ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതികവിദ്യകളും പരീക്ഷിക്കുക എന്നതാണ് പ്രധാന ഉദ്ദേശം.
Image credit : X / NASA
അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം ചന്ദ്രന്റെ അടുക്കലേക്ക് മനുഷ്യനെ വീണ്ടും എത്തിക്കാനുള്ള നാസയുടെ നിർണ്ണായകമായ 'ആർട്ടെമിസ് 2' (Artemis II) ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി, കൗണ്ട് ഡൗൺ ആരംഭിച്ചു. ഏപ്രിൽ ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ഈ ദൗത്യം, ഭാവിയിലെ ചൊവ്വാ യാത്രകൾക്കും ചന്ദ്രനിലെ മനുഷ്യന്റെ സ്ഥിരസാന്നിധ്യത്തിനും അടിത്തറ ഒരുക്കുന്നതിനായുള്ള വലിയൊരു ചുവടുവെപ്പാണ്(NASA is set to launch the historic Artemis II mission on April 1).
1972-ൽ നടന്ന അവസാനത്തെ അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യരെ വഹിച്ചുകൊണ്ടുള്ള നാസയുടെ ആദ്യത്തെ പരീക്ഷണ പറക്കലാണിത്(NASA Artemis Mission). കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39B-യിൽ നിന്ന് നാസയുടെ ഏറ്റവും കരുത്തുറ്റ 'സ്പേസ് ലോഞ്ച് സിസ്റ്റം' (Space Launch System -SLS) റോക്കറ്റിലായിരിക്കും പേടകം കുതിച്ചുയരുക. ഏപ്രിൽ 2-ന് ഇന്ത്യൻ സമയം പുലർച്ചെ 3:24-ന് ആരംഭിക്കുന്ന രണ്ട് മണിക്കൂർ നീളുന്ന ലോഞ്ച് വിൻഡോയാണ് ഇതിനായി മാറ്റിയിരിക്കുന്നത്. കാലാവസ്ഥാ വെല്ലുവിളികളോ സാങ്കേതിക തടസ്സങ്ങളോ ഉണ്ടായാൽ വിക്ഷേപണം ഏപ്രിൽ 6 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
പത്ത് ദിവസം നീളുന്ന ഈ ദൗത്യത്തിൽ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ഉപഗ്രഹത്തെ വലംവെച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. എസ്.എൽ.എസ് (SLS) റോക്കറ്റും ഓറിയോൺ (Orion) പേടകവും ഒന്നിച്ച് ഉപയോഗിക്കുന്ന ആദ്യത്തെ മനുഷ്യയാത്രാ ദൗത്യമാണിത്. ഭാവിയിൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും സാങ്കേതികവിദ്യകളും നേരിട്ട് പരീക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രധാന ഉദ്ദേശം.
നാല് ബഹിരാകാശ സഞ്ചാരികളാണ് ഈ ചരിത്ര ദൗത്യത്തിന് നേതൃത്വം നൽകുന്നത് (Artemis 2 Crew). റീഡ് വൈസ്മാൻ കമാൻഡറായും വിക്ടർ ഗ്ലോവർ പൈലറ്റായും ദൗത്യത്തിന്റെ ഭാഗമാകും. മിഷൻ സ്പെഷ്യലിസ്റ്റുകളായി ക്രിസ്റ്റീന കോച്ചും ജെറമി ഹാൻസനും സംഘത്തിലുണ്ട്. ഈ യാത്രയിലൂടെ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്ന ആദ്യ വനിതയായി കോച്ച് മാറും. ചന്ദ്രദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തി എന്ന നേട്ടം ഹാൻസനും സ്വന്തമാക്കും. ഇതൊരു 'ഫ്ളൈബൈ' ദൗത്യമായതിനാൽ സഞ്ചാരികൾ ആരും ചന്ദ്രോപരിതലത്തിൽ കാലുകുത്തില്ല.
യാത്രയ്ക്ക് മുന്നോടിയായി നാല് സഞ്ചാരികളും ഇപ്പോൾ കർശനമായ ആരോഗ്യ നിരീക്ഷണത്തിലും ക്വാറന്റൈനിലുമാണ്. ശാരീരികക്ഷമത നിലനിർത്താനായി പ്രത്യേക ഭക്ഷണക്രമവും അവർ പിന്തുടരുന്നുണ്ട്. കൃത്യമായ പ്ലാനിംഗിലൂടെ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ.
