തിങ്കളാഴ്ച അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിവരം വത്തിക്കാൻ പുറത്തുവിട്ടു. തിങ്കളാഴ്ച വത്തിക്കാൻ സമയം 7.35 ആയിരുന്നു മാർപാപ്പയുടെ മരണം, ഇന്ത്യൻ സമയം 11 മണി കഴിഞ്ഞു. മരണം വിവരം ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നര, പ്രാദേശിക സമയം 10 മണി.പക്ഷാഘാതത്താൽ പാപ്പാ കോമ സ്ഥിതിയിലായെന്നും തുടർന്നുണ്ടായ ഹൃദയധമനികളിലെ തകർച്ചയുമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതായി വത്തിക്കാൻ അറിയിച്ചു.വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ആൻഡ്രിയ അർക്കാൻജെലി മരണകാരണം സംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കേഷൻ നൽകി.
തിങ്കളാഴ്ച വൈകുന്നേരം ഹോളി സീ പ്രസ് ഓഫീസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ത്യൻ സമയം തിങ്കളാഴ്ച അർദ്ധരാത്രിയോടെ. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മാർപാപ്പയുടെ ഭൗതിക ശരീരത്തിന്റെ ദൃശ്യങ്ങളും, മരണ പത്രത്തിലെ വിവരങ്ങളും വത്തിക്കാൻ ഔദ്യോഗികമായി പുറത്തുവിട്ടു.
മാർപാപ്പയുടെ മരണപത്രം പൂർണ്ണരൂപം;
എന്റെ ഭൂമിയിലെ ജീവിതത്തിന്റെ സായാഹ്നം അടുത്തുവരുന്നതായി എനിക്ക് അനുഭവപ്പെടുന്നതിനാൽ, നിത്യജീവിതത്തിൽ ഉറച്ച പ്രത്യാശയോടെ, എന്റെ സംസ്കാര സ്ഥലത്തെക്കുറിച്ച് മാത്രം അന്ത്യാഭിലാഷം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിലുടനീളവും പുരോഹിതനും ബിഷപ്പും എന്ന നിലയിലുള്ള എന്റെ ശുശ്രൂഷയിലും ഞാൻ എപ്പോഴും നമ്മുടെ കർത്താവിന്റെ അമ്മയായ വാഴ്ത്തപ്പെട്ട കന്യകാമറിയത്തിൽ എന്നെത്തന്നെ ഭരമേൽപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താൽ, എന്റെ ശരീരം പുനരുത്ഥാന ദിനത്തിനായി വിശുദ്ധ മേരി മേജർ ബസിലിക്കയിൽ വിശ്രമിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
എന്റെ ഭൂമിയിലെ അവസാന യാത്ര ഈ പുരാതന മരിയൻ സങ്കേതത്തിൽ അവസാനിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. എല്ലാ അപ്പസ്തോലിക യാത്രയുടെയും തുടക്കത്തിലും ഒടുക്കത്തിലും ഞാൻ പ്രാർത്ഥിക്കാൻ നിൽക്കുമായിരുന്ന ഇടമാണത്. എന്റെ ഉദ്ദേശ്യങ്ങൾ ഞാൻ അമ്മയിൽ ആത്മവിശ്വാസത്തോടെ ഭരമേൽപ്പിച്ചു. അവളുടെ സൗമ്യവും മാതൃപരവുമായ കാരുണ്യത്തിന് ഞാൻ എന്നും നന്ദി പറഞ്ഞു.
ഇതോടൊപ്പമുള്ള പ്ലാനിൽ കാണിച്ചിരിക്കുന്നതുപോലെ, പോളിൻ ചാപ്പലിനും ബസിലിക്കയിലെ സ്ഫോർസ ചാപ്പലിനും ഇടയിലുള്ള വശത്തെ ഇടനാഴിയിലെ സ്ഥലത്ത് എന്റെ ശവകുടീരം ഒരുക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. എന്റെ ശവകുടീരം നിലത്തായിരിക്കണം. ലളിതമായി, പ്രത്യേക അലങ്കാരങ്ങളില്ലാതെ, ഫ്രാൻസിസ്കസ് എന്ന് മാത്രം എഴുതിയതാകണം.
