![]() |
| പ്രതീകാത്മക ചിത്രം. |
സൂര്യന്റെ അതിതാപം ചുട്ടെരിക്കുമോ എന്ന ആശങ്കകള്‍ക്ക് വിരാമം. സൂര്യന് ഏറ്റവും അടുത്തുകൂടെ പറക്കുന്ന മനുഷ്യനിര്‍മിത വസ്തു എന്ന ബഹുമതി നേടിയ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകം സുരക്ഷിതമെന്ന് നാസ അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബര്‍ 24ന് സൂര്യന്റെ ഏറ്റവും പുറംകവചമായ കൊറോണയിലൂടെ പാഞ്ഞ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സുരക്ഷിതമോ എന്ന ശാസ്ത്രലോകത്തിന്റെ ആകാംക്ഷയ്ക്ക് ഇതോടെ വിരമമായി.
ഇതാദ്യമായാണ് മനുഷ്യനിര്‍മിതമായ ഒരു വസ്തു സൂര്യന് ഇത്രയുമടുത്ത് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഭൂമിക്കേറ്റവും അടുത്ത നക്ഷത്രമായ സൂര്യനെ കുറിച്ച് ആഴത്തില്‍ മനസിലാക്കുന്നതിനായാണ് പാര്‍ക്കറെ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അയച്ചിരിക്കുന്നത്.
സൂര്യന്റെ അടുത്തെത്തിയ ശേഷവും പാര്‍ക്കര്‍ സോളാര്‍ പ്രോബ് സിഗ്നലുകള്‍ ഭൂമിയിലേക്ക് അയച്ചുവെന്നും പൂര്‍ണമായും പേടകം പ്രവര്‍ത്തന ക്ഷമമാണെന്നതിന്റെ തെളിവാണിതെന്നും നാസ വ്യക്തമാക്കി.വ്യാഴാഴ്ച രാത്രിയോട് കൂടി ജോണ്‍ ഹോപ്കിന്‍സ് അപ്ലൈഡ് ഫിസിക്സ് ലബോറട്ടറിയിലേക്കാണ് പാര്‍ക്കറില്‍ നിന്നുമുള്ള ബീക്കണ്‍ സിഗ്നല്‍ ലഭിച്ചത്. ജനുവരി ഒന്നോടെ പേടകത്തില്‍ നിന്നുള്ള വിശദമായ വിവരങ്ങള്‍ ഭൂമിയിലേക്ക് ലഭിക്കും.
സൂര്യോപരിതലത്തില്‍ നിന്ന് വെറും 3.8 മില്യണ്‍ മൈല്‍ (ഏകദേശം 61 ലക്ഷം കിലോമീറ്റര്‍) അടുത്തുകൂടെയാണ് ഭൂമിയില്‍ നിന്ന് വിക്ഷേപിച്ച നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് മണിക്കൂറില്‍ 692,000 കിലോമീറ്റര്‍ വേഗതയില്‍ പറന്നത്. സൂര്യന് ഏറ്റവും അടുത്തെത്തുന്ന മനുഷ്യനിര്‍മിത വസ്തു എന്ന നാഴികക്കല്ല് ഇതോടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് സ്വന്തമാക്കി. എന്നാല്‍ ഈ ചരിത്ര പറക്കലിനിടെ സോളാര്‍ പ്രോബ് പേടകത്തെ കുറിച്ച് ശാസ്ത്രലോകത്തിന് ആശങ്കകള്‍ ഏറെയുണ്ടായിരുന്നു. സൂര്യന്റെ കൊറോണ പാളിയിലെ 1,700 ഫാരന്‍ഹീറ്റ് അഥവാ 930 ഡിഗ്രിസെല്‍ഷ്യസ് വരെയുള്ള ചൂടിനെ മറികടന്നുവേണമായിരുന്നു പേടകത്തിന് സഞ്ചരിക്കാന്‍. എന്നാല്‍ അതിശക്തമായ ചൂടിനും റേഡിയേഷനും പാര്‍ക്കര്‍ സോളാര്‍ പ്രോബിനെ കരിച്ചുകളയാനായില്ല പക്ഷേ അത് സ്ഥിരീകരിക്കാൻ രണ്ട് ദിവസത്തിലധികം കാത്തിരിക്കേണ്ടിി വന്നു.
സൂര്യന്റെ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ പ്രഭാവലയമാണ് കൊറോണ. സൂര്യന്റെ ഈ പുറംകവചത്തെ ഏറ്റവും അടുത്തെത്തി നിരീക്ഷിക്കുന്ന നാസയുടെ റോബോട്ടിക് ബഹിരാകാശ വാഹനമാണ് സോളാർ പ്രോബ് എന്നറിയപ്പെട്ടിരുന്ന പാർക്കർ സോളാർ പ്രോബ്. 685 കിലോഗ്രാമാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് പേടകത്തിന്റെ ഭാരം. 2018 ഓഗസ്റ്റ് 12ന് ഫ്ലോറിഡയിലെ കേപ് കനാവെറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്നായിരുന്നു ഇതിന്റെ വിക്ഷേപണം. 2024 ഡിസംബര്‍ 24ന് സൂര്യന് ഏറ്റവും അടുത്തുകൂടെ പറന്ന് പാർക്കർ സോളാർ പ്രോബ് റെക്കോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. സൗരക്കാറ്റുകള്‍ അടക്കമുള്ള സൂര്യന്റെ രഹസ്യങ്ങളെ കുറിച്ച് പഠിക്കാനാണ് സോളാര്‍ പ്രോബിനെ നാസ അയച്ചത്.
