പ്രതിഷേധത്തിലൂടെ നേടിയെടുത്തതാണ് LGBTQ+ കമ്മ്യൂണിറ്റിയുടെ ഈ സ്വാതന്ത്ര്യം.
തായ്ലാന്ഡില് പുതു ചരിത്രം, സ്വവർഗ വിവാഹത്തിന് അനുമതി.സ്വവർഗ വിവാഹ നിയമം പ്രാബല്യത്തിൽ വന്നു. ഇതോടെ സ്വവർഗ വിവാഹം നിയമപരമാക്കുന്ന തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യമായി തായ്ലൻഡ്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.
സ്വവർഗ വിവാഹം നിയമപരമാക്കുന്ന തെക്ക് കിഴക്കൻ ഏഷ്യയിലെ ആദ്യത്തെ രാജ്യവും ഏഷ്യയിലെ മൂന്നാമത്തെ രാജ്യവും ആകുകയാണ് ഇതോടെ തായ്ലൻഡ്. നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്തുടനീളം വലിയ രീതിയിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്. വർഷങ്ങൾ നീണ്ടുനിന്ന പ്രതിഷേധത്തിലൂടെ നേടിയെടുത്തതാണ് LGBTQ+ കമ്മ്യൂണിറ്റിയുടെ ഈ സ്വാതന്ത്ര്യം.
വ്യാഴാഴ്ചയാണ് നിയമം നിലവിൽ വന്നത്. അന്നേദിവസം ആയിരത്തിലേറെ സ്വവർഗവിവാഹങ്ങളാണ് രാജ്യമെമ്പാടും രജിസ്റ്റർ ചെയ്തത്. പ്രമുഖ തായ് അഭിനേതാക്കളായ അപിവത് സയ്റീയും സപ്പന്യോയും ബാങ്കോക്കിലെ രജിസ്ട്രി ഓഫിസിൽ വിവാഹിതരായി.ദശകങ്ങളോളം ഞങ്ങൾ പോരാടി, ഇന്ന് ശ്രദ്ധേയമായ ദിവസമാണെന്ന് ഇരുവരും പറഞ്ഞു. ഇതോടെ തായ്വാനും നേപ്പാളിനും ശേഷം സ്വവർഗവിവാഹം അംഗീകരിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ രാജ്യമായി തായ്ലൻഡ് മാറി. പുരുഷന്മാർ, സ്ത്രീകൾ, ഭർത്താക്കന്മാർ, ഭാര്യമാർ എന്നതിനുപകരം ലിംഗ-നിഷ്പക്ഷ പദങ്ങൾ ഉപയോഗിക്കും.
നിയമപ്രകാരം ലെസ്ബിയൻ ദമ്പതികളായ സുമലി സുഡ്സൈനെറ്റ് (64), തനഫോൺ ചോഖോങ്സുങ് (59) എന്നിവരാണ് ആദ്യമായി വിവാഹിതരായത്. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ധരിച്ച നിരവധി ദമ്പതികൾ ബാങ്കോക്ക് പ്രൈഡ് സംഘടിപ്പിച്ച എൽജിബിടിക്യു സമൂഹ വിവാഹത്തിനെത്തി.
പുതിയ നിയമപ്രകാരം ഹെട്രോ ദമ്പതികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഇവർക്കും ലഭിക്കും. സ്വവർഗദമ്പതികൾക്ക് വിവാഹം കഴിക്കാനും അവരുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യാനും അനന്തരാവകാശം നേടാനും കുട്ടികളെ ദത്തെടുക്കാനുമെല്ലാം രാജ്യത്ത് ഇനി മുതൽ അവകാശമുണ്ടാകും. നിയമപരമായി ഇതുവരെ വിവാഹിതരാകാൻ സാധിക്കാതിരുന്നവർക്ക് ഇത് ആഘോഷത്തിൻ്റെ ദിവസങ്ങളാണ്. സെൻട്രൽ ബാങ്കോക്കിലെ ആഡംബര മാളിൽ നൂറുകണക്കിന് ഗേ ദമ്പതികളുടെ വിവാഹം നടന്നു. നിയമം പ്രാബല്യത്തിൽ വന്നതോടെ പാർലമെൻ്റ് കെട്ടിടത്തിൽ റെയിൻബോ കൊടികളുയർന്നു. ഷോപ്പിങ് മോളുകളിലും വലിയ രീതിയിലുള്ള പ്രൈഡ് പരേഡും സംഘടിപ്പിച്ചു.
കഴിഞ്ഞ ജൂണിൽ നടന്ന ചരിത്രപരമായ പാർലമെൻ്റ് വോട്ടെടുപ്പിലാണ് സ്വവർഗ വിവാഹ ബിൽ പാസായത്. ഈ നിയമം സെപ്റ്റംബറിൽ രാജാവ് അംഗീകരിക്കുകയും 120 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരികയുമായിരുന്നു.സാധാരണ ദമ്പതികൾക്കുള്ള എല്ലാ നിയമപരമായ അവകാശങ്ങളോടും കൂടിയാണ് തായ്ലൻഡിൽ സ്വവർഗ വിവാഹം അംഗീകരിക്കപ്പെട്ടത്. വിവിധ സംഘടനകൾ കാലങ്ങളായി ഉയർത്തിയ ആവശ്യമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്.
