![]() |
| പ്രതീകാത്മക ചിത്രം |
കുട്ടിക്കാലത്ത് കടുത്ത മാനസിക സമ്മർദത്തിന് വിധേയരായ പുരുഷന്മാരുടെ ബീജത്തിലെ ഡി.എൻ.എ.യിൽ ആ അനുഭവങ്ങളുടെ സ്വാധീനം ഉണ്ടാകുമെന്ന് പുതിയ പഠനം. ആർ.എൻ.എ.യിൽ ഇങ്ങനെ മാറ്റമുണ്ടാകുമെന്ന് മുൻപ് തന്നെ കണ്ടെത്തിയിട്ടുണ്ട്. പരിസ്ഥിതിയും പെരുമാറ്റ രീതികളും ഡിഎൻഎയെ സ്വാധീനിക്കുന്നുവെന്നതും ശാസ്ത്രം മുൻപേ കണ്ടെത്തിയതാണ്. എന്നാൽ, ഇത് ബീജത്തിലെ ഡി എൻ എ കളിലൂടെ വരുംതലമുറകളെ സ്വാധീനിക്കുന്നുവെന്ന കണ്ടെത്തൽ ഇതാദ്യമാണ്. ഫിൻലൻഡിലെ തുർകു സർവകലാശാല നടത്തിയ 'എപ്പിജനറ്റിക് 'പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ. അടുത്ത തലമുറയെ ഇതെങ്ങനെ ബാധിക്കുന്നുവെന്നത് സംബന്ധിച്ച് കൂടുതൽ പഠനം വേണമെന്ന് ഈ മാസമാദ്യം കണ്ടെത്തൽ പ്രസിദ്ധീകരിച്ച 'മോളിക്കുളാർ സൈക്യാട്രി' ജേർണലിൽ പറയുന്നു.
30 നും 40 നും മദ്ധ്യേ പ്രായമുള്ള 58 പേരുടെ ബീജം പരിശോധിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഡിഎൻഎയിൽ അടങ്ങിയിട്ടുള്ള ജീനുകളെ കുറിച്ചുള്ള പഠനമാണ് എപ്പിജനറ്റിക്സ്. ഇത് 2 വിധത്തിൽ ചെയ്യാം. 1. മെതലേഷൻ. 2. നോൺ കോഡിങ് ആർ എൻ എ.
മാറ്റങ്ങൾ ഡി എൻ എ യിൽ സംഭവ്യമാണെന്നും ജീനിന്റെ സ്വഭാവത്തെ മാറ്റാമെന്നും മുൻപ് തന്നെ പഠനം വ്യക്തമാക്കുന്നതാണ്. എന്നാൽ കുട്ടിക്കാലത്തെ ഒരു വ്യക്തിയുടെ മാനസിക സംഘർഷം അടുത്ത തലമുറയെ സ്വാധീനിക്കാമെന്ന കണ്ടെത്തൽ ഈ മേഖലയിൽ കൂടുതൽ പഠനങ്ങൾക്ക് അവസരമൊരുക്കും . ഇതിൽ പങ്കെടുത്ത 58 പേരോടും സമാന ചോദ്യങ്ങൾ ഉന്നയിക്കുകയും മാനസികാഘാതം, ദുരിതാനുഭവം എന്നിവ സംബന്ധിച്ച അവരുടെ ഉത്തരങ്ങൾ രേഖപ്പെടുത്തുകയുമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ അംഗീകരിച്ചിട്ടുള്ള Trauma and Distress Scale (TADS) പ്രകാരമായിരുന്നു ഉത്തരങ്ങൾ പരിഗണിച്ചത്.
വൈകാരിക, ശാരീരിക അവഗണനകളുടെ ഓർമ്മകൾ, അല്ലെങ്കിൽ വൈകാരിക , ശാരീരിക, ലൈംഗിക പീഡനങ്ങൾ എന്നിവയായിരുന്നു പരിഗണിച്ചത്. ഉത്തരങ്ങൾ പരിഗണിക്കുമ്പോൾ പൂജ്യം മുതൽ 10 വരെ ഒരു വിഭാഗവും 39 വരെ മറ്റൊരു വിഭാഗവും ഉൾപ്പെടുത്തി. 10 വരെ പോയിന്റ് ഓർമ്മയുള്ളവർ തങ്ങൾ നേരിട്ട അവസ്ഥകളെ കുറിച്ച് അത്ര ബോധവാന്മാരല്ല. അല്ലെങ്കിൽ അവർ അധികം സംഘർഷങ്ങളിലൂടെ കടന്നു പോയിട്ടില്ലാത്തവരാകും. എന്നാൽ ഉയർന്ന സ്കോർ നേടുന്ന അടുത്ത വിഭാഗത്തിൽ പെട്ടവർ തങ്ങൾ നേരിട്ട അവസ്ഥകളെ കുറിച്ച് പതിറ്റാണ്ടുകൾക്ക് ഇപ്പുറവും ആശങ്കപ്പെടുന്നവരാണ്. ക്രൂരമായ അനുഭവങ്ങൾ നേരിട്ടവരുടെയും കുറഞ്ഞ അനുഭവങ്ങൾ നേരിട്ടവരുടെയും ബീജത്തിലെ ഡിഎൻഎകളിൽ വ്യത്യാസം കണ്ടെത്തുന്നതാണ് പഠനഫലം . 4000 കുടുംബങ്ങളിലെ കുട്ടികളുടെ വളർച്ചയും അവരുടെ വ്യക്തിത്വ വികസനവും സംബന്ധിച്ച പഠനത്തിന്റെ ഭാഗമായാണ് പുതിയ കണ്ടെത്തൽ.