അന്ത്യ വിശ്രമം ഒരുക്കുന്നതിനുള്ള ചെലവ് ഒരു ഉപകാരി വഹിക്കും. അത് സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയിലേക്ക് മാറ്റാൻ വേണ്ടത് ചെയ്തിട്ടുണ്ട്. കർദ്ദിനാൾ റോളാൻഡാസ് മക്രിക്കാസിന് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. എന്നെ സ്നേഹിച്ചവർക്കും എനിക്കുവേണ്ടി പ്രാർത്ഥിക്കുന്നത് തുടരുന്നവർക്കും കർത്താവ് ഉചിതമായ പ്രതിഫലം നൽകട്ടെ. എന്റെ ജീവിതത്തിന്റെ അവസാന കാലത്ത് അടയാളപ്പെടുത്തിയ വേദനകൾ, ലോക സമാധാനത്തിനും ജനങ്ങൾക്കിടയിലുള്ള സാഹോദര്യത്തിനും വേണ്ടി ഞാൻ കർത്താവിനു സമർപ്പിക്കുന്നു..
Also readPOPE FRANCIS (1936 - 2025); ഗാസയ്ക്കും, അഭയാർത്ഥികൾക്കും, പുരോഗമനത്തിനും വേണ്ടി വാദിച്ച മനുഷ്യൻ
ഗാസ മുനമ്പിലെ പള്ളിയിലേക്കുള്ള അവസാന വിളി
ജീവിതത്തിലെ അവസാന 18 മാസക്കാലവും ഗാസ മുനമ്പിലെ ഏക കത്തോലിക്കാ പള്ളിയായ ഗാസ സിറ്റിയിലെ ഹോളി ഫാമിലിയിലേക്ക് മുടങ്ങാതെ ഒരു ഫോൺ കോൾ നടത്തിയിരുന്നു പോപ്പ് ഫ്രാൻസിസ്. 2023 ഒക്ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആദ്യമായി അങ്ങനെയൊരു ഫോൺകോൾ വരുന്നത്. പിന്നീട് എല്ലാ ദിവസവും രാത്രി എട്ട് മണിക്കുള്ള ദിനചര്യയായി അത് മാറി. ബോംബാക്രമണങ്ങൾ തീവ്രമാകുന്ന ദിവസങ്ങളിൽ രണ്ടും മൂന്നും തവണ മാർപാപ്പയുടെ വിളിയെത്തി. അവസാനമായി അങ്ങനെയൊരു ഫോൺകോളെത്തിയത് ശനിയാഴ്ചയാണ്. സാധാരണ സ്പാനിഷ് ഭാഷയിൽ സംസാരിക്കുന്ന പോപ്പ് അന്ന് 'നന്ദി' എന്ന് അറബിയിൽ പറഞ്ഞതായി പള്ളിയിലെ പുരോഹിതനായ റവ. ഗബ്രിയേൽ റൊമാനെല്ലി പറയുന്നു. "നന്ദി, നിങ്ങളുടെ സേവനങ്ങൾക്കും പ്രാർത്ഥനകൾക്കും" എന്നായിരുന്നു പോപ്പിന്റെ വാക്കുകൾ.
യുദ്ധഭൂമിയിൽ അഭയകേന്ദ്രമായി മാറിയ ആ ദേവാലയം കാലം ചെന്ന ഫ്രാൻസിസ് മാർപാപ്പയുടെ ഓർമകളിൽ ഇന്ന് വിലാപത്തിലാണ്. ഹോളി ഫാമിലിയിൽ, ആ നല്ല ഇടയനെ അനുസ്മരിച്ച പ്രത്യേക കുർബാനയിൽ നൂറുകണക്കിനുപേർ ഒത്തുകൂടി.
ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടൊപ്പമുണ്ട് എന്ന അദ്ദേഹത്തിന്റെ വാക്കുകൾ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ ഗാസയിലെ ആയിരത്തിൽ താഴെ വരുന്ന ക്രിസ്ത്യാനികൾക്കുവേണ്ടി മാത്രമുള്ളതായിരുന്നില്ല. ദെെവമല്ലാതെ തങ്ങളെ തുണയ്ക്കാനുണ്ടായിരുന്ന ഒരാളായാണ് ഗാസൻ ജനത പോപ്പ് ഫ്രാൻസിസിനെ വിശേഷിപ്പിക്കുന്നത്. അവസാനമായി ലോകത്തെ അഭിസംബോധന ചെയ്ത ഈസ്റ്റർ സന്ദേശത്തിലും മാർപാപ്പ ഗാസയിലെ സമാധാനത്തിനുവേണ്ടിയാണ് ശബ്ദിച്ചത്. മതസ്വാതന്ത്രമില്ലാതെ ശാശ്വതസമാധാനമില്ല എന്ന് പോപ്പിന്റെ വാക്കുകളിൽ ദുരിതമനുഭവിക്കുന്നത് ആരാണെങ്കിലും തന്റെ പക്ഷമതാണെന്ന് ആവർത്തിച്ചു. മതാന്തര ബന്ധങ്ങളുടെ വക്താവായി കൊണ്ട് ജൂതവിരുദ്ധതയെ അപലപിച്ച പോപ്പ്, അന്ത്യയാത്രയ്ക്ക് മുൻപ് ബന്ദിമോചനത്തിന് ഹമാസിനോടും ആഹ്വാനം ചെയ്തു. പലസ്തീൻ ജനതയുടെ അവകാശങ്ങൾക്കുവേണ്ടി അചഞ്ചലമായ നിലപാടെടുത്ത വക്താവെന്നാണ് മുതിർന്ന ഹമാസ് ഉദ്യോഗസ്ഥൻ ബാസെം നയിം മാർപാപ്പയെ വിയോഗശേഷം വിശേഷിപ്പിച്ചത്.
യേശു ക്രിസ്തു ഉയിർത്തെഴുന്നേറ്റെന്ന് ക്രെെസ്തവ വിശ്വാസികൾ കരുതുന്ന ജറുസലേമിലെ ഹോളി സെപൽച്ചർ പള്ളിയിൽ, ലാറ്റിൻ സമൂഹത്തിന്റെ മേലധ്യക്ഷനായ ഫാദർ സ്റ്റെഫാൻ മിലോവിച്ച് വിലാപ പ്രാർഥനകളെ നയിച്ചു
സംസ്കാരം ശനിയാഴ്ച :
അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാരം ശനിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരക്കാണ് ചടങ്ങുകള്‍ നടക്കുക. പോപ്പിന്റെ ആഗ്രഹം പോലെ റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് അന്ത്യവിശ്രമം. ബുധനാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കാനും കര്‍ദിനാള്‍ സഭയുടെ പ്രത്യേക യോഗം തീരുമാനിച്ചു.
ഇന്ത്യൻ സമയം ഉച്ചക്ക് 12.30 മുതലാണ് പൊതുദർശനം. സെന്റ് പീറ്റേഴ്സ് ബസലിക്കയിലെ പ്രധാന ഹാളിലാകും പൊതുദര്‍ശനം. മൃതദേഹം ഇപ്പോള്‍ മാര്‍പാപ്പയുടെ പ്രത്യേക ചാപ്പലിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ പൊതു ദര്‍ശനത്തിന് വെക്കുന്ന ഹാളിലേക്ക് ഭൗതിക ദേഹം മാറ്റും. സിങ്ക് പൂശിയ, മരത്തില്‍ തീര്‍ത്ത കഫീനിലാണ് പാപ്പയുടെ മൃതദേഹം കിടത്തിയിരിക്കുന്നത്. ചുവന്ന മേലങ്കിയും മാര്‍പാപ്പയുടെ മൈറ്റര്‍ കിരീടവും ധരിപ്പിച്ചിട്ടുണ്ട്.
Photo Courtesy/AP,AFP
#POPE FRANCIS