മാവേലിക്കരയിൽ സ്ഥാനാർത്ഥികളുടെ പോസ്റ്റർ 'സിനിമാ ലുക്കിൽ'
മമ്മൂട്ടി ചിത്രമായ ‘ഭ്രമയുഗം’ പോസ്റ്റർ ലുക്കിലാണ് മാവേലിക്കര യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് സമൂഹമാധ്യമത്തിൽ വരവറിയിച്ചത്. മമ്മൂട്ടി കൊടുമൺ പോറ്റിയായെത്തിയ തിളങ്ങിയ ഭ്രമയുഗം സിനിമ പോസ്റ്ററിന്റെ അതേ മാതൃകയിൽ ‘കൊടിയുഗം’ എന്നാണ് പേരിട്ടിരിക്കുന്നത്. ഷർട്ടിടാതെ കസേരയിൽ ഇരിക്കുന്ന ‘കൊടിക്കുന്നിൽ സുരേഷിന്റെ പോസ്റ്ററിന് താഴെ ‘ദ ഏജ് ഓഫ് ഡെവലപ്മെന്റ്’ അടിക്കുറിപ്പുമുണ്ട്.
കൊടിക്കുന്നിൽ തുടരുമെന്ന സന്ദേശം വോട്ടർമാർക്ക് നൽകാൻ മാവേലിക്കര മനയ്ക്കൽ ഓരേയൊരു ഏട്ടനേയുള്ളൂവെന്നും അത് സൂരേഷേട്ടനാണെന്നും പറയുന്നുണ്ട്. എന്നാൽ, വില്ലനായെത്തിയ മമ്മൂട്ടി ഭ്രമയുഗത്തിൽ അവതരിപ്പിച്ച കഥാപാത്രം ചാത്തന്റേതായതിനാൽ എതിർപക്ഷം നെഗറ്റിവ് പരിവേഷമാണ് നൽകുന്നത്. സിനിമയിലെ കഥാപാത്രവുമായി കൊടിക്കുന്നിലെ കൂട്ടിയിണക്കിയാണ് ട്രോളുകൾ ഇറങ്ങുന്നത്.
പുതുതലമുറ നെഞ്ചോടുചേർക്കുന്ന ഹിറ്റായ സിനിമയുടെ പേരുകൾ തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സി.എ. അരുൺകുമാറിന്റെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. യുവനായിക അനശ്വര രാജൻ പ്രധാനകഥാപാത്രമായി തിളങ്ങിയ ‘സൂപ്പർ ശരണ്യ’ ചിത്രത്തിന്റെ പേരിന് സമാനമായ ‘സൂപ്പർ അരുൺ...’ എന്ന തലക്കെട്ടിൽ കാമ്പസ് വിദ്യാർഥികൾക്കൊപ്പം ചേർന്ന് വോട്ടുചോദിക്കുന്ന പോസ്റ്റ് വേറിട്ടതാണ്. പ്രചാരണത്തിനിടെ പകർത്തിയ ഇത്തരം ചിത്രങ്ങൾ കൂട്ടിയിണക്കി സി.പി.ഐ സമൂഹമാധ്യമ വിഭാഗമാണ് വ്യത്യസ്തവും ആകർഷകവുമായ പോസ്റ്ററുകൾ തയാറാക്കുന്നത്.
2018 പ്രളയകാലത്ത് ദുരിതാശ്വാസ പ്രവർത്തനത്തിലും കോവിഡുകാലത്തും ജീവൻരക്ഷാ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതിന്റെ ഓർമകൾ നിലനിർത്തി കൈയെത്തും ദൂരത്ത്, ചേർത്ത് പിടിക്കുന്ന കരുതൽ തുടങ്ങിയ ക്യാപ്ഷനുമുണ്ട്. ടൈം ഫോർ എ ചേഞ്ച്, ചങ്ക് ബ്രോ, അരുൺ ചേട്ടൻ സൂപ്പറാ... എന്നിവയുമുണ്ട്.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി എന്നിവർ കേന്ദ്രകഥാപാsത്രമായി എത്തിയ മഞ്ഞുമ്മൽ ബോയ്സ് പേരിനൊപ്പം എൻ.ഡി.എ ബോയ്സ് ചേർത്താണ് ബി.ഡി.ജെ.എസ് സ്ഥാനാർഥി ബൈജു കലാശാലയുടെ പ്രചാരണം. പുതിയ കേരളത്തിന് ‘മോദിയുടെ ഗ്യാരന്റി’ പ്രചാരണ വാചകത്തിലൂന്നിയാണ് സമൂഹമാധ്യമത്തിലെ പ്രചാരണം.
