യുഎസ് നാവികസേനയ്ക്കായി വികസിപ്പിക്കുന്ന ആഴക്കടല്‍ ഡ്രോണായ മാന്റ റേയുടെ ചിത്രം ഗൂഗിള്‍മാപ്പില്‍ പതിഞ്ഞു. കാലിഫോര്‍ണിയയിലെ പോര്‍ട്ട് വൈനീമീ നാവികത്താവളത്തിലാണ് മാന്റ റേ മുങ്ങിക്കപ്പലിനെ കണ്ടെത്തിയത്. ഇതിന്റെ ചിത്രം വൈറലായതോടെ ഗൂഗിള്‍ മാപ്പ് അത് നീക്കം ചെയ്ത് തല്‍സ്ഥാനത്ത് ബോട്ടുകളുടെ മറ്റൊരു ചിത്രം സ്ഥാപിക്കുകയായിരുന്നു.
ജനപ്രിയ ഹോളീവുഡ് ഫ്രാഞ്ചൈസിയായ സ്റ്റാര്‍വാര്‍സിലെ സ്പേസ് ഷിപ്പിന് സമാനമായ രൂപകല്പനയുള്ള മാന്റ റേ ഡ്രോണ്‍ നേരത്തെ തന്നെ ജനശ്രദ്ധ നേടിയിരുന്നു. തിരണ്ടി വിഭാഗത്തില്‍പെടുന്ന 'മാന്റ റേ' ഭീമന് മത്സ്യത്തിന്റെ പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.
ലോങ് റേഞ്ച് ആഴക്കടല്‍ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള യുഎസ് നാവിക സേനയുടെ പദ്ധതിയുടെ ഭാഗമായാണ് നോര്‍ത്രോപ്പ് ഗ്രുമ്മന് ഈ ഓട്ടോണമസ് മുങ്ങിക്കപ്പല്‍ വികസിപ്പിച്ചത്. നോർത്രോപ്പ് ഗ്രുമ്മൻറെ വെബ്സൈറ്റിൽ മാന്റ റേയുടെ വിവിധ ചിത്രങ്ങൾ ലഭ്യമാണ്.
സമുദ്രത്തിലെ മണ്ണില്‍ പതിഞ്ഞിരിക്കാനുള്ള തിരണ്ടി മത്സ്യങ്ങളുടെ കഴിവ് പോലെ പ്രവര്‍ത്തനങ്ങള്‍ ലോ പവര്‍ മോഡിലാക്കി കടലിന്റെ അടിത്തട്ടില്‍ മറഞ്ഞിരിക്കാന്‍ മാന്റ റേ മുങ്ങിക്കപ്പലിന് സാധിക്കും. ഇന്ധനം വീണ്ടും നിറയ്ക്കാതെ ഏറെ നാള് കടലില്‍ മറഞ്ഞിരിക്കാന്‍ ഇതുവഴി ഈ മുങ്ങിക്കപ്പലിനാവും.
മാന്റ റേയുടെ പരീക്ഷണ ദൗത്യങ്ങള്‍ വിജയകരമാണെന്നും വിവിധ ആവശ്യങ്ങള്‍ക്ക് അത് ഉപയോഗിക്കാനാവുമെന്നും ഡിഫന്‍സ് അഡ്വാന്‍സ്ഡ് പ്രൊജക്ട്സ് ഏജന്‍സിയിലെ മാന്റ റേ പ്രോഗ്രാം മാനേജര്‍ ഡോ. കൈല്‍ വോര്‍ണര്‍ നേരത്തെ പറഞ്ഞിരുന്നു.
വിവിധങ്ങളായ പേലോഡ് ബേകള്‍ ഉപയോഗിച്ച് ഇത് രൂപകല്പന ചെയ്തുവരികയാണെന്നും അദ്ദേഹം പറയുന്നു. ഇതുവഴി പലവിധ ആവശ്യങ്ങള്‍ക്ക് മാന്റ റേ ഉപയോഗിക്കാനാവും.
തെക്കന്‍ കാലിഫോര്ണയയുടെ തീരത്ത് മൂന്ന് മാസത്തിലധികം മാന്റ റേ മുങ്ങിക്കപ്പലിന്റെ പരീക്ഷണം നടത്തിയിരുന്നുവെന്ന് ടെലഗ്രാഫ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റഷ്യയുടെയും ചൈനയുടെയും അന്തര്‍വാഹനികള്‍ ഉയര്‍ത്തുന്ന ഭീഷണി നേരിടാനാണ് ഈ ആഴക്കടല്‍ ഡ്രോണ്‍ വികസിപ്പിച്ചത് എന്നാണ് വിദഗ്ധ നിരീക്ഷണം.
