യുഎസിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര നരകതുല്യമായിരുന്നുവെന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാർ പറഞ്ഞു. നാടുകടത്തപ്പെട്ട 104 പേരിൽ 19 പേർ സ്ത്രീകളും 13 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു ഉണ്ടായിരുന്നത്. കയ്യിൽ വിലങ്ങും കാലിൽ ചങ്ങലയും ഇട്ടാണ് അമേരിക്ക നാടുകടത്തിയതെന്നും അമൃത്സറിൽ എത്തിയ ശേഷമാണ് ഇവ അഴിച്ചതെന്നും സൈനിക വിമാനത്തിൽ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് സൈനിക വിമാനത്തിൽ കയറുമ്പോൾ തുടർച്ചയായി 40 മണിക്കൂർ വാഷ്റൂം ഉപയോഗിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ പറഞ്ഞു.
യാത്ര "നരകത്തേക്കാൾ മോശമായിരുന്നു" എന്ന് 40 കാരനായ ഹർവീന്ദർ സിംഗ് വിശേഷിപ്പിച്ചു. ആവർത്തിച്ചുള്ള അഭ്യർത്ഥനകൾക്ക് ശേഷമാണ് ഞങ്ങളെ ശുചിമുറിയിലേക്ക് പോകാൻ അനുവദിച്ചത്. ജോലിക്കാർ ശൗചാലയത്തിൻ്റെ വാതിൽ തുറന്ന് ഞങ്ങളെ അകത്തേക്ക് തള്ളിവിടും," ഹർവീന്ദർ സിംഗ് പറഞ്ഞു. കൈകൾ കെട്ടിയിട്ട് ഭക്ഷണം കഴിക്കാൻ നിർബന്ധിതരായതിനാൽ 40 മണിക്കൂർ ആളുകൾക്ക് ശരിയായി ഭക്ഷണം കഴിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഴുവൻ യാത്രയും ശാരീരികമായി മാത്രമല്ല മാനസികമായും തളർത്തിയെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സമയം ഇന്നലെ ഉച്ചയ്ക്ക് 2.05 ഓടെയാണ് അമേരിക്കൻ സൈനിക വിമാനം അമൃത്സറിൽ ഇറങ്ങിയത്. സി - 17 യു എസ് സൈനിക ട്രാൻസ്പോർട്ട് വിമാനത്തിലാണ് നാടുകടത്തിയത്.
"ഞങ്ങളെ മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്ന് ഞങ്ങൾ കരുതി. പിന്നീട് ഞങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുപോകുകയാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ കൈകളും കാലുകളും ചങ്ങലയിൽ ബന്ധിച്ചു. ഇവ അമൃത്സർ വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് നീക്കം ചെയ്തത്" പഞ്ചാബിലെ ഗുരുദാസ്പൂരിൽ നിന്നുള്ള 36 കാരനായ ജസ്പാൽ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അതേസമയം നാടുകടത്തപ്പെട്ടവരുടെ വീഡിയോ പങ്കുവെച്ച് യുഎസ് ബോർഡർ പട്രോൾ മേധാവി. അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തിയെന്ന കുറിപ്പോടെയായിരുന്നു എക്സിൽ വീഡിയോ എത്തിയത്. ആളുകളുടെ കൈകൾ വിലങ്ങിട്ട് കാലുകൾ ബന്ധിച്ചതായി വീഡിയോയിൽ വ്യക്തമായി കാണാം.
യുഎസ്ബിപി മേധാവി മൈക്കൽ ഡബ്ല്യു ബാങ്ക്സാണ് വീഡിയോ പങ്കുവെച്ചത്. ഏകദേശം 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ നിയമവിരുദ്ധമായി കുടിയേറിയാൽ, നിങ്ങളെയും നീക്കം ചെയ്യുമെന്ന മുന്നറിയിപ്പുമുണ്ടായിരുന്നു. "അനധികൃത കുടിയേറ്റക്കാരെ വിജയകരമായി ഇന്ത്യയിലേക്ക്തിരിച്ചയച്ചു. സൈനിക ഗതാഗതം ഉപയോഗിച്ച് ഇതുവരെ നടത്തിയ ഏറ്റവും ദൂരമുള്ള നാടുകടത്തലാണിത്. കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ വ്യക്തമാകുന്നത്," വീഡിയോക്ക് കീഴിലെ കുറിപ്പിൽ പറയുന്നു.
രാത്രിയിലുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. അമേരിക്കൻ പ്രേക്ഷകരിൽ ദേശസ്നേഹം ഉയർത്തുന്ന തരത്തിലുള്ള പശ്ചാത്തല സംഗീതവും വീഡിയോയിലുണ്ട്. ഒരു സി-17 ട്രാൻസ്പോർട്ട് വിമാനത്തിന്റെ പിൻവാതിൽ തുറക്കുന്നതാണ് വീഡോയോയുടെ തുടക്കം. പിന്നാലെ വിമാനത്തിൽ നടന്നുകയറുന്ന അനധികൃത കുടിയേറ്റക്കാരുടെ ഒരു നീണ്ട നിരയും കാണാം.
വീഡിയോ പുരോഗമിക്കുമ്പോൾ, കുടിയേറ്റക്കാരുടെ കാലുകളിൽ ചങ്ങലകൾ കാണാൻ കഴിയും. കൊടും കുറ്റവാളികളെ, അല്ലെങ്കിൽ യുദ്ധത്തടവുകാരെ പോലെയാണ് ഇവരെ വിമാനത്തിലേക്ക് കയറ്റുന്നത്. ശേഷം, നിരവധി യുഎസ് സൈനികർ വിമാനത്തിലേക്ക് മാർച്ച് ചെയ്യുന്നു. വിമാനത്തിനുള്ളിലെ ദൃശ്യങ്ങളിൽ, കുടിയേറ്റക്കാരെ സീറ്റുകളിലിരിക്കുന്നതായും കാണാം.
അതേസമയം കുടിയേറ്റക്കാരുടെ കയ്യിലും കാലിലും വിലങ്ങ് വെച്ച സംഭവത്തിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചിട്ടില്ലെന്ന് പറഞ്ഞ വിദേശകാര്യമന്ത്രി, വിമാനത്തിൽ നാടുകടത്തുന്നതിനുള്ള നടപടി ക്രമങ്ങൾ 2012 മുതൽ നിലവിലുള്ളതാണെന്നും വിശദീകരിച്ചു. രാജ്യസഭയിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
