സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു എന്നാൽ വിശപ്പിനെ വിളിച്ചുവരുത്തിക്കൊണ്ട് ഫീഡിൽ നിറയുന്ന ഹ്രസ്വ ഭക്ഷണ വീഡിയോകൾ മാനസിക നിലയെ ബാധിക്കും.
പഴയ കാലമല്ല, എന്തിനും ഏതിനും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് (Instagram, YouTube and other social media) തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒരു അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, നട്ടപ്പാതിരയ്ക്കും വിശപ്പിനെ വിളിച്ചുവരുത്തിക്കൊണ്ട് ഫീഡിൽ നിറയുന്ന (മലയാളികളുടെ കാഴ്ച അനുഭവം വെച്ച് നോക്കുകയാണെങ്കിൽ) മൊരിഞ്ഞ പൊറോട്ടയുടെയും, ബീഫ് കറിയുടെയും, ബിരിയാണിയുടെയും, മനം മയക്കുന്ന കേക്കുകളുടെയും ഫുഡ് റീലുകൾ (food reels ) കേവലം കാഴ്ചാവിരുന്നുകളല്ല, മറിച്ച് നമ്മുടെ മാനസികനിലയെയും ഭക്ഷണശീലങ്ങളെയും ദോഷകരമായി സ്വാധീനിക്കുന്ന ഒരു 'നിശബ്ദ കൊലയാളി' ആകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കാരണം കണ്ണുകൊണ്ട് കണ്ടാലും അത് ആസ്വദിക്കുന്നത് മനസ്സുകൊണ്ട് കൂടിയാണല്ലോ?
പുതിയ പഠനങ്ങൾ പറയുന്നത് ഈ വീഡിയോകൾ എത്ര നേരം വേണമെങ്കിലും കണ്ടിരിക്കാൻ നമുക്ക് തോന്നാറുണ്ട്. എന്നാൽ, ജങ്ക് ഫുഡ് സംബന്ധിയായ ഈ ഉള്ളടക്കങ്ങൾ കാണുന്നത് ഭക്ഷണത്തോടുള്ള നമ്മുടെ ആസക്തിയെ വർദ്ധിപ്പിക്കുകയും ഒടുവിൽ മാനസികാരോഗ്യത്തെ (mental health effects) പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നാണ്.
🧠 ഡോപാമിൻ പ്രതികരണവും ആസക്തിയും:
കേവലം കണ്ണുകൾക്ക് ലഭിക്കുന്ന സന്തോഷം മാത്രമല്ല , ഭക്ഷണ വീഡിയോകളോടുള്ള നമ്മുടെ ആകർഷണം മറിച്ച് ഇതിന് പിന്നിൽ ശക്തമായ ഒരു ജൈവശാസ്ത്രപരമായ വിഷയം കൂടിയുണ്ട്. യേൽ സ്കൂൾ ഓഫ് മെഡിസിനിലെ ഇന്റേണൽ മെഡിസിൻ പ്രൊഫസറായ ഡോ. മിറെയിൽ സെർലി (Dr. Mireille Serlie) അഭിപ്രായപ്പെടുന്നത്, ഭക്ഷണത്തിന്റെ ദൃശ്യ സൂചനകൾ തലച്ചോറിലെ പ്രതിഫലന മേഖലകളിൽ (Reward Areas in the Brain) ഒരു ശക്തമായ ഡോപാമിൻ പ്രതികരണം ഉണ്ടാക്കുന്നു എന്നാണ്.
