തെക്കേ അമേരിക്കൻ രാഷ്ട്രമായ അർജൻറീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൻറെ പ്രാന്ത പ്രദേശത്തുള്ള ഒരു നദിയുടെ നിറം പൊടുന്നനെ രക്തം പോലെയായി.ശാന്തമായി ഒഴുകിക്കൊണ്ടിരുന്ന നദിയുടെ നിറം രക്ത വർണ്ണമായത് കണ്ട് ജനങ്ങൾ ഭയപ്പെട്ടു. കടും ചുവപ്പ് നിറമായി മാറിയ നദിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചെയ്തു, ഒപ്പം ദുർഗന്ധവും ഉണ്ടായതായി പ്രദേശവാസികൾ പറയുന്നു.
രാജ്യ തലസ്ഥാനത്തുനിന്ന് 10 കിലോമീറ്റർ അകലെയുള്ള അവെല്ലനെഡ എന്ന പട്ടണത്തിലാണ് സംഭവം ഉണ്ടായതെന്നാണ് റിപ്പോർട്ട്. രാവിലെ എഴുന്നേറ്റപ്പോൾ എല്ലായിടത്തും ദുർഗന്ധമായിരുന്നു. ഇതോടെ ഭയപ്പെട്ടു നദിയിലേക്ക് നോക്കിയപ്പോൾ വെള്ളത്തിന് പകരം രക്തം ഒഴുകുന്നത് പോലെയുണ്ടായിരുന്നുവെന്നും പ്രദേശവാസിയായ മരിയ ഡുകോംസ് വാർത്ത ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.നദി ഒരിക്കലും ഇങ്ങനെ കാണപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നദിയിലേക്ക് മാലിന്യം തള്ളുന്ന ഫാക്ടറികൾക്കെതിരെ കർശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം നിറത്തിന്റെ വ്യത്യാസം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ചതായി പരിസ്ഥിതി മന്ത്രാലയം പറഞ്ഞു. നദീതീരങ്ങളിൽ പ്രവർത്തിക്കുന്ന ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യം ആകാം ഇങ്ങനെ ഒരു നിറത്തിന് കാരണമെന്നാണ് പ്രാഥമിക അനുഗമനം.തുണികളുടെ ഡൈകളിൽ ഉപയോഗിക്കുന്ന വിഷ പദാർത്ഥമായ അനിലിൻ ആവാം ഈ നിറം മാറ്റത്തിന് കാരണമെന്നും അധികൃതർ അറിയിച്ചു.
