ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്കരിക്കണമെന്നും ആയിരുന്നു ആവശ്യം.
സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് തന്നെ വിട്ടുനല്‍കും. മൃതദേഹ സംസ്കരണവുമായി ബന്ധപ്പെട്ട് പെണ്മക്കള് നല്കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബഞ്ച് തള്ളി. വിഷയം മധ്യസ്ഥ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി വിധി പറഞ്ഞത്. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലെ വൈദ്യ പഠനത്തിന് വിട്ട് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ മക്കളായ ആശ ലോറന്‍സും സുജാത ബോബനുമാണ് അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
മൃതദേഹം വൈദ്യപഠനത്തിന് കൈമാറാന്‍ മകന് സജീവന് തീരുമാനിച്ചതെന്ന് കൃത്യമായ കാരണങ്ങളോടെ കോടതി കണ്ടെത്തുകയായിരുന്നു. മരണസമയത്ത് ആരുടെ ഒപ്പമായിരുന്നോ ഉണ്ടായിരുന്നത് ആ വ്യക്തിയോട് തന്റെ മൃതദേഹം വൈദ്യപഠനത്തിന് കൈമാറാന്‍ രേഖാമൂലമോ വാക്കാലോ അറിയിച്ചിട്ടുണ്ടെങ്കില്‍ അത് കണക്കിലെടുക്കാമെന്നാണ് നിയമം. മാത്രമല്ല എംഎം ലോറന്‍സിന്റെ അടുത്ത ബന്ധുക്കളായ രണ്ടു സാക്ഷികളെ കൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി സിങ്കിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. ഇതാണ് ഇപ്പോള്‍ ഡിവിഷന് ബെഞ്ച് ശരിവെക്കുകയും ചെയ്തത്.
ലോറന്‍സ് ഇടവക അംഗമാണെന്നും പള്ളിയില്‍ സംസ്കരിക്കണമെന്നുമായിരുന്നു മകളായ ആശ ലോറന്‍സിന്റെ ആവശ്യം. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനു കൈമാറണമെന്ന് എം എം ലോറന്‍സ് മരിക്കുന്നതിന് മുമ്പ് പറഞ്ഞിരുന്നു എന്ന് മൂത്തമകന് അഡ്വ. എം എല്‍ സജീവന് പറഞ്ഞതിനെതുടര്‍ന്നാണ് ആശ കോടതിയെ സമീപിക്കുന്നത്. മരണത്തിനു പിന്നാലേ ആശ സമര്‍പ്പിച്ച ഹര്‍ജിയില്‍ ബന്ധുക്കളോട് സംസാരിച്ച് അന്തിമതീരുമാനം എറണാകുളം മെഡിക്കല്‍ കോളേജിന് എടുക്കാമെന്ന ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിച്ചിരുന്നു.
തുടര്‍ന്ന് മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കണമെന്ന മകള്‍ ആശയുടെ ആവശ്യം കമ്മിറ്റി തള്ളുകയും മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കാന്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. തന്റെ മൃതദേഹം വൈദ്യപഠനത്തിനു നല്‍കണമെന്ന് ലോറന്‍സ് വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നതിന് സാക്ഷികളായ രണ്ട് ബന്ധുക്കള്‍ കമ്മിറ്റി മുന്‍പാകെ ഹാജരായിരുന്നു. തുടര്‍ന്നാണ് ആശ വീണ്ടും കോടതിയെ സമീപിച്ചത്.
മൃതദേഹം നിലവില്‍ എറണാകുളം മെഡിക്കല്‍ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സെപ്റ്റംബർ 21 നായിരുന്നു എം എം ലോറന്‍സിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.സിപിഎം കേന്ദ്ര കമ്മറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, ഇടതുമുന്നണി കണ്‍വീനര്‍, ദീര്‍ഘകാലം എറണാകുളം ജില്ലാ സെക്രട്ടറി, രണ്ടുതവണ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി, 25 വര്‍ഷത്തിലേറെ അഖിലേന്ത്യാ സെക്രട്ടറി തുടങ്ങി ദീര്‍ഘകാലം സിപിഎമ്മിന്റെ അനിഷേധ്യനായ നേതാവായിരുന്നു എം എം ലോറന്‍സ്.
അതേസമയം ലോറന്‍സിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ പ്രതികരണവുമായി കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രതാപ് സോമനാഥ്. എം.എം. ലോറന്‍സിന്റെ മൃതദേഹം എംബാം ചെയ്ത് വച്ചിരുന്നു. ഇനി ധൈര്യമായി കുട്ടികള്‍ക്ക് പഠിക്കാന്‍ വിട്ട് നല്‍കുമെന്നാണ് പ്രതാപ് സോമനാഥ് പ്രതികരിച്ചത്. മറ്റൊരു എതിര്‍പ്പും ഇനി ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും പ്രതാപ് സോമനാഥ് പറഞ്ഞു.
