ശശി തരൂർ എം.പി ബുധനാഴ്ച രാവിലെ പത്രം വായിക്കാൻ ഇരുന്നപ്പോൾ കൂട്ടിന് ഒരു അപ്രതീക്ഷിത അതിഥിയെത്തി. ഒരു കുരങ്ങനാണ് ശശി തരൂരിന്ഠെ മടിയിൽ വന്നിരുന്നത്. കുരങ്ങൻ ഒരു പഴം കഴിക്കുകയും അദ്ദേഹത്തിന്റെ മടിയിൽ കിടന്ന് ഉറങ്ങുകയും ചെയ്തു. ശശി തരൂർ ഈ ചിത്രങ്ങൾ എക്സ് പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. നാല് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചത്. ഒന്നിൽ അദ്ദേഹത്തിന്റെ മടിയിൽ കയറി ഇരുന്ന് പിന്നിലേക്ക് നോക്കുന്ന കുരങ്ങിനെ കാണം. രണ്ടാമത്തെ ചിത്രത്തിൽ കുരങ്ങൻ ഒരു പഴം കഴിക്കുന്നു. മൂന്നാമത്തെ ചിത്രത്തിൽ പഴത്തിന്റെ തൊലി അദ്ദേഹത്തിന്റെ മടിയിൽ തന്നെ ഉപേക്ഷിച്ച് കുരങ്ങൻ ജാക്കറ്റ് പരിശോധിക്കുന്നത് കാണാം. നാലാമത്തെ ചിത്രത്തിലാകട്ടെ കുരങ്ങൻ തരൂരിന്റെ മടിയിൽ കിടന്ന് സുഖമായി ഉറങ്ങുന്നതും കാണാം.
ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് തരൂർ ഇങ്ങനെ കുറിച്ചു. ഇന്ന് അസാധാരണമായ ഒരു അനുഭവം ഉണ്ടായി. ഞാൻ പൂന്തോട്ടത്തിൽ ഇരുന്ന് പ്രഭാത പത്രങ്ങൾ വായിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു കുരങ്ങൻ അലഞ്ഞുതിരിഞ്ഞു എന്റെ അടുത്തേക്ക് വന്ന് എന്റെ മടിയിൽ ഇരുന്നു. ഞങ്ങൾ കൊടുത്ത രണ്ട് പഴങ്ങൾ അവൻ ആർത്തിയോടെ തിന്നു, എന്നെ കെട്ടിപ്പിടിച്ച് നെഞ്ചിൽ തല ചായ്ച്ചു കിടന്നുറങ്ങി. ഞാൻ പതുക്കെ എഴുന്നേൽക്കാൻ തുടങ്ങി, അവൻ ചാടി എണീറ്റു എങ്ങോട്ടോ ഓടിപ്പോയി.
അതേസമയം ഇമറ്റൊരു കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. 'വന്യജീവികളോടുള്ള ബഹുമാനം ഞങ്ങളിൽ വേരൂന്നിയതാണ്. അതിനാൽ കുരങ്ങുകടിയുടെ അപകടസാധ്യതയെക്കുറിച്ച് എനിക്ക് അൽപ്പം ആശങ്കയുണ്ടായിരുന്നു. എങ്കിലും ഞാൻ ശാന്തനായിരുന്നു, അവന്റെ സാന്നിധ്യം ഭീഷണിയല്ലെന്ന് തിരിച്ചറിഞ്ഞു. എന്റെ വിശ്വാസം ശരിയായതിലും ഞങ്ങളുടെ കണ്ടുമുട്ടൽ തികച്ചും സമാധാനപരവും സൗമ്യവുമായിരുന്നതിനാലും ഞാൻ സംതൃപ്തനാണ്.
