മൂന്ന് പതിറ്റാണ്ട് തികയാൻ മാസങ്ങൾക്ക് മുൻപ് കൂത്തുപറമ്പ് രക്തസാക്ഷികളുടെ കൂട്ടത്തിലേക്ക് പാർട്ടിയെ തള്ളി പറയാതെ പുഷ്പനും..
പുഷ്പനില്ലാത്ത ആദ്യ കൂത്തുപറമ്പ് രക്തസാക്ഷി ദിനമാണിന്ന്. 1994 നവംബർ 25നു കൂത്തുപറമ്പിലുണ്ടായ പൊലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു . ഇതാണ്, കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്. അന്ന്, പരിയാരം മെഡിക്കൽ കോളജ് സ്വകാര്യ സ്വാശ്രയ വത്കരണത്തെ എതിർത്തുകൊണ്ടുള്ള സമരമാണ് നടന്നത്.കേരളത്തിൻ്റെ സമര ചരിത്രത്തിൽ, ജനകീയ സമരങ്ങൾക്ക് നേരെ പൊലീസ് തോക്കുകളിൽ നിന്ന് ചീറിയ തീയുണ്ടകൾ ജീവനെടുത്ത അവസാന വെടിവെപ്പാണ് കൂത്തുപറമ്പിലേത്.
അഞ്ചുപേരാണന്ന് കൊല്ലപ്പെട്ടത്. കെ.കെ. രാജീവൻ, കെ. ബാബു, മധു, കെ.വി. റോഷൻ, ഷിബുലാൽ എന്നിവരാണത്. വെടിയേറ്റ് 30 വർഷം ഒന്ന് തിരിയാൻ പോലും ആവാതെ ശയ്യാവലംബിയായി ജീവിച്ച പുഷ്പൻ ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് 28 നാണ് വിടവാങ്ങിയത്. പുഷ്പന് യാത്രാമൊഴിയേകാൻ കൂത്തുപറമ്പിൽ ഒരുക്കിയ ചിത്രപ്രദർശനത്തിൽ മധുവിനും റോഷനും രാജീവനും ഷിബുലാലിനും ബാബുവിനും ഒപ്പം പുഷ്പന്റെ കൂടി ചിത്രം ഉൾപ്പെടുത്തി പുതിയ രക്തസാക്ഷി പട്ടികയാണിപ്പോഴുള്ളത്.
എൺപത്തിയാറിലെ ബദൽ രേഖ ഉയർത്തിയ കൊടുങ്കാറ്റിന് പിന്നാലെ എം.വി. രാഘവൻ സിപിഎമ്മിൽ നിന്ന് പുറത്തായി സ്വന്തം പ്രസ്ഥാനം കെട്ടിപ്പടുത്ത് യുഡിഎഫിൽ ചേർന്ന് പാർട്ടിയുടെ കണ്ണിലെ കരടായി മാറിയ കാലം. കെ. കരുണാകരൻ മന്ത്രിസഭയിൽ സഹകരണ മന്ത്രിയായിരുന്ന എം.വി. ആർ, കൂത്തുപറമ്പ് അർബൻ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാൻ എത്തിയ ദിവസത്തെ സംഘർഷമാണ് കൂത്തുപറമ്പ് വെടിവെയ്പ്പിൽ കലാശിച്ചത്.
പരിയാരത്ത് തുടങ്ങാനിരുന്ന മെഡിക്കൽ കോളേജിന്റെ ഉടമസ്ഥാവകാശം സർക്കാരിൽ നിന്ന് മാറ്റി ഒരു ട്രസ്റ്റിന്റെ കീഴിൽ കൊണ്ടുവരാനുള്ള മുഖ്യമന്ത്രി കെ. കരുണാകരൻ്റെയും എംവിആറിൻ്റേയും ശ്രമത്തിനെതിരെ ആയിരുന്നു സമരം. മന്ത്രിക്കെതിരെ കരിങ്കൊടി കാട്ടാൻ ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റി തീരുമാനിക്കുന്നു. മന്ത്രിയെ കരിങ്കൊടി കാട്ടാനുള്ള ഡിവൈഎഫ്ഐ പ്രവർത്തകരുടെ ശ്രമം സംഘർഷത്തിൽ കലാശിച്ചു.
എം.വി. ആറിൻ്റെ ജീവൻ അപകടത്തിലാണെന്ന് പൊലീസ് റിപ്പോർട്ടിങ്ങിനെ തുടർന്ന് ഉന്നത അധികാരികൾ വെടിവയ്ക്കാൻ ഉത്തരവിട്ടു. ഡിവൈഎഫ്ഐ നേതാവ് സി. ബാബു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷിബുലാൽ, കെ.കെ. രാജീവൻ, മധു, റോഷൻ എന്നീ ചെറുപ്പക്കാർ വെടിയേറ്റു രക്തസാക്ഷികളായി. 1996 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയിൽ മത്സരിച്ച എം.വി. ആറിനെ കവി കടമ്മനിട്ടയെ നിർത്തി സിപിഎം തോൽപ്പിച്ചു.