ഇതിന് പുറമേ മദ്യപിക്കുന്നവരുടെയും പുകവലിക്കുന്നവരുടെയും ഡിഎൻഎയിൽ മാറ്റം വരുത്തുമെന്നാണ് എപ്പിജനറ്റിക്സ് പഠനം വെളിപ്പെടുത്തുന്നത്. ഈ പഠനം ഏറെ നിർണായകമാണ്. കാരണം, പതിറ്റാണ്ടുകൾക്ക് ശേഷവും കുട്ടിക്കാലത്തെ ഒരു ദുരനുഭവം അവരെ മാനസികമായി വേട്ടയാടാം. എന്നാൽ അത് ബീജത്തിലെ ഡിഎൻഎയിൽ സ്വാധീനം ചെലുത്തുകയെന്നത് അപ്രതീക്ഷിതമായ കണ്ടെത്തലാണ്.
hsa-mir-34c-5p എന്ന തന്മാത്രയിൽ നിന്നാണ് ആർഎൻഎയിലെ കണ്ടെത്തൽ നടത്തിയത്. ഈ ഘടകം എലികളിലെ തലച്ചോറിന്റെ വളർച്ചയെ സ്വാധീനിക്കുന്നതാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർപഠനത്തിലാണ് ബീജത്തിലെ ഡിഎൻഎയുടെ നിർണായക കണ്ടെത്തൽ.
ബീജാണുക്കളുടെ ചലനം സംബന്ധിച്ച് നൂറ്റാണ്ടുകളായി വിശ്വസിച്ചു വന്ന ചിന്ത തെറ്റായിരുന്നുവെന്ന് സൂചന . 3D മൈക്രോസ്കോപ്പിന്റെയും ഹൈ-സ്പീഡ് വീഡിയോയുടെയും സഹായത്തോടെ നടത്തിയ പഠനമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്. മുമ്പ് കരുതിയിരുന്നതുപോലെ ഗർഭ പാത്രത്തിലേക്ക് ബീജാണുക്കൾ നേരെ മുന്നോട്ട് കുതിക്കുന്നില്ലത്രേ. വാല് പോലെയുള്ള പിൻഭാഗം ഇരുവശത്തേക്കും ചലിപ്പിക്കുന്നുമില്ല. മറിച്ച് ഗർഭ പാത്രത്തിലേക്ക് തുള്ളിക്കളിക്കുന്ന രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നാണ് കണ്ടെത്തൽ. വാൽ പോലെയുള്ള പിൻഭാഗമാകട്ടെ ഒരു വശത്തേക്ക് മാത്രമാണ് ചലിപ്പിക്കുന്നത്.
ഒരു വശത്തേക്ക് മാത്രം കാൽ ചലിപ്പിക്കാൻ കഴിയുന്ന ഒരു നീന്തൽക്കാരനെ കരുതുക. അയാൾ നീന്തുമ്പോൾ ശരീരം നേരെ ചലിക്കില്ല. പകരം ചെറിയൊരു വൃത്തം സൃഷ്ടിക്കുന്നത് പോലെ മാത്രമേ മുന്നോട്ട് പോകാനാകൂ. സമാനമാണ് ഇവിടേയും. ഗർഭ പാത്രത്തിൽനിന്നും മറ്റുമുള്ള ശ്രവങ്ങളിൽ ബീജാണുക്കൾക്ക് കറങ്ങി കറങ്ങി മുന്നോട്ട് കുതിക്കാൻ പ്രകൃതി പ്രത്യേക കഴിവ് നൽകിയിരിക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. മുന്നോട്ടുള്ള ഈ ചലനത്തിൽ ബീജം നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒരു അച്ചുതണ്ടിന് ചുറ്റും കറങ്ങുന്നു. ഒരു സെക്കന്റിൽ 55,000 ഫ്രെയിമുകൾ ചിത്രീകരിക്കാവുന്ന അത്യാധുനിക കാമറയുടെ സഹായത്തോടെയാണ് ശാസ്ത്രം പുതിയ കണ്ടെത്തൽ നടത്തിയത്. ബീജാണു മുന്നോട്ട് പോകുമ്പോൾ തലയും കറങ്ങുന്നുണ്ട്. അതേസമയം വാൽ വിപരീത ദിശയിൽ കറങ്ങുന്നതായാണ് കണ്ടെത്തൽ . ബീജാണുക്കളെ മുന്നോട്ട് നയിക്കുന്നതിൽ ഈ ചലനം ഏറെ നിർണായകമാണ് . ഈ കണ്ടെത്തൽ ബീജാണുക്കളുടെ ചലനം മനസിലാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ്. ഇത് ഗർഭ ധാരണ പഠനങ്ങളെയും മറ്റ് ജീവശാസ്ത്ര ഗവേഷണങ്ങളെയും ഏറെ സ്വാധീനിക്കും.
