c
![]() |
| Courtesy -ESA. ജ്യൂസ് ചന്ദ്രന് സമീപം പറന്നപ്പോൾ പകർത്തിയ ചിത്രം |
അതിസങ്കീർണമായ ഒരുഘട്ടം പൂർത്തിയാക്കിയിരിക്കുകയാണ് യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ജുപ്പീറ്റർ ഐസി മൂൺസ് എക്സ്പ്ലോറർ (ജ്യൂസ്) പേടകം. ഭൂമിക്കും ചന്ദ്രനും അരികിലൂടെ സഞ്ചരിച്ച പേടകം ശുക്രനെ ലക്ഷ്യമാക്കി സഞ്ചാരം ആരംഭിച്ചു. ഭൂമിയുടെയും ചന്ദ്രന്റേയും ഗുരുത്വാകർഷണ ബലം പ്രയോജനപ്പെടുത്തി വ്യാഴത്തിനരികിലേക്ക് സഞ്ചരിക്കാനുള്ള വേഗം കൈവരിക്കുന്നതിനാണ് പേടകം ഭൂമിക്കും ചന്ദ്രനും അരികിലൂടെ പറന്നത്. ചരിത്രത്തിൽ ഇത്തരം ഒരു ശ്രമം ആദ്യമാണ്.
2023 ഏപ്രിൽ നാലിനാണ് എരിയൻ 5 ഇ സിഎ റോക്കറ്റിൽ ജ്യൂസ് പേടകം വിക്ഷേപിച്ചത്. ഇതിന് ശേഷം പല തവണയായി ഭൂമിയേയും ചന്ദ്രനെയും വലം വെക്കുകയും വേഗം ക്രമീകരിക്കുകയും ഭ്രമണപഥം വലുതാക്കുകയും ചെയ്തതിന് ശേഷമാണ് ജ്യൂസ് പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിലേക്ക് സഞ്ചരിക്കുക. ലൂണാർ-എർത്ത് ഫ്ലൈബൈ എന്നും, സ്ലിങ്ഷോട്ട് എന്നുമെല്ലാം ഈ പ്രക്രിയയെ വിളിക്കുന്നു. വിക്ഷേപണ ശേഷം ആദ്യമായാണ് പേടകം ഇത്തരത്തിൽ സ്ലിങ്ഷോട്ട് നടത്തുന്നത്.
ഓഗസ്റ്റ് 19 ന് രാത്രി 11.15 നാണ് പേടകം ചന്ദ്രന് ഏറ്റവും അരികിലെത്തിയത്. ചന്ദ്രന്റെ ഗുരുത്വ ബലത്തിന്റെ പിൻബലത്തിൽ തൊട്ടടുത്ത ദിവസം പേടകം ഭൂമിയുടെ അരികിലുമെത്തി. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ നിയന്ത്രണത്തിലാണ് പേടകത്തിന്റെ സങ്കീർണമായ സഞ്ചാരപാതയും വേഗവും ക്രമീകരിക്കുന്ന ഉദ്യമം പൂർത്തിയാക്കിയത്.
ചന്ദ്രന്റെ അരികിലൂടെ കടന്നുപോയ പേടകത്തിന് സൂര്യനെ അപേക്ഷിച്ച് സെക്കന്റിൽ 0.9 കിമീ വേഗം കൈവരിക്കാനായി. ശേഷം ഭൂമിക്കരികിലൂടെ കടന്നുപോയപ്പോൾ വേഗം സെക്കന്റിൽ 4.8 കിമീ കുറച്ചു. ഈ ഉദ്യമത്തിലൂടെ പേടകത്തിന്റെ പാതയിൽ 100 ഡിഗ്രി മാറ്റമുണ്ടാക്കി.
ഇതുവഴി 100-150 കിലോഗ്രാം ഇന്ധനം ലാഭിക്കാൻ പേടകത്തിന് സാധിച്ചു. ഒപ്പം വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമെഡിനടുത്തുള്ള ദൗത്യത്തിന് ആവശ്യമായ അധിക പ്രൊപ്പല്ലന്റും ഇതുവഴി പേടകത്തിന് ലഭിച്ചു.2025 ഓഗസ്റ്റിൽ പേടകം ശുക്രന് സമീപമെത്തും. ശേഷം 2026, 2029 വർഷങ്ങളിൽ വീണ്ടും രണ്ട് തവണ ഭൂമിയ്ക്കടുത്തേക്ക് വരും. 2031 ലാണ് ജ്യൂസ് പേടകം വ്യാഴത്തിന് അരികെയെത്തുക.