ഏറെ കോളിളക്കം സൃഷ്ടിച്ച കൂത്തുപറമ്പ് വെടിവെപ്പിൽ പൊലീസുദ്യോഗസ്ഥർക്കെതിരേയും സമരം നടത്തിയവർക്കെതിരേയും കേസുകളുണ്ടായി. സംഭവത്തെത്തുടർന്ന് പൊലീസുദ്യോഗസ്ഥർക്കെതിരേ കേസെടുക്കാൻ കീഴ്ക്കോടതി നടപടിയെടുത്തു. എന്നാൽ, പ്രോസിക്യൂഷന് മുൻകൂർ അനുമതി വാങ്ങാതെയാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടി ഹൈകോടതി കേസ് നടപടികൾ റദ്ദാക്കുകയുണ്ടായി. 1995-ൽ പൊലീസുകാർക്കെതിരേ സ്വകാര്യ അന്യായം ഫയൽ ചെയ്തതിനെത്തുടർന്നാണ് കേസെടുക്കാനുള്ള നടപടിയുണ്ടായത്.
ഇതെപ്പറ്റി അന്വേഷിക്കാൻ ഇടതുമുന്നണി സർക്കാർ നിയമിച്ച പത്മനാഭൻ കമ്മീഷൻ 1997-ൽ നൽകിയ റിപ്പോർട്ട് അനുസരിച്ച് എം.വി. രാഘവൻ, ഡെപ്യൂട്ടി കളക്ടർ ടി.ടി. ആന്റണി, ഡി.വൈ.എസ്.പി. അബ്ദുൾ ഹക്കീം ബത്തേരി, എസ്.പി. രവത ചന്ദ്രശേഖർ എന്നിവരും കുറ്റക്കാരായിരുന്നു. ഇവരെ പ്രതി ചേർത്ത് പുതിയൊരു എഫ്.ഐ.ആർ. ഫയൽ ചെയ്യപ്പെടുകയുണ്ടായി. ഈ കേസിലെ നടപടികൾ നിർത്തിവയ്ക്കാൻ പ്രതികളുടെ ഹർജിയെത്തുടർന്ന് സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി . ഹെഡ് കോൺസ്റ്റബിൾമാരായ ശശിധരൻ, സഹദേവൻ, പ്രേംനാഥ്, കോൺസ്റ്റബിൾമാരായ ദാമോദരൻ, രാജൻ, സ്റ്റാൻലി, അബ്ദുൾ സലാം, ജോസഫ്, സുരേഷ്, ചന്ദ്രൻ, ബാലചന്ദ്രൻ, ലൂക്കോസ്, അഹമ്മദ് എന്നിവരെയും 2006-ൽ കൂത്തുപറമ്പ് മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസിൽ പ്രതികളാക്കിയിരുന്നു. സമരം നടത്തിയവർക്കെതിരെ കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 353 പ്രകാരമുള്ള കേസ് എം.വി. രാഘവനെ കൊല്ലാൻ ശ്രമിച്ചു എന്നതാണ്. ഈ കേസിൽ മൂവായിരത്തോളം പേർ പ്രതികളായിരുന്നു. ക്രൈം നമ്പർ 354 പ്രകാരമുള്ള കേസിൽ പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ ശ്രമിച്ചു എന്ന കേസിൽ ആയിരത്തോളം പേർ പ്രതികളായിരുന്നു.
കാലം കുറേ പോയപ്പോൾ പാർട്ടി അതെല്ലാം മറന്നു. അവസാന കാലത്ത് എംവിആറിനോടുള്ള പാർട്ടിയുടെ സമീപനം മാറി. സിപിഎമ്മിനോടടുക്കാൻ എം.വി. ആറും ആഗ്രഹിച്ചു. രോഗശയ്യയിലായ എം.വി. ആറിനെ പിണറായി വിജയൻ സന്ദർശിച്ചു. അന്തരിച്ചപ്പോൾ സിപിഎം നേതാക്കളെത്തി അന്ത്യാഭിവാദ്യമർപ്പിച്ചു. എം.വി. ആർ കെട്ടിപ്പടുത്ത സിഎംപി പലതായി വിഘടിച്ച് ചിതറി. ഒരു ഭാഗം സിപിഎമ്മിൽ തന്നെ ലയിച്ചു.
മാധ്യമപ്രവർത്തകനും എം.വി. ആറിൻ്റെ മകനുമായ എം.വി. നികേഷ് കുമാർ പാർട്ടിയോടടുത്തു. 2016ൽ നികേഷ് അഴീക്കോട് സിപിഎം സ്ഥാനാർഥിയായി. എം.വി. ആർ അനുസ്മരണം സിപിഎം നേരിട്ട് സംഘടിപ്പിക്കാൻ തുടങ്ങി. ഒടുവിൽ പുഷ്പൻ വിടവാങ്ങിയപ്പോൾ നികേഷ് കുമാർ എത്തി മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ചു.
വെടിവയ്പ്പ് ദിവസം കൂത്തുപറമ്പിലെ അന്തരീക്ഷം വഷളാകാനുള്ള സാധ്യത മനസ്സിലാക്കിയ ഉദ്യോഗസ്ഥർ നേരത്തെ തന്നെ മന്ത്രിയെ വിവരമറിയിച്ചുവെന്നും അതവഗണിച്ച് എം.വി. ആർ അവിടെയെത്തിയെന്നുമാണ് ഒരു പക്ഷം. എന്നാൽ സംഘർഷമുണ്ടാക്കാനുള്ള സമരക്കാരുടെ പദ്ധതി തനിക്കും സർക്കാരിനും അറിയില്ലായിരുന്നു എന്നാണ് എം.വി. ആർ ആത്മകഥയായ ഒരു ജന്മത്തിൽ കുറിച്ചത്. ഒടുവിൽ ചുമരിൽ പതിപ്പിച്ച ചിത്രങ്ങളിൽ വലത്തെ അറ്റത്ത് ഒരു അംഗമായി പുഷ്പനും മാറി....!
Also read സഹനസൂര്യന് വിട
