ഒരാൾക്ക് പണയം വെക്കാവുന്ന സ്വർണ്ണത്തിന്റെ പരമാവധി പരിധി നിശ്ചയിച്ചിട്ടുണ്ട്.
റിസർവ് ബാങ്കിന്റെ സ്വർണ്ണപ്പണയ വായ്പയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരികയാണ്. ബാങ്കുകൾക്കും എൻ.ബി.എഫ്.സി (NBFC) കൾക്കും ഒരുപോലെ ബാധകമായ ഈ നിയമങ്ങൾ സ്വർണ്ണപ്പണയ ഇടപാടുകളിൽ കൂടുതൽ വ്യക്തതയും സുതാര്യതയും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. വായ്പാ തുക നിശ്ചയിക്കുന്ന രീതിയിലും ലേല നടപടികളിലും കാതലായ മാറ്റങ്ങളാണ് ആർ.ബി.ഐ കൊണ്ടുവന്നിരിക്കുന്നത് (RBI Gold Loan Guidelines). പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ധനകാര്യ സ്ഥാപനങ്ങൾ സാവകാശം തേടിയിട്ടുണ്ടെങ്കിലും പലിശ നിരക്കുകളിലോ സമയപരിധിയിലോ ഇളവ് നൽകാൻ റിസർവ് ബാങ്ക് ഇതുവരെ തയ്യാറായിട്ടില്ല.
വായ്പയായി ലഭിക്കുന്ന തുകയുടെ കാര്യത്തിൽ സ്വർണ്ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള പുതിയ സ്ലാബുകൾ നിലവിൽ വന്നു. 2.5 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് സ്വർണ്ണവിലയുടെ 85% വരെ തുക ലഭിക്കുമെന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്. എന്നാൽ വലിയ തുകയുടെ വായ്പകൾക്ക് ഈ അനുപാതം കുറയും; അതായത് 2.5 ലക്ഷം മുതൽ 5 ലക്ഷം വരെയുള്ളവയ്ക്ക് 80 ശതമാനവും, 5 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് സ്വർണ്ണവിലയുടെ 75 ശതമാനവും മാത്രമേ വായ്പ ലഭിക്കൂ. വായ്പാ കാലാവധി അവസാനിക്കുമ്പോഴുള്ള പലിശ കൂടി സ്വർണ്ണത്തിന്റെ മൂല്യത്തിൽ നിന്ന് കുറയ്ക്കുന്നതിനാൽ ഉപഭോക്താവിന് കയ്യിൽ കിട്ടുന്ന തുകയിൽ നേരിയ കുറവുണ്ടായേക്കാം.
ചെറിയ തുകയുടെ വായ്പകൾക്ക് കർശനമായ ക്രെഡിറ്റ് പരിശോധനകൾ (Credit Appraisal) ഒഴിവാക്കിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കുടിശികയില്ലാത്ത വായ്പകൾ പലിശയടച്ച് പുതുക്കുന്നതിനും, അടിയന്തര ആവശ്യങ്ങൾക്കായി എടുക്കുന്ന 12 മാസത്തെ 'ബുള്ളറ്റ് റീപേയ്മെന്റ്'(പലിശയും മുതലും കാലാവധിക്ക് ശേഷം അടയ്ക്കുന്ന രീതി) വായ്പകൾ തുടരുന്നതിനും തടസ്സമില്ല. എന്നാൽ സ്വർണ്ണക്കട്ടികൾ പണയമായി സ്വീകരിക്കില്ലെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ആഭരണങ്ങൾക്ക് പുറമെ 50 ഗ്രാം വരെയുള്ള സ്വർണ്ണനാണയങ്ങളും 500 ഗ്രാം വരെയുള്ള വെള്ളിനാണയങ്ങളും മാത്രമേ പണയം വെക്കാനാവൂ. കൂടാതെ, ഒരാൾക്ക് പണയം വെക്കാവുന്ന സ്വർണ്ണത്തിന്റെ പരമാവധി പരിധി ഒരു കിലോയായി നിശ്ചയിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കർശനമായ നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പണയം വെക്കുന്ന ആഭരണത്തിന്റെ തൂക്കം, ഗുണമേന്മ, ചിത്രം എന്നിവ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് സ്ഥാപനങ്ങൾ നൽകണം. വായ്പ തിരിച്ചടച്ചാൽ ഏഴ് പ്രവൃത്തിദിവസത്തിനകം സ്വർണ്ണം തിരികെ നൽകിയിരിക്കണം; അല്ലാത്തപക്ഷം ഓരോ ദിവസത്തെ വൈകലിനും 5,000 രൂപ വീതം സ്ഥാപനം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകേണ്ടി വരും. ലേല നടപടികളിലും വലിയ മാറ്റങ്ങളുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ നോട്ടീസ് നൽകി ഒരു മാസത്തിന് ശേഷം മാത്രമേ ലേലം നടത്താവൂ എന്നും, സ്വർണ്ണത്തിന്റെ മൂല്യത്തിന്റെ 90 ശതമാനത്തിൽ കുറഞ്ഞ തുകയ്ക്ക് ലേലം ഉറപ്പിക്കാൻ പാടില്ലെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.
(പ്രതീകാത്മക ചിത്രം എ ഐ നിർമ്മിതം)
