. എട്ട് വർഷങ്ങൾക്ക് ശേഷം, 1968 സെപ്തംബർ 26-നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ (central election commission) ആദ്യത്തെ പെരുമാറ്റച്ചട്ടം അല്ലെങ്കിൽ 'മോഡൽ കോഡ് ഓഫ് കണ്ടക്ട്' എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. 1968–69 കാലയളവിലെ ഇടക്കാല തെരഞ്ഞെടുപ്പുകളിലാണ് ആദ്യമായി ഈ മോഡൽ ഓഫ് കണ്ടക്ട് നടപ്പിലാക്കി തുടങ്ങിയത്. 1979, 1982, 1991, 2013 എന്നീ വർഷങ്ങളിലായി ഈ പെരുമാറ്റ ചട്ടം പരിഷ്കരിക്കപ്പെട്ടു. ഭരണഘടനയുടെ 'ആർട്ടിക്കിൾ 324' നൽകുന്ന അധികാരം ഉപയോഗിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും, എല്ലാ പാർട്ടികളിലെ സ്ഥാനാർത്ഥികളെയും നിരീക്ഷിക്കാനുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുപ്പ് കമ്മീഷനുണ്ട്.
പൊതുചട്ടം
തെരഞ്ഞെടുപ്പ് കാലയളവിൽ മറ്റ് രാഷ്ട്രീയ കക്ഷികളെയും സ്ഥാനാർത്ഥികളെയും അവരുടെ നയങ്ങളെയും പ്രവർത്തനങ്ങളെയും വിമർശിക്കാൻ അനുവാദമുണ്ടെങ്കിലും, അത് അതിരു കടന്നാൽ സംസ്ഥാന / കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുകൾ (state or central election commission) ഇടപെടുകയും നടപടി എടുക്കുകയും ചെയ്യും. തെരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിനായി വർഗീയമോ, ജാതിപരമോ ആയ വികാരങ്ങൾ ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പാടില്ല. വോട്ട് കിട്ടുന്നതിനുവേണ്ടി പണം നൽകി വോട്ടർമാരെ (voter) സ്വാധീനിക്കുന്നതും, കൃത്യമായ വിവരങ്ങളില്ലാതെ വിമർശനങ്ങൾ ഉന്നയിക്കുന്നതും അനുവദനീയമല്ല.വിമര്ശിക്കാനോ അനുവദിക്കുന്നതല്ല. വീടുകള്ക്ക് പുറത്ത് പ്രതിഷേധത്തിന്റെ ഭാഗമായി പിക്കറ്റിംഗ്, പ്രകടനം എന്നിവ നടത്തിയാല് നടപടി സ്വീകരിക്കും.
മാതൃകാ പെരുമാറ്റ ചട്ടലംഘനങ്ങൾ സ്ഥാനാർത്ഥികൾക്കോ രാഷ്ട്രീയ പാർട്ടികൾക്കോ (candidates or political parties) നിരീക്ഷകനേയും ഡിഇഒ, ആർ ഒ എന്നിവരെയോ അറിയിക്കാവുന്നതാണ്. അധികാരത്തിലുള്ള പാർട്ടിയെ സംബന്ധിച്ചിടത്തോളം, മന്ത്രിമാർ ഔദ്യോഗിക സന്ദർശനങ്ങളെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തുന്നതിനോ, ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല എന്നും ചട്ടം പറയുന്നു. കൂടാതെ പൊതു ഖജനാവിന്റെ ചെലവിൽ പരസ്യങ്ങൾ പാടില്ല,സാമ്പത്തിക സഹായം, പദ്ധതികളെക്കുറിച്ചുള്ള വാഗ്ദാനം, പുതിയ പദ്ധതികൾക്ക് തറക്കല്ലിടൽ എന്നിവയും അനുവദനീയമല്ല. പൊതു ഇടങ്ങളും റസ്റ്റ് ഹൗസുകളും ഭരണകക്ഷികൾക്ക് (അത് ഒരു മുന്നണി അല്ലെങ്കിൽ ഒരു പാർട്ടി ആകാം) മാത്രമാകാതെ എല്ലാ പാർട്ടികൾക്കും തുല്യമായ പ്രവേശനം അനുവദിക്കണം.
