യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതില്നിന്ന് പ്രസിഡന്റും ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡൻ പിന്മാറി. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പിൽ ജോ ബൈഡൻ വ്യക്തമാക്കി.
![]() |
| Courtesy/Twitter |
യുഎസ് തിരഞ്ഞെടുപ്പിന് 4 മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റെന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണ് പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു.
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും കടുത്ത സമ്മർദമുയർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ ബൈഡൻ സ്ഥാനാർഥിയാകുന്നതു ഡെമോക്രാറ്റിക് പാർട്ടിയുടെ സാധ്യകൾ ഇല്ലാതാക്കുമെന്ന് പാർട്ടിക്കുള്ളിൽത്തന്നെ അഭിപ്രായമുയർന്നു.
എതിരാളിയായ ഡോണൾഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനം, പ്രായാധിക്യ പ്രശ്നങ്ങൾ, ട്രംപിനു നേരെയുണ്ടായ വധശ്രമം, അനുകൂലമല്ലാത്ത അഭിപ്രായ സർവേകൾ, ഏറ്റവുമൊടുവിലായി കോവിഡ് ബാധിച്ചത് –തുടങ്ങി രണ്ടാമൂഴം തേടുന്ന ബൈഡന് നിരന്തരം വെല്ലുവിളി നേരിട്ടിരുന്നു.
പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡനെ സന്ദർശിച്ച് പിന്മാറ്റം സംബന്ധിച്ചു ചർച്ച നടത്തിയിരുന്നു.
ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാം. ആദ്യവട്ട വോട്ടെടുപ്പിൽ 3900 പ്രതിനിധികൾക്കാണ് വോട്ടവകാശം. അതിൽ തീരുമാനമായില്ലെങ്കിൽ പാർട്ടി നേതാക്കളും തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുമടക്കം 700 സൂപ്പർഡെലിഗേറ്റുകൾ ആർക്കെങ്കിലും ഭൂരിപക്ഷം ലഭിക്കുംവരെ വോട്ട് ചെയ്ത് തീരുമാനത്തിലെത്തും.