അമേരിക്കൻ സമയം (EDT) അനുസരിച്ച് ഏപ്രിൽ 1 ബുധനാഴ്ച വൈകുന്നേരം 6:24-നാണ് വിക്ഷേപണം നിശ്ചയിച്ചിരിക്കുന്നത്. സമയമേഖലകളിലെ വ്യത്യാസം കാരണം ഇന്ത്യയിൽ ഇത് ഏപ്രിൽ 2 പുലർച്ചെയായിരിക്കും അനുഭവപ്പെടുക.Estimated Departure Time (EDT) പ്രകാരം കണക്കാക്കിയാൽ ഇന്ത്യൻ സമയത്തെ അപേക്ഷിച്ച് ഒമ്പതര മണിക്കൂർ കഴിഞ്ഞാണ് അമേരിക്കൻ സമയം അനുസരിച്ചുള്ള യാത്ര, അതുകൊണ്ടാണ് ഏപ്രിൽ രണ്ടിന് പുലർച്ചെ വിക്ഷേപണ സമയം വരുന്നത്. നിലവിൽ 80 ശതമാനത്തോളം അനുകൂലമായ കാലാവസ്ഥയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ളവർക്കായി വിക്ഷേപണത്തിന്റെ തത്സമയ സംപ്രേക്ഷണം നാസ ഒരുക്കിയിട്ടുണ്ട്.
വിക്ഷേപണത്തിന് മുന്നോടിയായി റോക്കറ്റിൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ (Tanking operations) ഏപ്രിൽ 1 ഇന്ത്യൻ സമയം വൈകുന്നേരം 5:15 മുതൽ നാസയുടെ യൂട്യൂബ് ചാനലിൽ കാണാവുന്നതാണ്. വിക്ഷേപണത്തിന്റെ പൂർണ്ണമായ കവറേജ് അമേരിക്കൻ സമയം ഉച്ചയ്ക്ക് 12:50 മുതൽ ആരംഭിക്കും. പരസ്യങ്ങളില്ലാതെ നാസ പ്ലസ്, നാസ ടിവി എന്നീ പ്ലാറ്റ്ഫോമുകളിലും യൂട്യൂബിലും ഈ ദൃശ്യങ്ങൾ തത്സമയം ലഭ്യമാകും.
പത്ത് ദിവസത്തെ യാത്രയ്ക്കിടയിൽ ആദ്യ 24 മണിക്കൂറിൽ തന്നെ സഞ്ചാരികൾ മാന്വൽ പൈലറ്റിങ് സംവിധാനങ്ങളും പുതിയ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യകളും പരീക്ഷിക്കും. തുടർന്ന് ബഹിരാകാശത്തെ റേഡിയേഷൻ മനുഷ്യശരീരത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള മെഡിക്കൽ പഠനങ്ങൾക്ക് അവർ വിധേയരാകും. ഭൂമിയിൽ നിന്ന് 400171.43 കിമി ദൂരമാണ് അവർ സഞ്ചരിക്കുക. ആകെ 1102400.64 കിമീ ദൂരം പിന്നിട്ട ശേഷം ഏപ്രിൽ പത്തോടെ പേടകം പസഫിക് സമുദ്രത്തിൽ വന്നിറങ്ങും.
ഈ ദൗത്യത്തിൽ സഞ്ചാരികൾക്ക് പുറമെ ലോകമെമ്പാടുമുള്ള 56 ലക്ഷത്തിലധികം (5.6 മില്യൺ) ആളുകളുടെ പേരുകൾ അടങ്ങിയ ഒരു ഡിജിറ്റൽ ആർക്കൈവും പേടകത്തിലുണ്ടാകും. നാസയുടെ "സെൻഡ് യുവർ നെയിം ടു ദി മൂൺ" എന്ന പദ്ധതിയിലൂടെ ശേഖരിച്ചതാണിത്. ബഹിരാകാശ പര്യവേക്ഷണത്തിൽ ലോകത്തെ സാധാരണ ജനങ്ങളെ കൂടി ഭാഗമാക്കുക എന്ന വലിയ സന്ദേശമാണ് ഇതിലൂടെ നാസ നൽകുന്നത്.
More read Artemis II : മനുഷ്യൻ വീണ്ടും ചന്ദ്രന്റെ അടുത്തേക്ക്, വിക്ഷേപണം ഏപ്രിലിൽ
