ലോക്സഭാ 2024 : നാമനിർദ്ദേശപത്രിക സമർപ്പണം തുടങ്ങി
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാർച്ച് 28ന് സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 14 പേർ നാമ നിർദ്ദേശ പത്രിക സമർപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.
ആദ്യദിനം പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള രണ്ടുപേർ പത്രിക നൽകി.കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാർഥി എം മുകേഷും കാസർകോട്ട് എൻഡിഎ സ്ഥാനാർഥി എം.എൽ.അശ്വിനിയും പത്രിക നൽകി. സംസ്ഥാനത്ത് ആദ്യമായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാണ് എം മുകേഷ്. സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കളോടൊപ്പം പ്രകടനമായാണ് പത്രികസമര്‍പ്പിക്കാനായി കലക്ട്രേറ്റിലേക്ക് നീങ്ങിയത്.
രാവിലെ 11.28 ന് കലക്ടര്‍ എന്‍.ദേവീദാസ് മുൻപാകെ പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. മന്ത്രി കെ.എന്‍.ബാലഗോപാല്‍, പി.എസ്.സുപാല്‍ എംഎല്‍എ ഉള്‍പ്പെടെയുളള നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളാണ് കെട്ടിവയ്ക്കാനുള്ള തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്. കാസര്‍കോട് കലക്ടറും വരണാധികാരിയുമായ കെ. ഇമ്പശേഖർ മുൻപാകെയാണ് എം.എൽ.അശ്വിനി പത്രിക സമർപ്പിച്ചത്.
സ്ഥാനാർഥികൾ നാമനിർദേശപത്രിക സമർപ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം– 4, കൊല്ലം– 3 , മാവേലിക്കര– 1, കോട്ടയം– 1, എറണാകുളം– 1, തൃശൂർ– 1, കോഴിക്കോട്– 1, കാസർകോട്– 2. മറ്റു മണ്ഡലങ്ങളിൽ ആരും പത്രിക സമർപ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളിൽ ഓരോ സ്ഥാനാർഥികൾ രണ്ട് പത്രികകൾ വീതവും കാസർകോട് ഒരാൾ മൂന്നു പത്രികയും സമർപ്പിച്ചു.
മാവേലിക്കരയിലും പത്രിക സമർപ്പണം
ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചത് ഒരാള്‍. മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ സെക്യുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്(എസ്.ഡി.എഫ്.) സ്ഥാനാര്‍ഥിയായി മാന്തറ വേലായുധനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. മാവേലിക്കര മണ്ഡലത്തിന്റെ വരണാധികാരിയായ എ.ഡി.എം. വിനോദ് രാജിന്റെ മുമ്പാകെയാണ് പത്രിക നല്‍കിയത്. ആലപ്പുഴ മണ്ഡലത്തില്‍ വ്യാഴാഴ്ച ആരും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടില്ല.