സാങ്കേതിവിദ്യ വികസിച്ചതോടെ അടുത്തകാലത്തായി ഇന്റര്‍നെറ്റില്‍ ചന്ദ്രനിലും ബഹിരാകാശത്തും സ്ഥലവില്‍പ്പന പൊടിപൊടിക്കുകയാണ്. കേരളത്തിലെ പലരും ഇത്തരത്തില്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിയ വാര്‍ത്തകള്‍ നമ്മള് ഇടയ്ക്ക് കേള്‍ക്കാറുമുണ്ട്. ബഹിരാകാശ ടൂറിസവും മനുഷ്യന് ബഹിരാകാശത്ത് താമസിക്കാനുള്ള സാധ്യതകളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് പിന്നാലെയാണ് ഇത്തരം സ്ഥല വില്പന വാര്‍ത്തകള്‍ക്ക് പ്രചാരം ലഭിച്ചതും. എന്നാൽ ഈ പറയുന്നതൊക്കെ യുക്തിക്ക് യോജിക്കുന്നതും ഒരുപരിധിവരെ എന്നെങ്കിലും നടക്കാൻ സാധിക്കുന്നതും യാഥാർത്ഥ്യവും ആകുന്നതാണ്.
എന്നാൽ 'പ്രപഞ്ചത്തിന്റെ സ്രഷ്ടാവി'ന്റെ തൊട്ടടുത്തു സ്ഥലമൊരുക്കാന്‍ ഇടനിലക്കാരാവുകയാണ് സ്പാനിഷ് - പോര്‍ച്ചുഗല്‍ വംശാവലിയിലുള്ള ഒരു പള്ളി. ഇതുമായി ബന്ധപ്പെട്ട് താന്‍ 2017ല്‍ ദൈവത്തോട് ആശയവിനിമയം നടത്തി എന്നാണ് ഇന്റോമിലെ ഒരു വൈദികന്റെ അവകാശവാദം. ദൈവത്തിന്റെ നിര്‍ദേശപ്രകാരം സ്വര്‍ഗത്തിലെ ഭൂമി ഒരു സ്ക്വയര്‍ മീറ്ററിന് 100 ഡോളര്‍ എന്ന നിലയ്ക്ക് വില്ക്കാന് തയ്യാറാണെന്നും ഇയാൾ അവകാശപ്പെടുന്നു.
'ചർച്ച് ഓഫ് ദി എൻഡ് ഓഫ് ടൈംസ്' (the Church of the End of Times) എന്നറിയപ്പെടുന്ന ഇഗ്ലേഷ്യ ഡെൽ ഫൈനൽ ഡി ലോസ് ടൈംപോസ് എന്ന സഭയാണ് സ്വര്‍ഗത്തില്‍ മനുഷ്യന് ഭൂമി വാഗ്ദാനം ചെയ്യുന്നത്. ദൈവവുമായുള്ള തികച്ചും വ്യക്തിപരമായ ഒരു മീറ്റിംഗിൽ സഭയുടെ പാസ്റ്റർക്ക് സ്വര്‍ഗ ഭൂമി മനുഷ്യന് വില്‍ക്കാനുള്ള ദൈവിക അംഗീകാരം ലഭിച്ചുവെന്നാണ് സഭ അവകാശപ്പെടുന്നത്. ചതുരശ്ര മീറ്ററിന് 100 ഡോളര്‍ (ഏകദേശം 8,335 രൂപ) കൊടുത്ത് സ്വർഗത്തിൽ മനുഷ്യന് ഭൂമി സുരക്ഷിതമാക്കാമെന്നാണ് സഭയുടെ വാഗ്ദാനം. തീര്‍ന്നില്ല, ദൈവത്തിന്റെ കൊട്ടാരത്തിനടുത്തുള്ള പ്രധാന സ്ഥലങ്ങളും സ്വർഗത്തിൽ ഏറ്റവും സുരക്ഷിതവും ഉറപ്പുമുള്ള സ്ഥലവും പാസ്റ്റർ, ഭൂമിയിലെ മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ടിക് ടോക് ഇന്‍ഫ്ളുവന്‍സേഴ്സാണ് വിചിത്രമായ ഈ വാര്‍ത്ത ഓണ്‍ലൈനായി പുറത്തു വിട്ടത്. ഭൂമിയിടപാടിന്റെ വിവരങ്ങളടങ്ങിയ ഒരു ബ്രോഷര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകാശപൂരിതമായ മേഘങ്ങള്‍ക്കിടയില്‍ നിര്‍മ്മിക്കപ്പെട്ട ഒരു വീടിന്റെയും അതിലേക്ക് പ്രവേശിക്കുന്ന ഒരു കുടുംബത്തിന്റെയും ചിത്രത്തിനൊപ്പം വിസ, മാസ്റ്റര്‍, മയെസ്ട്രോ, രൂപേ, ഗൂഗിള്‍ പേ, ആപ്പിള്‍ പേ തുടങ്ങി പണമടയ്ക്കുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍ എന്നിവയാണ് ബ്രോഷറിന്റെ ഉള്ളടക്കം.പുറമെ ഫ്ലെക്സിബിൾ പേയ്മെന്റ് പ്ലാനുകളും സഭ മുന്നോട്ട് വയ്ക്കുന്നു. ഇത് ലോകം കണ്ടിട്ടുള്ള ഏറ്റവും വലിയ ഭൂമിയിടപാടാണ് എന്നും, പള്ളിയുടെ പക്കല്‍ ഇപ്പോള്‍ തന്നെ ദശലക്ഷക്കണക്കിനു ഡോളറുകള്‍ ഉണ്ടാകും എന്നുമാണ് പ്രശസ്ത റിയല്‍ എസ്റ്റേറ്റ് ഇന്‍ഫ്ളുവന്‍സറായ അര്‍മാന്‍ഡോ പാന്റോജ അഭിപ്രായപ്പെട്ടത്.