പൊതു യോഗങ്ങൾ
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഷ്ട്രീയ പാർട്ടികൾ പൊതുയോഗങ്ങളോ റാലികളോ സംഘടിപ്പിക്കുന്നതിന് മുൻപ് നിർബന്ധമായും പ്രാദേശിക പോലീസിനെ (local police) അറിയിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. കാരണം റാലികളുടെ സുരക്ഷാ ചുമതല അതത് ലോക്കൽ പോലീസ് ഉദ്യോഗസ്ഥർക്കായിരിക്കും.
ഘോഷയാത്രകൾ
എതിരാളികളുടെ കോലങ്ങൾ ഉണ്ടാക്കുന്നതിനോ, അവ കത്തിക്കുന്നതിനോ അനുവാദമില്ല. ഒരേ റൂട്ടിൽ രണ്ട് എതിർ പാർട്ടിക്കാർ റാലി നടത്താൻ തീരുമാനിച്ചാൽ, അവർ പരസ്പരം മുഖാമുഖം വരാത്ത രീതിയിൽ വേണം ഘോഷയാത്രകൾ നടത്താൻ.
പോളിങ് ദിവസം
പോളിങ് ദിവസം (polling day) പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന വ്യക്തികൾ പോളിങ് ബൂത്തിനകത്ത് പാർട്ടിയുടെ പേരോ ചിഹ്നമോ ഉൾപ്പെടുന്ന ബാഡ്ജ് നിർബന്ധമായും ധരിക്കണം.
പോളിങ് ബൂത്തുകൾ
വോട്ടർമാർക്ക് പുറമെ, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള വ്യക്തികൾക്ക് മാത്രമേ പോളിങ് ബൂത്തിൽ പ്രവേശനം അനുവദിക്കൂ. പോളിങ് ബൂത്തിന്റെ നൂറ് മീറ്റർ പരിധിക്കുള്ളിൽ ഒരു തരത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങളോ വോട്ട് നേടാനുള്ള സംവിധാനങ്ങളോ ഉണ്ടാകാൻ പാടില്ല.
തെരഞ്ഞെടുപ്പ് നിരീക്ഷകർ
തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ, അതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ നിരീക്ഷകരെ സമീപിക്കാവുന്നതാണ്.
ചട്ടം ലംഘിച്ചാൽ
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കപ്പെട്ടാൽ, കമ്മീഷൻ രാഷ്ട്രീയ പ്രവർത്തകർക്കും പാർട്ടികൾക്കും നോട്ടീസ് അയക്കും. നോട്ടീസ് ലഭിച്ച ഉടനെ അവർ മറുപടി നൽകേണ്ടതാണ്. കുറ്റം സമ്മതിച്ചാൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് രേഖാമൂലമുള്ള ശാസന ലഭിക്കും. ഗുരുതരമായ നിയമലംഘനങ്ങളാണ് നടന്നതെങ്കിൽ, കമ്മീഷന് ഐ.പി.സി (ഇന്ത്യൻ പീനൽ കോഡ്) പ്രകാരമോ ഇൻകം ടാക്സ് ആക്ട് അനുബന്ധമാക്കിയോ കേസെടുക്കാൻ അധികാരമുണ്ട്. വർഗീയ വികാരം വളർത്തി വോട്ട് നേടാൻ ശ്രമിക്കുക, പണം നൽകി വോട്ട് ഉറപ്പിക്കുക തുടങ്ങിയ വിഷയങ്ങളിൽ കമ്മീഷൻ കർശനമായ നിലപാടാണ് എടുക്കാറ്. തെരഞ്ഞെടുപ്പ് സമയത്ത് പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് പൊതുവെ പാർട്ടികൾക്ക് തന്നെയാണ് ദോഷകരമാകുന്നത്. ഇത് എതിർ പാർട്ടിക്കാർ ജനങ്ങൾക്കിടയിൽ പാർട്ടിയെയും സ്ഥാനാർത്ഥിയെയും മോശമായി ചിത്രീകരിക്കാൻ ഉപയോഗിക്കുമെന്നതിനാൽ, എല്ലാ പാർട്ടികളും സ്ഥാനാർത്ഥികളും കമ്മീഷന്റെ ചട്ടങ്ങളെ അതീവ ശ്രദ്ധയോടെയാണ് സമീപിക്കാറുള്ളത്.
