മൂന്നാമത് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിക്കസേരയില്‍ ഉറച്ചിരുത്താന് സഖ്യകക്ഷികളെ പിണക്കാത്ത ബജറ്റുമായി ധനമന്ത്രി നിര്‍മലാ സീതാരാമന്. എന്‍ഡിഎ സര്‍ക്കാരിന്റെ പ്രധാന കക്ഷികളായ തെലുങ്കു ദേശം പാര്‍ട്ടി (ടിഡിപി), ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) എന്നിവരുടെ ആവശ്യങ്ങള്‍ക്കാണ് ബജറ്റില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നത്. ബിഹാര്‍, ആന്ധ്രാ പ്രദേശ് സര്‍ക്കാരുകള്‍ക്ക് പ്രത്യേക പദവി ഉള്‍പ്പെടെയുള്ള ആവശ്യങ്ങളായിരുന്നു സര്‍ക്കാര്‍ രൂപീകരണ വേളയില്‍ ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രത്യേക പദവികള്‍ നല്കിയില്ലെങ്കിലും വലിയ പദ്ധതികളാണ് ഇരു സംസ്ഥാനങ്ങള്‍ക്കും ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബിഹാറിന് 26,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതി, 11,500 കോടി രൂപയുടെ പ്രളയസഹായം, വിമാനത്താവളം, മെഡിക്കല്‍ കോളജ്, രണ്ട് ക്ഷേത്ര ഇടനാഴികള്‍ എന്നിവയടക്കം ഏതാണ്ട് 50,000 കോടി രൂപയുടെ പദ്ധതികളാണ് ഇതുവരെ ധനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം ആന്ധ്രാ പ്രദേശിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 15,000 കോടി രൂപയും വരും നാളുകളില്‍ പ്രത്യേക ധനസഹായവും ബജറ്റില്‍ പ്രഖ്യാപിച്ചു.2400 മെഗാ വാട്ടിന്റെ പദ്ധതിക്ക് 21400 കോടി രൂപ ബീഹാറിന് അനുവദിച്ചു.
അമൃത്സര്‍-കൊല്‍ക്കത്ത വ്യാവസായിക ഇടനാഴിയുടെ ഭാഗമായി ബിഹാറിലെ ഗയയില്‍ വ്യാവസായിക അംഗീകാരം വികസിപ്പിക്കും. പട്ന-പൂര്‍ണ എക്സ്പ്രസ് വേ, ബുക്സര്‍ ഭഗല്‍പൂര്‍ ഹൈവേ, ബോദ്ഗയ-രാജ്ഗിര്‍-വിശാലി-ധര്‍ബന്‍ഗ എന്നീ റോഡ് കണക്ടിവിറ്റി പ്രൊജക്റ്റുകളും ബുക്സാറില് ഗംഗാ നദിക്ക് മുകളില്‍ രണ്ട് വരി പാലവും ബിഹാറിന് അനുവദിച്ചു. അടിസ്ഥാന സൗകര്യത്തിന് മാത്രം ബിഹാറില്‍ 26,000 കോടി രൂപയാണ് ആകെ അനുവദിച്ചിരിക്കുന്നത്. ബിഹാറില്‍ വിമാനത്താവളവും മെഡിക്കല്‍ കോളജും പ്രഖ്യാപിച്ചു. ബിഹാറിന് പ്രളയ സഹായ പാക്കേജായി 11500 രൂപയും പ്രഖ്യാപിച്ചു.
