![]() |
| Courtesy |
ഒറ്റയടിക്ക് കൂടുതൽ നടന്മാർക്കെതിരെ ആരോപണങ്ങളുമായെത്തിയത് നടി മിനു മുനീറാണ് (മിനു കുര്യൻ). നടനും എം.എൽ.എയുമായ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ എന്നിവരിൽ നിന്നായി ശാരീരികമായും വാക്കാലുമുള്ള അതിക്രമം നേരിട്ടെന്നാണ് നടി വെളിപ്പെടുത്തിയത്. ഇവരെ കൂടാതെ, അഡ്വ. ചന്ദ്രശേഖരൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, വിച്ചു എന്നിവരിൽ നിന്നും അതിക്രമം നേരിട്ടതായി നടി ആരോപിച്ചു.
ആദ്യത്തെ ദുരനുഭവം 2008ലാണു ഉണ്ടായതെന്നു മിനു മാധ്യമങ്ങളോട് പറഞ്ഞു. ജയസൂര്യയുടെ ഭാഗത്തുനിന്നാണ് മോശമായ പെരുമാറ്റം ഉണ്ടായത്.ആദ്യ ചിത്രമായ 'ദേ ഇങ്ങോട്ട് നോക്കിയെ' ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ജയസൂര്യ മോശമായി പെരുമാറിയത്. സെക്രട്ടേറിയറ്റിലായിരുന്നു ഷൂട്ടിങ്. റസ്റ്റ് റൂമിൽ പോയിട്ടുവന്നപ്പോൾ ജയസൂര്യ പുറകിൽനിന്നു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചു. പിന്നീട് ശല്യം ഉണ്ടായില്ല. ആരോടെങ്കിലും ഇക്കാര്യം പറയാൻ പേടിയായിരുന്നെന്നും നടി പറഞ്ഞു. 2013 ആയപ്പോളേക്കും താൻ 6 സിനിമകളിൽ അഭിനയിച്ചു. 3 സിനിമയിൽ അഭിനയിച്ചാൽ അമ്മ സംഘടനയിൽ അംഗത്വം ലഭിക്കും. ഇടവേള ബാബുവിനെ ഫോണിൽ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് ക്ഷണിച്ചു. ഫോം പൂരിപ്പിച്ചുകൊണ്ടു നിന്നപ്പോൾ ഇടവേള ബാബു കഴുത്തിൽ ചുംബിച്ചു. പെട്ടെന്ന് ഫ്ലാറ്റിൽനിന്നിറങ്ങി. അമ്മയിൽ അംഗത്വം കിട്ടിയില്ല. ഇതെല്ലാം മടുത്താണ് ചെന്നൈയിലേക്ക് പോയതൊന്നും നടി പറയുന്നു.
പല സന്ദർഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനിൽ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. അമ്മയിൽ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇത്രയും പേർക്ക് കിടക്ക പങ്കിടണമെന്ന ആവശ്യമാണ് പറഞ്ഞത്. കിടക്ക പങ്കിട്ടാൽ മാത്രമേ അമ്മയിൽ അംഗത്വം നൽകൂവെന്ന് മുകേഷ് പറഞ്ഞു. മുകേഷ് സെറ്റിൽ വച്ച് മോശമായ രീതിയിൽ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോൾ അമ്മയിൽ ചേരാൻ ആവശ്യപ്പെട്ടു. എന്നാൽ അമ്മയിൽ ചേരാൻ ശ്രമിച്ചപ്പോൾ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താൻ അറിയാതെ ഒന്നും മലയാള സിനിമയിൽ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്.
പ്രൊഡക്ഷൻ കൺട്രോളർ നോബിൾ മോശമായി സംസാരിച്ചു. നടനും നിർമ്മാതാവുമായ മണിയണ പിള്ള രാജുവും മോശമായി സംസാരിച്ചു. തനിക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന രീതിയിൽ സ്വകാര്യമായ കാര്യങ്ങൾ ചോദിച്ചു. ആഷിഖ് അബു ചിത്രം ഡാ തടിയയുടെെ ചിത്രീകരണത്തിനിടയിലും മണിയൻപിള്ള രാജു തന്നെ മോശം ഉദ്ദേശത്തോടെ സമീപിച്ചതായും മിനു വെളിപ്പെടുത്തി. മണിയൻപിള്ള രാജു തന്റെ ഡോറിൽ തട്ടി. തുറക്കാതിരുന്നതിനാൽ പിറ്റേ ദിവസം സെറ്റിൽ വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു വ്യക്തമാക്കി.
