കോർപ്പറേറ്റ് ജോലികൾ പലപ്പോഴും വെല്ലുവിളികളും അതോടൊപ്പം പണവും പദവിയും നേടിതരുന്നതാണ്. തിരക്കേറിയ കോർപ്പറേറ്റ് ജീവിതത്തിൽ പലപ്പോഴും സ്വകാര്യ ജീവിതത്തെ മറന്ന് കളയുന്നവരാണ് മിക്ക ആളുകളും. അത്തരത്തിൽ കഠിനമായ ജോലി തളർത്തിയതിനെ പറ്റി പങ്കുവെച്ചിരിക്കുകയാണ് ബെംഗളൂരുവിൽ നിന്നുള്ള യുവാവ്. പേരു വ്യക്തമാക്കാതെ യുവാവ്റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മൂന്ന് വർഷമായി വളരെയേറെ സമ്മർദ്ദം നൽകുന്ന കമ്പനിയിൽ ജോലി ചെയ്യുന്നുവെന്ന് ഈ യുവാവ് പറയുന്നു. കഠിനപ്രയ്ത്നം തന്റെ ശരീരത്തിനും മനസിനും താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. ദിവസവും 14 മുതൽ 16 മണിക്കൂർ വരെ പതിവായി ജോലി ചെയ്യുന്നുവെന്നും പലപ്പോഴും പുലർച്ചെ 2 മണി വരെ ഉറങ്ങാതിരിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതൊക്കെയാണെങ്കിലും എല്ലാ ദിവസവും അദ്ദേഹം രാവിലെ 9 മണിയോടെ മുടങ്ങാതെ ഓഫീസിലെത്തുന്നു.
2022 ഓഗസ്റ്റിലാണ് താൻ ഇപ്പോഴത്തെ കമ്പനിയിൽ ചേർന്നതെന്നും മൂന്ന് വർഷത്തിനുള്ളിൽ 24 കിലോ ഭാരം കൂടിയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ക്രമരഹിതമായ ഉറക്കസമയം, ദീർഘനേരത്തെ ജോലി, വ്യായാമമില്ലായ്മ എന്നിവ ആരോഗ്യത്തെ ബാധിച്ചിരിക്കുന്നു.
'നിങ്ങളെപ്പോലെ, ഞാനും ഇന്ത്യയിലെ ഒരു കോർപ്പറേറ്റ് അടിമയാണ്,' അദ്ദേഹം എഴുതി. 'എന്റെ ഉറക്കത്തിന് ഒരു ചിട്ടയുമില്ല. ചില രാത്രികളിൽ ഞാൻ പുലർച്ചെ 2 മണിക്ക് ഉറങ്ങുന്നു, ചിലപ്പോൾ രാത്രി 11 മണിക്ക്. പക്ഷേ ഞാൻ എപ്പോഴും 9 മണിയോടെ ഓഫീസിലെത്തും.'
ജോലിക്ക് കയറിയതോടെ തന്റെ വ്യക്തി ജീവിതം താറുമാറായെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കുന്നു. ഒരു യാത്രയും ചെയ്യാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.തന്റെ ജീവിതത്തിലെ ഏക നല്ല സാന്നിധ്യം കാമുകിയാണെങ്കിലും, അവളെ അവഗണിക്കുന്നതിൽ കുറ്റബോധം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഠിനാധ്വാനം ചെയ്യുകയും സ്ഥിരത പുലർത്തുകയും ചെയ്തിട്ടും തനിക്ക് തളർച്ച അനുഭവപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. 'ഞാൻ മിക്ക വാരാന്ത്യങ്ങളിലും ജോലി ചെയ്യുന്നു. ഞാൻ അവധികൾ റദ്ദാക്കുന്നു. മാതൃകാപരമായ ഒരു ജീവനക്കാരനാകാൻ ഞാൻ എല്ലാം ചെയ്തിട്ടുണ്ട്,' അദ്ദേഹം എഴുതി. എന്നിട്ടും, തനിക്ക് സംതൃപ്തി തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും സന്തോഷമോ സമാധാനമോ അനുഭവപ്പെടുന്നില്ല. ഒരു ഇടവേള എടുക്കാനോ മെച്ചപ്പെട്ട അവസരങ്ങൾ തേടാനോ കഴിയാത്തവിധം മാനസികമായി വളരെയധികം തളർന്നിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
'ഞാനിനി എന്തുചെയ്യണം? ഞാൻ ശരിക്കും മരിക്കുകയാണോ? അയാൾ പോസ്റ്റ് ഉപസംഹരിച്ചു. ഇന്ത്യയിലെ കോർപ്പറേറ്റ് അടിമത്ത്വത്തിന്റെ നേർചിത്രമാണ് യുവാവിന്റെ അനുഭവമെന്ന് പലരും കമന്റ് ചെയ്തു.ആരോഗ്യം നോക്കാതെ ഇത്തരം ജോലിയിൽ മുഴുകിയാൽ ജീവന് തന്നെ ഭീഷണിയാണെന്ന് ചിലർ പറയുന്നു.
#health #lifestyle