കേരളത്തിലെ ഏറ്റവും സുരക്ഷിതമായ മണ്ഡലത്തിൽ ഗാന്ധി കുടുംബത്തിന് വോട്ട് കുറഞ്ഞാൽ മാത്രമേ അത്ഭുതപ്പെടേണ്ട കാര്യമുള്ളൂ
![]() |
| Courtesy |
വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ പ്രിയങ്ക ജയിച്ചു.4,03,966 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ നിന്നും ജയിച്ച് പ്രിയങ്ക പാർലമെൻ്റിലേക്ക് ടിക്കറ്റെടുത്തത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് ലഭിച്ചതിനെക്കാളും കൂടുതലാണ് വോട്ടാണ് പ്രിയങ്കയ്ക്ക് കിട്ടിയത്.
6,10,944 വോട്ടുകളാണ് പ്രിയങ്ക വയനാട്ടിൽ നിന്നും കോൺഗ്രസ് പെട്ടിയിലാക്കിയത്. രണ്ടാമതെത്തിയ എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരിക്ക് 2,06,978 വോട്ടുകളാണ് ലഭിച്ചത്. മൂന്നാമതെത്തിയ ബിജെപി സ്ഥാനാർഥിക്ക് 1,07,971 വോട്ടുകളാണ് ലഭിച്ചത്.
വോട്ടെണ്ണൽ ആരംഭിച്ച ഘട്ടം മുതൽ കൃത്യമായ വോട്ട് ലീഡോടു കൂടിയാണ് പ്രിയങ്ക മുന്നേറിയത്. അവസാന ഘട്ടം വരെയും തുടർന്നിരുന്നു. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിൽ പോലും എതിർ സ്ഥാനാർഥികൾക്ക് മുഖം കൊടുക്കാതെയായിരുന്നു പ്രിയങ്കാ ഗാന്ധി വയനാട്ടിൽ തേരോട്ടം നടത്തിയത്.കന്നിയങ്കത്തിനായി പ്രിയങ്കയെ തെരഞ്ഞെടുപ്പ് കളത്തിലെത്തിച്ച കോൺഗ്രസിൻ്റെ കണക്കുക്കൂട്ടലുകൾ ലക്ഷ്യസ്ഥാനത്ത് തന്നെ എത്തിയിരിക്കുന്നു.
അതേസമയം വിജയിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി. തന്റെ വിജയം യഥാര്‍ത്ഥത്തില്‍ വയനാട്ടിലെ ജനങ്ങളുടെ വിജയമാണെന്നും പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകാന്‍ കാത്തിരിക്കുകയാണെന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രിയങ്ക ഗാന്ധി പറഞ്ഞു.
