ബഡ്സ് ഉപയോഗിക്കുമ്പോൾ വാക്സ് കൂടുതൽ ഉള്ളിലേക്ക് പോവുകയും അത് കർണ്ണപടത്തിന് പ്രശ്നമുണ്ടാക്കുന്നു.
ഇന്നത്തെ കാലത്ത് യുവാക്കളുടെ ജീവിതശൈലിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് സ്മാർട്ട്ഫോണും ഇയർഫോണുകളും. എന്നാൽ ഈ ഉപകരണങ്ങളുടെ അമിതമായ ഉപയോഗം നമ്മുടെ കേൾവിശക്തിയെ നിശബ്ദമായി നശിപ്പിക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. പ്രായമായവരെ മാത്രം ബാധിക്കുന്ന ഒന്നാണ് കേൾവിശക്തി കുറയൽ എന്ന പഴയ ധാരണ ഇന്ന് മാറിക്കഴിഞ്ഞു. മുപ്പതുകളിലും നാൽപ്പതുകളിലും ഉള്ളവരിൽ പോലും വൻതോതിൽ കേൾവി സംബന്ധമായ പ്രശ്നങ്ങൾ കണ്ടുവരുന്നത് ഗൗരവകരമായ ഒരു സാഹചര്യമാണ് (Hearing Loss in Youth).
ചെവിയിലെ ചൊറിച്ചിലോ വെള്ളം കയറുന്നതോ പരിഹരിക്കാൻ സേഫ്റ്റി പിൻ, പെൻസിൽ, ഇയർ ബഡ്സ് തുടങ്ങിയവ ഉപയോഗിക്കുന്നത് പലരുടെയും ശീലമാണ്. എന്നാൽ ഇത് ചെവിയുടെ പുറംഭാഗത്തിന് ഗുരുതരമായ പരിക്കുകൾ ഏൽപ്പിക്കാൻ കാരണമാകുന്നു. ചെവിയിലെ മെഴുക് (വാക്സ്) കളയാനാണ് പലരും ബഡ്സ് ഉപയോഗിക്കുന്നത്. എങ്കിലും, സ്വാഭാവികമായി തന്നെ മിക്കവരിലും ഈ വാക്സ് പുറന്തള്ളപ്പെടാറുണ്ട്. ബഡ്സ് ഉപയോഗിക്കുമ്പോൾ വാക്സ് കൂടുതൽ ഉള്ളിലേക്ക് പോവുകയും അത് കർണ്ണപടത്തിന് ആഘാതമുണ്ടാക്കി കഠിനമായ വേദനയ്ക്കും കേൾവി തടസ്സത്തിനും വഴിവെക്കുകയും ചെയ്യുന്നു.
തുടർച്ചയായി ഉയർന്ന ശബ്ദത്തിൽ ഇയർഫോണുകൾ ഉപയോഗിക്കുന്നത് ആന്തരകർണ്ണത്തിലെ നാഡികൾക്ക് കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. ഇതിനെ 'സെൻസോറിനറൽ ഹിയറിങ് ലോസ്' എന്നാണ് വിളിക്കുന്നത്. ഉയർന്ന തോതിലുള്ള ശബ്ദം ദീർഘനേരം കേൾക്കുന്നത് കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് വരെ എത്തിച്ചേക്കാം. അതിനാൽ ഹെഡ്ഫോണുകൾ ഉപയോഗിക്കുമ്പോൾ ശബ്ദപരിധി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.
ചെവിയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ, മൂളിച്ചയോ, കേൾവിക്കുറവോ അനുഭവപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ഉടൻ തന്നെ ഒരു ഇ.എൻ.ടി വിദഗ്ധനെ കാണുക. വലിയ ശബ്ദമുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ ഇയർ മഫുകൾ ധരിക്കാൻ ശ്രദ്ധിക്കണം. ജീവിതശൈലിയിലോ ജനിതകപരമായോ ഉണ്ടാകുന്ന കേൾവി സംബന്ധമായ പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിന് സാധിച്ചാൽ കൃത്യമായ ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കും.
(പ്രതീകാത്മക ചിത്രം എഐ നിർമ്മിതം)
