![]() |
| Courtesy |
ദേശീയ രാഷ്ട്രീയത്തില്‍ അരങ്ങേറ്റം കുറിച്ച് പ്രിയങ്കാ ഗാന്ധി. വയനാട് ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ച് പ്രിയങ്ക. കൽപ്പറ്റയിൽ വന്‍ പൊതുജന റാലിയുടെയും റോഡ് ഷോയുടെയും അകമ്പടിയോടെയാണ് പ്രിയങ്ക പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി എന്നിവരും പ്രിയങ്കയ്ക്കൊപ്പമുണ്ടായിരുന്നു. റോഡ് ഷോ കഴിഞ്ഞ് മുഖ്യവരണാധികാരിയായ വയനാട് ജില്ലാ കളക്ടർക്ക് പ്രിയങ്ക നാമനിർദേശ പത്രിക സമർപ്പിച്ചു.
"എന്റെ അനുജത്തിയെ നോക്കിക്കോണം" എന്നു പറഞ്ഞ് രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. 35 വർഷം തന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും സഹപ്രവർത്തകർക്കും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട് ഇത് ആദ്യമായാണ് തനിക്കുവേണ്ടി തന്നെ പ്രചാരണം നടത്തുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് പ്രിയങ്ക ഗാന്ധി പ്രസംഗം ആരംഭിച്ചത്.
ഒന്നരവർഷത്തിനു ശേഷമാണ് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഒരു പൊതുവേദിയിലെത്തുന്നത് എന്ന പ്രത്യേകതയും ഇന്നത്തെ പൊതുയോഗത്തിനുണ്ട്.വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും സംഭവിച്ച ഉരുൾപൊട്ടലിൽ ബാക്കിപത്രം താൻ സഹോദരനൊപ്പം നേരിട്ട് കണ്ടതാണെന്നും, മെഡിക്കൽ കോളേജ് ആവശ്യവും രാത്രിയാത്ര നിരോധനവുമുൾപ്പെടെയുള്ള വയനാട്ടിലെ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഇനിമുതലങ്ങോട്ട് ഏറ്റെടുക്കുമെന്നും പ്രിയങ്ക പറഞ്ഞപ്പോൾ ,വയനാടിന് ഇനിമുതൽ രണ്ട് അംഗങ്ങളുണ്ടെന്നും തങ്ങൾ രണ്ടുപേരും വായനാടിനുവേണ്ടി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധിയും പറഞ്ഞു.
പത്രിക സമർപ്പണത്തിന് ശേഷം ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ ജീവന് പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പുത്തുമലയിലെത്തിയത്. കൂട്ടസംസ്കാരം നടന്ന സ്ഥലത്ത് പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയശേഷമാണ് മടങ്ങിയത്.