കൊഴുപ്പും പഞ്ചസാരയും ഉപ്പും കൂടുതലുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങൾ കാണുമ്പോൾ ഈ ഡോപാമിൻ പ്രതികരണം (dopamine response) കൂടുതൽ ശക്തമാവുകയും തലച്ചോറിൽ കൂടുതൽ പ്രവർത്തനം നടക്കുകയും ചെയ്യുന്നു. ഡോപാമിൻ എന്നത് 'സന്തോഷം നൽകുന്ന ഹോർമോൺ' ആണ്. ഒരു ബാഗ് ചിപ്സിന്റെ ചിത്രം സോഷ്യൽ മീഡിയ ഫീഡിൽ കാണുമ്പോൾ, ചിപ്സ് കഴിക്കുന്നതിലൂടെ ലഭിക്കുന്ന സന്തോഷം തലച്ചോർ ഓർത്തെടുക്കുകയും ആ ചിപ്സിനോടുള്ള ആസക്തി വർദ്ധിപ്പിക്കാൻ ഇത് കാരണമാവുകയും ചെയ്യുന്നു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ജങ്ക് ഫുഡ് ഉള്ളടക്കങ്ങൾ ഈ ഡോപാമിൻ സംവിധാനത്തെ സജീവമാക്കുകയും അതോടൊപ്പം താൽക്കാലിക സന്തോഷം നൽകുകയും ചെയ്യുന്നതിലൂടെ ഉപ്പിട്ടതോ കൊഴുപ്പുള്ളതോ പഞ്ചസാരയേറിയതോ ആയ ഭക്ഷണങ്ങളോടുള്ള ആസക്തി (junk food addiction) വർദ്ധിപ്പിക്കാൻ ഇത് കാരണമാകുന്നു.
😰 മാനസികാരോഗ്യത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ
ജങ്ക് ഫുഡ് ഉള്ളടക്കങ്ങൾ കാണുന്നതുമായി ബന്ധപ്പെട്ട മാനസിക പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണ്. ആപ്പിറ്റൈറ്റ് (Appetite) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് പ്രകാരം, ഇൻസ്റ്റാഗ്രാമിലെ ജങ്ക് ഫുഡ് ഉള്ളടക്കം യുവാക്കളിൽ താഴെ പറയുന്ന പ്രതികൂല വികാരങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകുന്നു:
സമ്മർദ്ദം (Stress)
വിഷാദം (Depression)
ക്ഷീണം (Exhaustion)
വിശപ്പ് (Increased Appetite)
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ അനാരോഗ്യകരമായ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയയിൽ ആവർത്തിച്ച് കാണുന്നത് ദോഷകരമായ മാനസിക ഫലങ്ങൾ (Negative Psychological Consequences) ഉണ്ടാക്കിയേക്കാം. 'വാട്ട് ഐ ഈറ്റ് ഇൻ എ ഡേ' പോലുള്ള ഭക്ഷണ വീഡിയോകൾ ചിലരിൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം വർദ്ധിപ്പിക്കുകയും തന്മൂലം വിശപ്പില്ലാത്ത സമയത്ത് പോലും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യാം. ഇത് ക്രമേണ തെറ്റായ ഭക്ഷണ ശീലങ്ങളിലേക്കും ഭാരം കൂടുന്നതിലേക്കും നയിച്ചേക്കാം.
💰 വിപണന തന്ത്രങ്ങൾ
നമ്മൾ അറിയാതെ സ്വാധീനിക്കപ്പെടുന്ന ഭക്ഷ്യ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള വിവിധ വ്യവസായങ്ങൾ സോഷ്യൽ മീഡിയയിലെ പരസ്യങ്ങൾ വലിയ തോതിൽ വർദ്ധിപ്പിച്ചിട്ടുണ്ട്, അതാണ് മുൻപ് സൂചിപ്പിച്ച 'വാട്ട് ഐ ഈറ്റ് ഇൻ എ ഡേ' പോലുള്ള ഭക്ഷണ വീഡിയോകൾ (What I Eat in a Day). ഈ പരസ്യങ്ങൾ കേവലം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. ഉപഭോക്താക്കളുടെ തീരുമാനമെടുക്കലിലും ഭക്ഷണ തിരഞ്ഞെടുപ്പുകളിലും സ്വാധീനം ചെലുത്താൻ മനഃശാസ്ത്രപരമായ വിപണന തന്ത്രങ്ങൾ (Psychology-based Marketing Techniques) അവർ ഉപയോഗിക്കുന്നുണ്ടെന്ന് ഡോ. നിക്കോൾ അവെന (Dr. Nicole Avena) കൂട്ടിച്ചേർത്തു. ഈ കച്ചവട തന്ത്രങ്ങൾ സ്വാഭാവികമായും നമ്മുടെ ഭക്ഷണത്തോടുള്ള പ്രത്യേകിച്ച് എന്തു തരം ഭക്ഷണം കഴിക്കണമെന്ന് താല്പര്യമുള്ളവരുടെ ആസക്തികളെ ചൂഷണം ചെയ്യുകയും അനാരോഗ്യകരമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ പൂർണ്ണമായി എന്നല്ല ഒരു പരിധി വരെയെങ്കിലും പ്രേരിപ്പിക്കുകയും ചെയ്യുന്നു.
