ബിഎസ്എൻഎൽ പുതിയൊരു സേവനം ആരംഭിച്ചിരിക്കുന്നു. ഈ പുതിയ സേവനത്തിന് കീഴിൽ 450-ൽ അധികം സൗജന്യ ടിവി ചാനലുകളുടെ സബ്സ്ക്രിപ്ഷനും ഒടിടികളും ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎൽ ഈ സേവനത്തിന് ബിഐടിവി (BiTV) എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒടിടി പ്ലേയുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈ ഡയറക്ട്-ടു-മൊബൈൽ (ഡി 2 എം) സേവനം ഇപ്പോൾ എല്ലാ ബിഎസ്എൻഎൽ സിം ഉപയോക്താക്കൾക്കും അധിക ചെലവില്ലാതെ രാജ്യവ്യാപകമായി ആസ്വദിക്കാം.
BiTV അവതരിപ്പിച്ചതിലൂടെ പരമ്പരാഗത കേബിൾ ടിവി, ഡിടിഎച്ച് സേവനങ്ങളുടെ സ്ഥാനം ബിഎസ്എൻഎൽ സ്വയം ഏറ്റെടുക്കുന്നു. ഇത് ഉപഭോക്താക്കൾക്ക് അവരുടെ മൊബൈല്‍ ഫോണില്‍ നേരിട്ട് ലൈവ് ടിവി സ്ട്രീം ചെയ്യാൻ അനുവദിക്കുന്നു. എല്ലാ മൊബൈല്‍ ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ബിഐടിവി ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും കുറഞ്ഞ 99 രൂപ വോയ്സ്-ഒൺലി പ്ലാനുകൾക്കൊപ്പവും നിങ്ങൾക്ക് ബിടിവിയുടെ ആനുകൂല്യം ലഭിക്കും എന്നതാണ് സവിശേഷത.
പ്ലാൻ പരിഗണിക്കാതെ തന്നെ എല്ലാ ബിഎസ്എൻഎൽ മൊബൈൽ ഉപയോക്താക്കൾക്കും ബിഐടിവി ലൈവ് ടിവി സേവനം ലഭ്യമാണെന്ന് ബിഎസ്എൻഎൽ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു. വോയ്സ്-ഒൺലി പ്ലാൻ ഉള്ളവർക്ക് പോലും BiTV-യുടെ 450 ൽ അധികം ചാനലുകൾ ആക്സസ് ചെയ്യാൻ കഴിയുമെന്നും ഭാരതി സഞ്ചാര്‍ നിഗം ലിമിറ്റഡ് ട്വീറ്റ് ചെയ്തു. ഇതിനർത്ഥം കോളുകൾക്കായി പ്രധാനമായും ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്ന ഉപയോക്താക്കൾക്ക് അധിക ചെലവില്ലാതെ ലൈവ് ടിവി സ്ട്രീം ചെയ്യാൻ കഴിയും എന്നാണ്.
ബിഎസ്എൻഎല്ലിന്റെ ബിടിവി സേവനത്തിന്റെ മറ്റൊരു പ്രധാന സവിശേഷത, തത്സമയ ചാനലുകൾ കാണാൻ ഡാറ്റ ബാലൻസ് ആവശ്യമില്ല എന്നതാണ്. പരമ്പരാഗത കേബിൾ സബ്സ്ക്രിപ്ഷനുകൾക്കായി പ്രതിമാസം 300 രൂപയിൽ കൂടുതൽ ചെലവഴിക്കുന്ന ഉപയോക്താക്കൾക്ക് ഇതൊരു മികച്ച ഓഫർ ആയിരിക്കും. ഒരു ബിഎസ്എൻഎൽ സിം കാർഡ് മാത്രം ഉപയോഗിച്ച്, ഇപ്പോൾ അവരുടെ മൊബൈൽ ഉപകരണങ്ങളിൽ സൗജന്യമായി ലൈവ് ടിവി സ്ട്രീം ചെയ്യാൻ കഴിയും. 450-ലധികം ടെലിവിഷന്‍ ചാനലുകള്‍ക്ക് പുറമെ, വെബ് സീരീസുകളും സിനിമകളും ആസ്വദിക്കാനുള്ള ഒടിടി സൗകര്യങ്ങളും ബിഎസ്എന്‍എല്ലിന്റെ BiTV-യിലുണ്ട്.