![]() |
| Courtesy |
തെക്കനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ മൂന്നാം തവണയും അധികാരത്തിലേറി നിക്കോളാസ് മദൂറോ. പ്രവചനങ്ങളും സർവേ ഫലങ്ങളും തോൽവി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിലാണ് മദൂറോയുടെ ജയം. 51 ശതമാനം വോട്ട് നേടിയാണ് എതിർസ്ഥാനാർഥി എഡ്മുണ്ടോ ഗോൺസാലസ് ഉറുട്ടിയയെ പരാജയപ്പെടുത്തിയത്.
ഞായറാഴ്ച നടന്ന വോട്ടെടുപ്പിനു പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ നിക്കോളാസ് മദുറോയുടെ പരാജയം പ്രവചിക്കുന്നതായിരുന്നു. ഇതോടെ എതിർ ക്യാമ്പുകൾ വിജയാഘോഷവും ആരംഭിച്ചിരുന്നു. എന്നാൽ ഇതിനൊയൊക്കെ അപ്രസക്തമാക്കുന്നതാണ് മദുറോയുടെ വിജയം. 80 ശതമാനം വോട്ടുകൾ എണ്ണിയതോടെ എക്സിറ്റ് പോളുകൾക്ക് വിരുദ്ധമായാണ് ജനങ്ങൾ വിധിയെഴുതിയതെന്ന് വ്യക്തമാകുകയായിരുന്നു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് പ്രമുഖ യാഥാസ്തിക വാദിയായ മരിയ കൊറിന മക്കാഡോയ്ക്ക് വിലക്ക് നേരിട്ടതോടെയാണ് വിരമിച്ച നയതന്ത്രജ്ഞൻ ഉറൂട്ടിയ മത്സരരംഗത്തിറങ്ങുന്നത്. മൂന്നാം തവണയും അധികാരം തേടുന്ന മദൂറോ, എതിരാളികളിൽനിന്ന് ഇതുവരെ നേരിട്ട ഏറ്റവും കഠിനമായ മത്സരമായിരുന്നു ഇത്തവണത്തേത്.
80 ശതമാനം വോട്ടുകള്‍ എണ്ണിയതോടെ മദുറോയ്ക്ക് 51.21 ശതമാനം വോട്ടും എതിരാളിയ്ക്ക് 44.2 ശതമാനം വോട്ടും ലഭിച്ചതായി നാഷണല്‍ ഇലക്ടറല്‍ കൗണ്‍സില്‍ അറിയിച്ചു.
അതേസമയം, 30,000 പോളിങ് കേന്ദ്രങ്ങളിൽനിന്ന് ഔദ്യോഗിക വോട്ടിങ് കണക്കുകൾ പുറത്തുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വോട്ടിങ് അധികൃതർ ഇതിന് തയ്യാറായില്ല. പോളിങ് സ്റ്റേഷനുകളിലെ പ്രതിനിധികളിൽനിന്ന് തങ്ങൾ ശേഖരിച്ച കണക്കുകൾ മദുറോയ്ക്കെതിരെ ഗോൺസാലസിൻ്റെ തിളക്കമാർന്ന വിജയത്തെയാണ് സൂചിപ്പിച്ചിരുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വാദം.
കോസ്റ്റാറിക്ക, പെറു, അർജന്റീന ഉൾപ്പെടെയുള്ള ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന നിലപാടിലാണ്. അതേസമയം, ക്യൂബ, ബൊളീവിയയുമെല്ലാം മദുറോയുടെ ജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ചു.
പ്രതിപക്ഷ സഖ്യമായ യൂണിറ്ററി പ്ലാറ്റ്ഫോമിന്റെ പിന്തുണയുള്ള എഡ്മണ്ടോ ഗോൺസാലസിൻ ഇന്നലെ വൈകിട്ട് തിരഞ്ഞെടുപ്പ് വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. അനൗദ്യോഗിക എക്സിറ്റ് പോളുകളും വിജയം പ്രവചിച്ചിരുന്നത് ഗോൺസാലസിനായിരുന്നു. ഔദ്യോഗികമായി വെനസ്വേലയിൽ എക്സിറ്റ് പോളുകൾക്ക് വിലക്കുണ്ട്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച് ഗോൺസാലസിൻ രംഗത്തെത്തി.
'' ഞാന്‍ രാജ്യത്തെ ജനാധിപത്യത്തെയും നിയമസംവിധാനത്തെയും ക്രമസമാധാനത്തെയും സംരക്ഷിക്കും,'' വിജയം ഉറപ്പാക്കിയശേഷം മദുറോ ജനങ്ങളോട് പറഞ്ഞു. വിജയം രാഷ്ട്രീയ ആചാര്യനായ ഹ്യൂഗോ ഷാവേസിന് സമര്‍പ്പിച്ചു. ജനങ്ങളും വിപ്ലവവും വിജയിച്ചുവെന്നായിരുന്നു ക്യൂബന്‍ നേതാവ് മിഗേല്‍ ഡയസ് കാനല്‍ പ്രതികരിച്ചത്. ഹ്യൂഗോ ഷാവേസിനെ ഇതേക്കാള്‍ ഗംഭീരമായി ആദരിക്കാന്‍ കഴിയില്ലെന്ന് ബൊളിവീയയിലെ ഇടതു നേതാവ് ലൂയിസ് ആര്‍ക് പ്രതികരിച്ചു.
1998-ൽ ഹ്യൂഗോ ഷാവേസിന്റെ നേതൃത്വത്തിൽ ആരംഭിച്ച വെനസ്വേലയിലെ സോഷ്യലിസ്റ്റ് ഭരണത്തിനു അന്ത്യമാകുമെന്ന് കരുതപ്പെട്ടിരുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും അതുമൂലമുണ്ടായ വലിയ പലായനവുമായിരുന്നു തിരഞ്ഞെടുപ്പിൽ മദുറോയ്ക്കെതിരെ പ്രതിപക്ഷം ഉയർത്തി കാട്ടിയിരുന്ന പ്രചാരണ ആയുധം.
