ഒന്നര മാസം താത്കാലിക അധ്യാപികയായി ജോലി ചെയ്തതിന്റെ ശമ്പളത്തിനായി നിയമവിദ്യാര്‍ഥി കൂടിയായ അധ്യാപികയ്ക്ക് കാത്തിരിക്കേണ്ടിവന്നത് ഏഴ് വര്‍ഷം. അതും ലഭിച്ചതാകട്ടെ ലോക് അദാലത്തിലൂടെ. മുട്ടം കണ്ണോലില്കളത്തില് പ്രിയ മേനോനാണ് ഏഴ് വര്‍ഷത്തിനുശേഷം ഒന്നര മാസത്തെ ശമ്പളകുടിശ്ശിക 17,850 രൂപ കഴിഞ്ഞ ദിവസം ലഭിച്ചത്. ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിയാണ് പ്രിയ.
2018 സെപ്റ്റംബറിലാണ് അമ്പലപ്പുഴ കാക്കാഴം ഗവ.എച്ച്എസ്എസില്‍ ഹൈസ്കൂള്‍ വിഭാഗം താത്കാലിക അധ്യാപികയായി പ്രിയ ജോലിയില്‍ പ്രവേശിക്കുന്നത്. ഒന്നരമാസം ജോലി ചെയ്തപ്പോഴേക്കും ആ തസ്തികയില്‍ സ്ഥിര അധ്യാപികയെത്തി. ഇതോടെ പ്രിയയ്ക്ക് ജോലി നഷ്ടമായി. ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കുകയും നിവേദനങ്ങളുമായി ഓഫിസുകള്‍ കയറി ഇറങ്ങിയിട്ടും പ്രിയയ്ക്ക് വേതനം മാത്രം ലഭിച്ചില്ല. പലതവണ ഡിഡ ഓഫിസിലും സ്കൂളിലും കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് ലഭിച്ചില്ല. ഇതിനിടെ മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. പരാതി തീര്‍പ്പാക്കി എന്ന സന്ദേശം ഫോണില്‍ ലഭിച്ചല്ലാതെ ശമ്പളം ഇതിലും ലഭിച്ചില്ല.
അവസാനം കഴിഞ്ഞ ശനിയാഴ്ച കാര്‍ത്തികപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഹരിപ്പാട് നടത്തിയ ദേശീയ ലോക് അദാലത്തില്‍ പ്രിയ പരാതി നല്‍കുന്നത്. വിഷയം പരിഗണിച്ച അദാലത്ത് ജില്ലാ വിദ്യാഭ്യാസ ഓഫിസറും പ്രഥമാധ്യാപകനും ഹാജരാകാന്‍ നോട്ടീസ് നല്കി. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അദാലത്തിന് രണ്ട് ദിവസം മുന്‍പ് പ്രിയയുടെ അക്കൗണ്ടില്‍ ശമ്പളകുടിശ്ശിക ലഭിച്ചു. ഡിഡി ഓഫിസില്‍ നിന്നുള്ള ഉദ്യോഗസ്ഥനും പ്രഥമാധ്യാപകനും അദാലത്തില്‍ ഹാജരായി ശമ്പളം നല്‍കിയതായി അറിയിച്ചു.