ആന്ധ്രാ പ്രദേശിന്റെ തലസ്ഥാനമായ അമരാവതിയുടെ വികസനത്തിന് 15000 കോടി രൂപയും അനുവദിച്ചു. ഇതിന് വേണ്ടി ബഹുമുഖ ഫണ്ടിംഗ് ഏജന്‍സികളില്‍ നിന്നും പണം പിരിച്ച് കേന്ദ്രം വഴി നല്‍കുമെന്നും നിര്‍മല സീതാരാമന് ബജറ്റിലൂടെ അവതരിപ്പിച്ചു
ബിഹാര്‍, ആന്ധ്രാ പ്രദേശ്, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളുടെ സമഗ്ര വികസനത്തിനായി പുര്‍വോദയ പദ്ധതിയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ അടുത്ത തലത്തിലേക്കുള്ള വളര്‍ച്ചയ്ക്ക് ഊര്‍ജം നല്കാന് കിഴക്കന്‍ ഇന്ത്യയുടെ ഉപയോഗിച്ചിട്ടില്ലാത്ത സാധ്യതകളെ വികസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിയം, സ്റ്റീല്‍ മേഖലകള്‍ പുര്‍വോദയ പദ്ധതിയില്‍ നിര്‍ണായകമായ പങ്കുവഹിക്കുമെന്നും നിര്‍മല സീതാരാമന് വ്യക്തമാക്കി.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്. ഉന്നത വിദ്യാഭ്യാസത്തിനു വേണ്ടിയെടുക്കുന്ന പത്തു ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്പകള്‍ക്ക് കേന്ദ്ര സഹായം നല്‍കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസത്തിനായി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സഹായം ലഭ്യമാകുക. വാര്‍ഷിക പലിശയില്‍ വായ്പാ തുകയുടെ മൂന്നു ശതമാനം വരെയാണ് കേന്ദ്ര സഹായം. രാജ്യത്ത് എമ്പാടുമായി പ്രതിവര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും ധനമന്ത്രി അറിയിച്ചു
പുറമേ പ്രതിവര്‍ഷം 25,000 വിദ്യാര്‍ഥികള്‍ക്ക് സഹാകരമാകുന്ന വിധത്തില്‍ നിലവിലുള്ള മോഡല്‍ സ്കില്‍ ലോണ്‍ സ്കീം പുതുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
രാജ്യത്തെ യുവാക്കളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് പ്രത്യേക കേന്ദ്ര പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രതിവര്‍ഷം 20 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യ പരിശീലനം ലഭ്യമാക്കുമെന്നും ധനമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. നൈപുണ്യ വികസനത്തിന്റെ ഭാഗമായി രാജ്യത്തെമ്പാടുമായി 1,000 ഐടിഐകള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി അറിയിച്ചു
പ്രധാന്‍മന്ത്രി ആവാസ് യോജന വന്‍ നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഒരു കോടി ഭവനങ്ങള്‍ നിര്‍മിക്കുമെന്നു ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്. ഈ പദ്ധതിക്കു വേണ്ടി 10 ലക്ഷം കോടി രൂപ ബജറ്റില്‍ നീക്കിവച്ചു.
അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ പദ്ധതിയുടെ 50 ശതമാനം പൂര്‍ത്തീകരിക്കുമെന്നും പ്രധാന്‍മന്ത്രി ആവാസ് യോജനയുടെ ഭാഗമായാണ് ഇതു നടപ്പിലാക്കുകയെന്നും ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമേ ഒരു കോടി വീടുകള്‍ക്ക് സോളാര്‍ പദ്ധതി സ്ഥാപിക്കാന്‍ പ്രത്യേക സഹായം നല്‍കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
നഗരപ്രദേശങ്ങളില്‍ ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു. വികസിത നഗരങ്ങള്‍ക്കായി പ്രത്യേക പാക്കേജും പ്രഖ്യാപിച്ച ധനമന്ത്രി ഗ്രാമീണ മേഖലകളിലെ റോഡ് വികസനത്തിന് പ്രധാന്‍മന്ത്രി ഗ്രാമ സടക് യോജന ഫേസ് 4 നടപ്പിലാക്കുമെന്നും അറിയിച്ചു.
എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്ന റോഡുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും ഇതിന്റെ ഭാഗമായി രാജ്യമെമ്പാടുമായി 25,000 ഗ്രാമീണ മേഖലകളില്‍ പുതിയ റോഡുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ പാക്കേജിന്റെ ഭാഗമായി മൂന്ന് തൊഴില്‍ബന്ധിത പ്രോത്സാഹന പദ്ധതികള്‍. ഇപിഎഫ്ഒ എന്റോള്‍മെന്റ് അടിസ്ഥാനമാക്കിയായിരിക്കും പദ്ധതികള്‍. ഏതു മേഖലയിലും ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കും. ഒരു ലക്ഷം രൂപ വരെ ശമ്പള്ളവരുടെ 15,000 രൂപയ്ക്കുള്ള പിഎഫ് വിഹിതം സര്‍ക്കാര്‍ വഹിക്കും. വിഹിതം മൂന്നു തവണയായാണു പിഎഫ് അക്കൗണ്ടിലേക്കു നല്‍കുക. 2.1 കോടി പേര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ജോലിയുടെ ആദ്യ നാല് വര്‍ഷങ്ങളില്‍ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും അവരുടെ പിഎഫ് വിഹിതത്തിന് ഇന്‍സെന്റീവ്. കൂടാതെ ഓരോ അധിക ജീവനക്കാരന്റെയും വേണ്ടി തൊഴിലുടമ മുടക്കുന്ന ഇപിഎഫ്ഒ വിഹിതത്തിനു രണ്ട് വര്‍ഷത്തേക്ക് മാസം 3,000 രൂപ തിരികെ നല്‍കും
മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റിൽ തൊഴിൽ മേഖലയിലേക്ക് നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. പുതിയ തൊഴിലവസരങ്ങൾ നൽകുന്ന തൊഴിലുടമയ്ക്ക് പ്രത്യേക ആനുകൂല്യങ്ങൾ, തൊഴിലിടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. 4.1 കോടി യുവാക്കൾക്ക് അഞ്ച് വർഷത്തിനുള്ളിൽ തൊഴിൽ, വൈദഗ്ധ്യം, മറ്റ് അവസരങ്ങൾ എന്നിവ സുഗമമാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പേരിലുള്ള അഞ്ച് പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
യുവാക്കൾക്കായി രണ്ടു ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പം വിദ്യാഭ്യാസത്തിനും തൊഴിലിനും തൊഴിൽ നൈപുണ്യത്തിനുമായി ബജറ്റിൽ 1.48 ലക്ഷം കോടി രൂപയും ഈ വർഷത്തേക്ക് മാത്രമായി വകയിരുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പാക്കേജിൻ്റെ ഭാഗമായി തൊഴിലുമായി ബന്ധപ്പെട്ട ഇൻസെൻ്റീവുകൾക്കായി മൂന്ന് പദ്ധതികൾ നടപ്പിലാക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു. കൂടാതെ നിർമാണ മേഖലയിൽ തൊഴിൽ സൃഷ്ടിക്കുക വഴി 30 ലക്ഷം യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഇന്റേൺഷിപ്പിനുള്ള അവസരം സർക്കാർ ഒരുക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.പുതിയ സ്കീമിന് കീഴിൽ എല്ലാ മാസവും 5,000 രൂപ ഇൻ്റേൺഷിപ്പ് അലവൻസും 6,000 രൂപ ഒറ്റത്തവണ സഹായവും നൽകുമെന്ന് ധനമത്രി അറിയിച്ചു.
ഇൻ്റേൺഷിപ്പിന് സൗകര്യമൊരുക്കുന്ന കമ്പനികൾ അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഉപയോഗിച്ച് ഇൻ്റേണുകളെ പരിശീലിപ്പിക്കണം. ഇൻ്റേണുകൾക്ക് തൊഴിലിടങ്ങളുമായി സമ്പർക്കം പുലർത്താനുള്ള അവസരം ലഭിക്കുന്നതിനൊപ്പം എല്ലാ മാസവും അലവൻസും ലഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് ഈടില്ലാതെ വായ്പ, ഗ്രാമീണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനം എന്നിവയും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രയോജനപ്പെടുന്ന പദ്ധതികൾക്കായി മൂന്ന് ലക്ഷം കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന അഞ്ച് വർഷത്തേക്ക് നീട്ടുകയും, 80 കോടിയിലധികം ആളുകൾക്ക് പ്രയോജനം നൽകുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
ആദായ നികുതി സ്ലാബുകളില്‍ മാറ്റും വരുത്തി കേന്ദ്ര ബജറ്റ്. മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതിയില്ല. മൂന്നു മുതല്‍ ഏഴു ലക്ഷം വരെയുള്ളവര്‍ക്ക് അഞ്ച് ശതമാനവും ഏഴു മുതല്‍ 10 ലക്ഷം വരെയുള്ളവര്‍ 10 ശതമാനവും നികുതി അടയ്ക്കണം.
പത്ത് മുതല്‍ 12 ലക്ഷം വരെയുള്ളവര്‍ക്ക് 15 ശതമാനവും 12-15 ലക്ഷം വരെയുള്ളവര്‍ക്ക് 20 ശതമാനവും 15 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമാണ് പുതിയ ആദായ നികുതി നിരക്ക്. പുതിയ നികുതി സമ്പ്രദായത്തില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന് 50000-ല്‍ നിന്ന് 75000 ആക്കി. ഈ മാറ്റത്തിലൂടെ പുതിയ നികുതി സമ്പ്രദായത്തില്‍ 17,500 രൂപവരെ ലാഭിക്കാം.
