കടുത്ത ന്യൂമോണിയ ബാധയും ശ്വാസ തടസ്സത്തെയും തുടർന്ന് ഒരു മാസത്തിലേറെയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫ്രാൻസിസ് മാർപാപ്പ ആശുപത്രി വിട്ടു. പലതവണ അതീവ ഗുരുതരാവസ്ഥയിൽ നിന്നാണ് അദ്ദേഹം തിരികെ ജീവിതത്തിലേക്ക് വന്നത്.ഞായറാഴ്ചത്തെ ആഞ്ചലസ് പ്രാർത്ഥനകൾക്ക് ശേഷം റോമിലെ അഗോസ്റ്റിനോ ജെമെല്ലി ആശുപത്രിയിൽ പത്താം നിലയിലെ ബാൽക്കണിയിൽ നിന്ന് മാർപാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു. ആറാഴ്ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം വിശ്വാസികളെ കാണുന്നത്. എല്ലാവരുടേയും പ്രാര്ഥനകള്ക്ക് നന്ദിയെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 9ന് ശേഷമാണ് അദ്ദേഹം വിശ്വാസികളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. കഴിഞ്ഞ കുറെ നാളുകളായി സഞ്ചരിക്കുന്നത് പോലെ വീൽചെയറിൽ തന്നെയാണ് അദ്ദേഹം വിശ്വാസികളെ ആശിർവദിക്കാൻ എത്തിയത് പക്ഷേ നല്ല ക്ഷീണം അദ്ദേഹത്തിന് അനുഭവപ്പെടുന്നതായി വ്യക്തമാണ്.
ചികിത്സയിൽ കഴിഞ്ഞിരുന്ന ആശുപത്രിക്ക് താഴെ തടിച്ചുകൂടിയ വിശ്വാസികൾക്ക് നേരെ വീൽചെയർ എത്തിയ മാർപാപ്പ പുഞ്ചിരിച്ചുകൊണ്ട് കൈ വീശുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടു. മാർപാപ്പയെ കാണാൻ വിശ്വാസികൾ എത്തിയത് മഞ്ഞപ്പൂക്കൾ കൊണ്ടാണ്. ‘‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർഥിച്ച എല്ലാവർക്കും നന്ദി.’’ – ഫ്രാൻസിസ് മാർപാപ്പ സഹായി നൽകിയ മൈക്കിലൂടെ പറഞ്ഞു. തുടർന്ന് അദ്ദേഹം വിശ്വാസികൾക്കു നേരെ കൈവീശി കാണിച്ച ശേഷമാണ് മടങ്ങിയത്. പോപ്പിന്റെ രാജ്യമായ വത്തിക്കാനിലേക്ക് മടങ്ങിയ അദ്ദേഹത്തിന് രണ്ടുമസത്തോളം പൂർണ്ണ വിശ്രമം വേണ്ടിവരും.
ആരോഗ്യനില പൂർണമായും വീണ്ടെടുക്കാൻ രണ്ട് മാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ മാർപാപ്പക്ക് നിർദേശം നൽകി. പ്രത്യേക പരിചരണം ആവശ്യമാണെന്നും പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കരുതെന്നും നിർദേശിച്ചതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാരുടെ ടീമിന്റെ തലവൻ സെർജിയോ ആൽഫിയരി പറഞ്ഞു. ന്യൂമോണിയ ഭേദമായിട്ടുണ്ടെങ്കിലും സങ്കീർണമായ അണുബാധയിൽനിന്ന പൂർണമായും മുക്തനായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാർപാപ്പയുടെ ശബ്ദം മുമ്പത്തെപ്പോലെയാകാൻ സമയമെടുക്കുമെന്നും ആൽഫിയറി കൂട്ടിച്ചേർത്തു. സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടായിരിക്കും.
Also read ആശുപത്രി വാസത്തിനിടയുള്ള പോപ്പിന്റെ ചിത്രം പുറത്ത്
‘ഗാസാ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരം’; പോപ്പ്
ഇസ്രയേലിന്റെ ചോരക്കൊതിക്ക് എതിരെ വീണ്ടും ഫ്രാൻസിസ് മാർപാപ്പ.ഗാസയിൽ ആക്രമണം പുനഃരാരംഭിച്ചതിൽ താൻ ദുഃഖിതനാണെന്നും ആക്രമണം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കാനായുള്ള ചർച്ചകൾ എത്രയും വേഗം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'ഗാസയ്ക്കുമേലുള്ള ഇസ്രയേലിന്റെ കടുത്ത ബോംബാക്രമണം വീണ്ടും തുടങ്ങിയതിൽ ഞാൻ അതീവ ദുഃഖിതനാണ്. ഒട്ടേറെ പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്യുന്നു.' -ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രാർഥനയിൽ അദ്ദേഹം പറഞ്ഞു. 'ആയുധങ്ങൾ ഉടൻ നിശബ്ദമാക്കപ്പെടണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. ചർച്ചകൾ പുനരാരംഭിക്കാനുള്ള ധൈര്യം കാണിക്കണം. അതുവഴി ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിർത്തലിലേക്ക് എത്താനും കഴിയും. ഗാസാ മുനമ്പിലെ സാഹചര്യം വീണ്ടും ഗുരുതരമായിരിക്കുകയാണ്. ഇതിൽ ഉൾപ്പെട്ടവരുടേയും അന്താരാഷ്ട്ര സമൂഹത്തിന്റേയും അടിയന്തര ഇടപെടൽ ഇവിടെ ആവശ്യമാണ്.' -മാർപ്പാപ്പ പറഞ്ഞു.
English summary : Pope Francis leaves hospital after treatment for respiratory infection: After being discharged from the Gemelli Hospital, Pope Francis' health has improved significantly but he will need two months of complete rest.
#POPEFRANCIS #INTERNATIONAL #GAZA