2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 20ൽ 19 സീറ്റും ജയിച്ച യു.ഡി.എഫ് തരംഗത്തിനിടയിലും എൽ.ഡി.എഫിന് പിടിവള്ളിയായ ഏക സീറ്റായിരുന്നു ആലപ്പുഴ. അന്ന് കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ എ.എം. ആരിഫ് തറപറ്റിച്ചത് 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു. ‘കനൽ ഒരുതരി മതി’ എന്നായിരുന്നു ആരിഫിന്റെ ജയത്തെ കുറിച്ച് എൽ.ഡി.എഫ് അണികളുടെ പ്രതികരണം. എന്നാൽ, ആലപ്പുഴയിലെ ആ ‘കനൽ’ കെടുത്താൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെ നിയോഗിച്ച യു.ഡി.എഫിന് പിഴച്ചില്ല. 63,513 വോട്ടിന്റെ വൻ ഭൂരിപക്ഷമാണ് കെ.സി സ്വന്തമാക്കിയത്.
ഇത്തവണ കെ.സി വേണുഗോപാൽ 4,04,560 വോട്ട് പിടിച്ചപ്പോൾ രണ്ടാമതെത്തിയ എ.എം ആരിഫിന് 3,41,047 വോട്ടാണ് ലഭിച്ചത്. ഇത്തവണ ശോഭ സുരേന്ദ്രനെ കളത്തിലിറക്കിയ ബി.ജെ.പി വോട്ട് ഒരു ലക്ഷത്തിലധികമാണ് വർധിച്ചത്. 2,99,648 വോട്ടാണ് ശോഭ നേടിയത്.
2019ൽ ആരിഫ് 4,45,981 വോട്ട് നേടിയപ്പോൾ ഷാനിമോൾക്ക് ലഭിച്ചത് 4,35,496 വോട്ടാണ്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണൻ 1,87,729 വോട്ടും പിടിച്ചു.
സുരേഷിന് റെക്കോർഡ്
കൊടിക്കുന്നിൽ സുരേഷ് ഇത്തവണ മാവേലിക്കരയിൽ നിന്ന് ലോക്സഭയിലെത്തുന്നത് പുതിയ റെക്കോഡോടെയാണ്. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തവണ ലോക്സഭയിലെത്തിയ അംഗം എന്നത് ഇനി കൊടിക്കുന്നിലിന് സ്വന്തമാണ്.
എട്ടാം തവണയാണ് കൊടിക്കുന്നിൽ സുരേഷ് പാർലമെന്റിൽ എത്തുന്നത്. മുന്‍ കേന്ദ്ര മന്ത്രി കൂടിയായിരുന്ന കൊടിക്കുന്നില്‍ 1989, 1991,1996, 1999 വര്‍ഷങ്ങളില്‍ അടൂരില്‍ നിന്നും 2009, 2014, 2019 വര്‍ഷങ്ങളില്‍ മാവേലിക്കരയില്‍ നിന്നും ലോക്സഭയിലെത്തി.
എട്ടാം തവണയും വിജയം നേടിയപ്പോൾ കൊടിക്കുന്നിൽ തകർത്തത് സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും നേതാക്കന്മാരുടെ റെക്കോഡ് തന്നെയാണ്. ഏഴു തവണ ലോക്സഭയിലെത്തിയത് നാലുപേരാണ്. മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്, മുസ്ലീം ലീഗ് നേതാക്കളായിരുന്ന ഇ അഹമ്മദ്, ഇബ്രാഹിം സുലൈമാന്‍ സേട്ട്, ജി.എം ബാനാത്ത്വാല എന്നിവരാണ് ഏഴ് തവണ വിജയിച്ച് ലോക്സഭയിലെത്തിയത്.
മുൻ കേന്ദ്രമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന് 1984, 1989, 1991, 1996, 1998 എന്നീ തെരഞ്ഞെടുപ്പുകളില്‍ കണ്ണൂരില്‍ നിന്നും 2009, 2014 വര്‍ഷങ്ങളില്‍ വടകരയില്‍ നിന്നും വിജയിച്ചു. ഇ അഹമ്മദ് 1991, 1996, 1998, 1999 വര്‍ഷങ്ങളില്‍ പഴയ മഞ്ചേരി മണ്ഡലത്തില്‍ നിന്നും 2004ല്‍ പൊന്നാനിയില്‍ നിന്നും 2009, 2014 ല്‍ മലപ്പുറത്ത് നിന്നും വിജയിച്ച് ലോക്സഭയിലെത്തി.
മുസ്ലിം ലീഗിന്റെ ഇബ്രാഹിം സുലൈമാന്‍ സേട്ട് 1967ലും 1971ലും കോഴിക്കോട് നിന്നും 1977, 1980, 1984, 1989 വര്‍ഷങ്ങളില്‍ മഞ്ചേരിയില്‍ നിന്നും 1991ല്‍ പൊന്നാനിയില്‍ നിന്നും ലോക്സഭയിലെത്തി.
ലീഗിന്റെ ദേശീയ മുഖമായിരുന്ന മറ്റൊരു നേതാവ് ജി എം ബാനാത്ത്വാലയും ഏഴു തവണ വിജയിച്ചവരാണ്. 1977 , 1980, 1984, 1989, 1996, 1998, 1999 വർഷങ്ങളിൽ പൊന്നാനിയില്‍ നിന്നാണ് വിജയിച്ചത്.
അതേസമയം, ഏറ്റവും കൂടുതൽ തവണ ലോക്സഭ അംഗമായ റെക്കോഡ് പശ്ചിമ ബംഗാളിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്ന ഇന്ദ്രജിത് ഗുപ്തക്കാണ്. 11 തവണയാണ് ലോക്സഭാംഗമായത്. അടൽ ബിഹാരി വാജ്പേയ്, സോമനാഥ് ചാറ്റർജി, പി.എം സഈദ് എന്നിവർ 10 തവണയും സഭയിലെത്തി.
ആലപ്പുഴയിലെയും മാവേലിക്കരയിലെയും സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ.
കെ.സി.വേണുഗോപാൽ: 4,04,560
എ.എം. ആരിഫ് : 3,41,047
ശോഭ സുരേന്ദ്രൻ: 2,99,648
കൊടിക്കുന്നിൽ സുരേഷ്: 3,69,516
അഡ്വ. അരുൺ കുമാർ സി.എ. : 3,58,648
ബൈജു കലാശാല: 1,42,984