ആന്റിജനുകളെയോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്സിനുകൾ ലക്ഷ്യമിടുക.
![]() |
| പ്രതീകാത്മക ചിത്രം. Courtesy |
കാന്‍സറിനെ ചെറുക്കാന്‍ റഷ്യ വാക്സിന് വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊരു എംആര്‍എന്‍എ വാക്സിന് ആണെന്നും രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയം റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ റഷ്യൻ ഭരണകൂടം തീരുമാനിച്ചെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസ്സ് റിപ്പോർട്ട് ചെയ്തു. 2025ൽ ആദ്യമാസങ്ങളിൽ തന്നെ വാക്സിൻ വിതരണം ചെയ്യാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. നിരവധി ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വാക്സിൻ വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന് ട്യൂമര്‍ വളര്‍ച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.
വാക്സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള നീണ്ട പ്രക്രിയ ആധുനിക സങ്കേതികവിദ്യയുടെ ഉപയോഗത്തോടെ ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങുയെന്നും റഷ്യൻ വാക്സിൻ പദ്ധതികളുടെ മേധാവി അറിയിച്ചു. വാക്സിനുകളുടെയും അതിലെ എംആർഎൻഎകളുടെ ഘടന നിശ്ചയിക്കുന്ന സങ്കീർണമായ പ്രക്രിയ AI യുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ന്യൂറൽ നെറ്റ്വർക്ക് കംപ്യൂട്ടിങ് വഴി അര മണിക്കൂർ മുതൽ പരമാവധി ഒരു മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന തരത്തിലേക്ക് മാറ്റാൻ കഴിഞ്ഞുവെന്നാണ് വാക്സിൻ മേധാവി വ്യക്തമാക്കുന്നത്.
ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ഉദ്ദീപിപ്പിച്ച് കാൻസർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്സിനുകളുടെ രീതി. ട്യൂമർ കോശങ്ങൾ ഉത്പാദിപ്പിക്കുന്ന ആന്റിജനുകളെയോ അല്ലെങ്കിൽ പ്രത്യേക പ്രോട്ടീനുകളെയോ ആയിരിക്കും വാക്സിനുകൾ ലക്ഷ്യമിടുക. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങൾക്കെതിരായി പ്രവർത്തിക്കാൻ സജ്ജമാക്കുകയാണ് ചെയ്യുന്നത്.
മാത്രമല്ല HPV വാക്സിൻ പോലെയുള്ള പ്രിവൻ്റീവ് വാക്സിനുകൾ കാൻസറുമായി ബന്ധപ്പെട്ട വൈറസുകളിൽ നിന്ന് സംരക്ഷിക്കുന്നു, സെർവിക്കൽ കാൻസർ പോലുള്ള ചില ക്യാൻസറുകളുടെ സാധ്യത കുറയ്ക്കുന്നു. ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധം വർധിപ്പിക്കുന്നതിലൂടെ, വാക്സിനുകൾക്ക് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനും, കാൻസറിന്റെ ആവർത്തനം തടയാനും അല്ലെങ്കിൽ പ്രാരംഭ ഘട്ടത്തിലെ കാൻസറുകൾ ഇല്ലാതാക്കാനും ഇവ സഹായകരമാകും.
ഓരോ രോഗിയുടേയും,രോഗാവസ്ഥ അനുസരിച്ചുള്ള വ്യക്തിഗത വാക്സിൻ ഡോസ് നിർമിക്കാൻ കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു. ഇതിനുള്ള രാസസമവാക്യം ഉണ്ടാക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഗവേഷണം അവസാനഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. കാൻസർ വാക്സിൻ്റെ പേരെന്താണെന്നോ, ഏത് കാന്‍സറിനുള്ള വാക്സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ കാൻസർ രോഗികൾക്കാവും വാക്സിൻ വിതരണം ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി.
രാജ്യം കാന്‍സര്‍ വാക്സിന് നിർമിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്ലാദിമിർ പുടിന് ഈ വർഷാദ്യം പ്രഖ്യാപിച്ചിരുന്നു.യു.എസ് ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ അർബുദം ചെറുക്കുന്ന വാക്സിൻ വികസിപ്പിക്കുന്ന പരീക്ഷണങ്ങളിലാണ്. മൊഡേണ, മെർക്ക്, ബയോ എൻ ടെക്, കുയർ വാക് എന്നീ കമ്പനികളും ഇത്തരത്തിലുള്ള വാക്സിനുകൾ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ആർ.എൻ.എ വാക്സിൻ കാൻസർ കോശങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും സഹായിക്കുന്നു.