✅ പ്രതിവിധി
നമ്മുടെ മാനസികാരോഗ്യവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും നിലനിർത്താൻ ഡിജിറ്റൽ യുഗത്തിലെ സമൂഹമാധ്യമ ലോകത്ത് ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. വിദഗ്ദ്ധർ നൽകുന്ന പ്രധാന ശുപാർശകൾ ഇതാ:
സോഷ്യൽ മീഡിയ സമയം പരിമിതപ്പെടുത്തുക:
മാനസികാരോഗ്യം നിലനിർത്താൻ, സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്ന സമയം നിയന്ത്രിക്കുന്നത് ഉചിതമാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ഇത്തരം വീഡിയോകൾ കാണുന്നത് ഒഴിവാക്കുക.
പോസിറ്റീവ് ഉള്ളടക്കങ്ങളെ പിന്തുടരുക:
ഇൻസ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ, ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്ന പോസിറ്റീവായ ഉള്ളടക്കങ്ങൾ നൽകുന്ന അക്കൗണ്ടുകൾ മാത്രം പിന്തുടരുക.
വിശ്വസ്തമായ സ്രോതസ്സുകൾ:
പോഷകാഹാര രംഗത്തെ ഉള്ളടക്കങ്ങൾക്കായി, രജിസ്റ്റർ ചെയ്ത ഡയറ്റീഷ്യൻമാർ (Registered Dietitians - RDs), പോഷകാഹാര ശുപാർശകൾക്ക് പിന്നിലെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് സമഗ്രമായ അറിവുള്ള വിദഗ്ധർ എന്നിവർ നൽകുന്ന ഉള്ളടക്കങ്ങൾ തിരഞ്ഞെടുക്കുന്നത് ഉചിതമാണ്.
അൽഗോരിതങ്ങളെ നിയന്ത്രിക്കുക:
സോഷ്യൽ മീഡിയ സൈറ്റുകൾ കുക്കികളും അൽഗോരിതങ്ങളും ഉപയോഗിച്ച് നമ്മൾ കാണാൻ സാധ്യതയുള്ള ഉള്ളടക്കങ്ങൾ കൂടുതൽ നൽകുന്നു. ഇത് തടയാൻ നിങ്ങളുടെ പ്രൊഫൈലിലെ കുക്കികളോ ശുപാർശ ചെയ്യുന്ന ഫംഗ്ഷനുകളോ (Recommended Functions) ഓഫാക്കാവുന്നതാണ്. ഇത് വഴി അനാവശ്യമായ ഫുഡ് റീലുകൾ നിങ്ങളുടെ ഫീഡിൽ വരുന്നത് ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും.
കാര്യം എന്തൊക്കെ തന്നെയാണെങ്കിലും എന്ത് കാണണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയും സ്വന്തമായി തീരുമാനിക്കേണ്ടതാണ്. അതായത് നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ് എന്ന ബോധ്യത്തോടെ സോഷ്യൽ മീഡിയയിലെ കാഴ്ചകൾ യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തി, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാൻ ശ്രമിക്കുക.
