സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഉൾപ്പെടുന്ന മനുഷ്യ ചാന്ദ്ര ദൗത്യമാണിത്.
Image credit : NASA
അരനൂറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിന് ശേഷം കൃത്യമായി പറഞ്ഞാൽ 54 വർഷങ്ങൾക്ക് ശേഷം മനുഷ്യന്റെ വീണ്ടും ചന്ദ്രനിലേക്കുള്ള ചരിത്രയാത്രയ്ക്ക് തുടക്കമായി. നാസയുടെ (NASA) Artemis-2 ദൗത്യം, ഇന്ത്യൻ സമയം പുലർച്ചെ 4.06-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. അമേരിക്കൻ സമയം ഏപ്രിൽ 1 വൈകുന്നേരം 6.35, EDT 22:35 (UTC) നാണ് ഈ ഐതിഹാസിക വിക്ഷേപണം നടന്നത്. പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഈ ദൗത്യം ചന്ദ്രനെ വലംവെച്ച് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്താനാണ് ലക്ഷ്യമിടുന്നത്. 32 നിലകളുള്ള കൂറ്റൻ SLS (Space Launch System) റോക്കറ്റിൽ നാല് ബഹിരാകാശ സഞ്ചാരികളുമായി ഒറിയോൺ പേടകം കുതിച്ചുയരുകയും അതിനെ കൃത്യമായി ഭ്രമണപഥത്തിൽ സ്ഥാപിക്കുകയും ചെയ്തു. നിലവിൽ യാത്രക്കാരുമായി ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുന്ന പേടകം പിന്നീട് ചന്ദ്രനിലേക്ക് യാത്ര തിരിക്കും. പേടത്തെയും അതിനെ വഹിക്കുന്ന SLS റോക്കറ്റിന്റെ വിക്ഷേപണ ദൃശ്യങ്ങൾ നാസ പ്ലസ്, നാസ ടിവി, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ വിവിധ വാർത്താചാനലുകൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.(Artemis-2 mission successfully launched).
ചരിത്രത്തിലാദ്യമായി ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഉൾപ്പെടുന്ന മനുഷ്യ ചാന്ദ്ര ദൗത്യമാണിതെന്ന പ്രത്യേകതയുമുണ്ട്. മിഷൻ കമാൻഡർ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ ക്രിസ്റ്റീന കോച്ച്, ജെറെമി ഹാൻസൻ എന്നിവരാണ് പേടകത്തിലുള്ള യാത്രികർ. ഇതിൽ ക്രിസ്റ്റീന കോച്ച് ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ വനിതയും, വിക്ടർ ഗ്ലോവർ ആദ്യ കറുത്ത വർഗ്ഗക്കാരനും, ജെറെമി ഹാൻസൻ ആദ്യ അമേരിക്കൻ ഇതര സഞ്ചാരിയുമാണ്. ഇവർക്ക് പുറമെ 'റൈസ്' (Rice) എന്ന ഒരു ചെറു പാവയും ഇവർക്കൊപ്പം യാത്രയിലുണ്ട്. ഈ പാവയ്ക്കകത്ത് നേരത്തെ രജിസ്റ്റർ ചെയ്ത 56 ലക്ഷം മനുഷ്യരുടെ പേരുകളടങ്ങിയ മെമ്മറി കാർഡും സൂക്ഷിച്ചിട്ടുണ്ട്.
ഈ ദൗത്യത്തിന്റെ ഭാഗമായി സഞ്ചാരികൾ ചന്ദ്രനിൽ ഇറങ്ങില്ല, പകരം ഒറിയോൺ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ ഭൂമിയെ ചുറ്റുകയാണ് ചെയ്യുക. മൂന്ന് ദിവസം യാത്ര ചെയ്ത് ചന്ദ്രന്റെ അടുത്തെത്തുന്ന പേടകം അവിടെ നാല് ദിവസം ചെലവഴിക്കും. തുടർന്ന് മൂന്ന് ദിവസം യാത്ര ചെയ്ത് ഭൂമിയിലേക്ക് തിരിച്ചെത്തും. ഭൂമിയിലേക്ക് തിരിക്കും മുമ്പ് ഒരു തവണ ചന്ദ്രനെ വലംവയ്ക്കുന്ന യാത്രികർ ചന്ദ്രോപരിതലത്തിൽ നിന്ന് 7600 കിലോമീറ്റർ അടുത്തു വരെയെത്തും. മനുഷ്യരുമായി ഒരു ബഹിരാകാശ വാഹനവും ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തിൽ (Deep Space) ദൗത്യത്തിന്റെ ഒരു ഘട്ടത്തിൽ ഒറിയോൺ എത്തും. ഭാവി ദൗത്യങ്ങൾക്ക് വേണ്ടിയുള്ള സാങ്കേതിക വിദ്യകൾ പരീക്ഷിക്കുന്നതിനൊപ്പം ബഹിരാകാശ വികിരണങ്ങൾ സഞ്ചാരികളെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ യാത്രയിൽ പഠനവിധേയമാക്കും.
കടുത്ത നിയന്ത്രണങ്ങളിലൂടെ കടന്നുപോയതിന് ശേഷമാണ് സഞ്ചാരികൾ ഈ യാത്ര ആരംഭിച്ചത്. വിക്ഷേപണത്തിന് മുന്നോടിയായി നാല് പേരും കെന്നഡി സ്പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീൻ സംവിധാനത്തിലായിരുന്നു. ഇവരുടെ ഉറക്കം, ഭക്ഷണം, ജലപാനം എന്നിവയെല്ലാം വിദഗ്ദ്ധരുടെ കർശന നിരീക്ഷണത്തിലായിരുന്നു. 1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആർട്ടെമിസ്-2. 2022 അവസാനം നടന്ന ആളില്ലാ ദൗത്യമായ ആർട്ടെമിസ്-1 വിജയകരമായി പൂർത്തിയാക്കിയിരുന്നു. അടുത്ത വർഷം ആർട്ടെമിസ്-3 ദൗത്യത്തിലൂടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് നാസ പദ്ധതിയിടുന്നത്, അതിന്റെ മുന്നോടിയായുള്ള നിർണ്ണായക പരീക്ഷണമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
More readആർട്ടെമിസ് 2 : 50 വർഷങ്ങൾക്ക് ഇപ്പുറമുള്ള ചന്ദ്ര യാത്രയ്ക്ക് കൗണ്ട്ഡൗൺ തുടങ്ങി