അതേസമയം വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പറേറ്റ് ടാക്സ് 35 ശതമാനമാക്കി കുറച്ചിട്ടുണ്ട്. നേരത്തെ 40 ശതമാനമായിരുന്നു കോര്‍പറേറ്റ് നികുതി. ഇതിലൂടെ വിദേശ കമ്പനികള്‍ക്ക് നേട്ടം കൊയ്യാനാകും. ക്രൂയിസ് ടൂറിസത്തിന് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായി വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിക്കാന്‍ നികുതിയിളവ് നല്‍കിയിട്ടുണ്ട്. ഇതിലൂടെ തൊഴില്‍നേട്ടവും ലക്ഷ്യമിടുന്നെന്ന് ധനമന്ത്രി പറഞ്ഞു.
കൂടാതെ സ്റ്റാര്‍ട്ടപ്പ് കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കുള്ള 'ഏയ്ഞ്ചല്‍' ടാക്സ് റദ്ദാക്കി. 2012-ലാണ് ഈ നികുതി നിലവില്‍ വന്നത്. സാമ്പത്തിക, സാമ്പത്തികേതര ആസ്തികളുടെ ദീര്‍ഘകാല നേട്ടങ്ങള്‍ക്കുള്ള നികുതി 12.5 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
കസ്റ്റംസ് ഡ്യൂട്ടിയിൽ ഇളവ് പ്രഖ്യാപിച്ചതോടെ ഇളവുകൾ പ്രഖ്യാപിച്ചതോടെ കാൻസർ മരുന്നുകൾ, മൊബൈൽ ഫോൺ, മൊബൈൽ ചാർജർ എന്നിവയുടെ വില കുറയും. ഇറക്കുമതി ചെയ്യുന്ന സ്വർണത്തിന്റെയും വെള്ളിയുടെയും വിലയും കുറയും. സ്വർണം ഗ്രാമിന് 420 രൂപവരെ കുറയാൻ സാധ്യതയുണ്ട്. ബജറ്റിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
മൊബൈല്‍ ഫോണുകളുടെയും മൊബൈല്‍ ചാര്‍ജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായി കുറച്ചു
കാന്‍സര്‍ ചികിത്സയ്ക്കുള്ള മൂന്ന് മരുന്നുകളെ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി
ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6 ശതമാനമായും പ്ലാറ്റിനം 6.4 ശതമാനമായും കുറച്ചു
ഫെറോണിക്കല്‍, ബ്ലിസ്റ്റര്‍ കോപ്പര്‍ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ ഒഴിവാക്കി
ചെമ്മീന്‍, മീന്‍ തീറ്റ എന്നിവയുടെ അടിസ്ഥാന കസ്റ്റംസ് തീരുവ അഞ്ച് ശതമാനമായി കുറച്ചു
റെസിസ്റ്ററുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഓക്സിജന്‍ രഹിത ചെമ്പിന്റെ അടിസ്ഥാന കസ്റ്റംസ് തീരുവ എടുത്തുകളഞ്ഞു
തുകല്‍ ഉത്പന്നങ്ങള്‍
അമോണിയം നൈട്രേറ്റിന്റെ കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയര്‍ത്തി
ജീര്‍ണ്ണിക്കുന്നത് അല്ലാത്ത പ്ലാസ്റ്റിക്കുകളുടെ കസ്റ്റംസ് തീരുവ 25 ശതമാനമായി ഉയര്‍ത്തി
ചില ടെലികോം ഉപകരണങ്ങളുടെ അടിസ്ഥാന കസ്റ്റംസ് തീരുവ 10 ശതമാനത്തില്‍നിന്ന് 15 ശതമാനമായി ഉയര്‍ത്തി.
10 ലക്ഷം രൂപയില്‍ കൂടുതലുള്ള നോട്ടിഫൈഡ് സാധനങ്ങള്‍ക്ക് ഒരു ശതമാനം ടിസിഎസ് ചുമത്തും
പിവിസി ഫ്ളക്സ് ബാനറുകള്‍. ഈ പറയുന്നവരുടെ വില കൂടും.