ലോകത്തെ ഏറ്റവും ഭരിതനായ പ്രസിഡൻറ് എന്ന വിളിപ്പേരുണ്ടായിരുന്ന ഉറൂഗ്വേ മുന്‍ പ്രസിഡന്റ് ഹോസെ മുഹീക(89) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. നിലവിലെ പ്രസിഡന്റായ യമന്തു ഒര്‍സിയാണ് ഉറൂഗ്വേയുടെ വിപ്ലവനായകന്റെ മരണവാര്‍ത്ത അറിയിച്ചത്. 'പെപെ' എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ലളിത ജീവിതത്തിന്റെ പേരിലും പുരോഗമന നിലപാടുകളിലൂടെയും ലോകശ്രദ്ധ നേടിയ നേതാവാണ് ഹോസെ മുഹീക. 2024 ലാണ് മുഹീകയ്ക്ക് അന്നനാള കാന്‍സര്‍ സ്ഥിരീകരിച്ചത്. അവസാന സമയത്ത് ചികിത്സ മതിയാക്കി സ്വന്തം ഫാമിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.അര്‍ബുദ രോഗം സങ്കീര്‍ണമായ ഘട്ടത്തില്‍ ഇനി ചികിത്സ വേണ്ടെന്ന് നിലപാടെടുത്ത അദ്ദേഹം അവസാന നാളുകള്‍ സമാധാനപരമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്നും പറഞ്ഞാണ് ഫാം ഹൗസില്‍ തുടര്‍ന്നത്. ഗറില്ലാ കാലത്ത് ഒപ്പമുണ്ടായിരുന്ന ലൂസിയ ടോപോലന്സ്കിയാണ് ജീവിത പങ്കാളി. ഇവര്‍ക്ക് മക്കളില്ല.
കലാപകാരിയിൽ നിന്ന് പ്രസിഡന്റിലേക്കുള്ള മുജിക്കയുടെ യാത്ര അസാധാരണമായിരുന്നു. ക്യൂബൻ വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 1960 കളിലും 70 കളിലും സായുധ കലാപം ആരംഭിച്ച ഇടതുപക്ഷ ഗറില്ലാ ഗ്രൂപ്പായ ടൂപാമാറോസിലെ ഒരു പ്രധാന വ്യക്തിയായി അദ്ദേഹം മാറി. ഉറുഗ്വേയുടെ സൈനിക സ്വേച്ഛാധിപത്യകാലത്ത്, അദ്ദേഹം പിടിക്കപ്പെടുകയും ഏകദേശം 14 വർഷം ജയിലിൽ കഴിയുകയും ചെയ്തു. അതിൽ ഭൂരിഭാഗവും ഏകാന്തതടവിലായിരുന്നു.
1985-ൽ ജനാധിപത്യം പുനഃസ്ഥാപിച്ചതിന് ശേഷം അദ്ദേഹം മോചിതനായി. പിന്നീട് മൂവ്മെന്റ് ഓഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ (എം.പി.പി) എന്ന സംഘടനയുടെ സഹസ്ഥാപകനായി. അതിന്റെ കീഴിൽ അദ്ദേഹം നിയമസഭയിൽ സീറ്റുകൾ നേടി. 50 ശതമാനത്തിലധികം വോട്ടുകൾ നേടിയ ശേഷം 2010-ൽ അദ്ദേഹം ഉറുഗ്വേയുടെ പ്രസിഡന്റായി. 2024 ഏപ്രിലിലാണ് അർബുദം സ്ഥിരീകരിക്കുന്നത്.
2020 ൽ ജയിലിൽ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് അദ്ദേഹം ഒരു അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.'ആറ് മാസം ഒരു കമ്പി കൊണ്ട് അവര്‍ എന്റെ കൈകള്‍ പിന്നില്‍ കെട്ടി. രണ്ട് വര്‍ഷത്തോളം ബാത്ത്റൂമില്‍ പോകാന്‍ പോലും അനുവദിച്ചിരുന്നില്ല' അദ്ദേഹം പറഞ്ഞു.
വലിയ പരിഷ്കാരങ്ങള്‍ കൊണ്ടുവന്ന എളിമയുള്ള നേതാവായാണ് ഹോസെ മുഹീകയെ വിശേഷിപ്പിക്കുന്നത്. വ്യക്തി ജീവിതത്തില്‍ പ്രസിഡന്റിന്റെ പദവികളും ഔദ്യോഗിക സൗകര്യങ്ങളും ഒഴിവാക്കിയായിരുന്നു അദ്ദേഹം ജീവിച്ചത്. മുഹീക പ്രസിഡന്റായിരുന്ന 2010 മുതല്‍ 2015 വരെയുള്ള കാലത്താണ് ഉറൂഗ്വേ സാമ്പത്തിക വളര്‍ച്ച നേടിയതും ലാറ്റിന്‍ അമേരിക്കയിലെ പുരോഗമന പരിഷ്കാരങ്ങള്‍ കൊണ്ടു വന്നതും.
ഗര്‍ഭഛിദ്രം, സ്വവര്‍ഗ വിവാഹം, കഞ്ചാവ് നിയമവിധേയമാക്കിയതുമെല്ലാം അദ്ദേഹത്തിന്റെ കാലത്താണ്. കഞ്ചാവ് നിയമവിധേയമാക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യവും ഉറൂഗ്വേയാണ്. രാഷ്ട്രീയം വ്യക്തിപരം കൂടിയാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച നേതാവാണ് മുഹീക. രാജ്യത്തിന്റെ പ്രസിഡന്റായിരുന്നിട്ടും അദ്ദേഹം നയിച്ച ലളിത ജീവിതമാണ് ലോകം മുഴുവന്‍ ചര്‍ച്ചയായത്. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ താമസിക്കാന്‍ വിസമ്മതിച്ച മുഹീക ഭാര്യക്കൊപ്പം ഒരു ഫാം ഹൗസിലായിരുന്നു അവസാനം വരെ കഴിഞ്ഞിരുന്നത്. ഇവിടെ തോട്ടപരിപാലനമായിരുന്നു അവസാന കാലത്തും അദ്ദേഹത്തിന്റെ ജോലി. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ബഹുഭൂരിഭാഗവും മറ്റുള്ളവര്‍ക്ക് നല്കി.
'ലോകത്തിലെ ദരിദ്രനായ പ്രസിഡന്റ്' എന്നായിരുന്നു അദ്ദേഹത്തിന് ലഭിച്ച വിശേഷണം. എന്നാല്‍ ഈ വിശേഷണം തനിക്ക് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ ദരിദ്രനായ പ്രസിഡന്റ് അല്ലെന്നും ധാരാളം ആവശ്യങ്ങളുള്ള ആളാണ് ദരിദ്രനെന്നും ജീവിക്കാന്‍ എനിക്ക് വളരെ കുറച്ച് കാര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. 'സമചിത്തതയുള്ള പ്രസിഡന്റ്' എന്നാണ് സ്വയം വിശേഷിപ്പിച്ചത്. വളരെ കുറച്ചു മാത്രം ആവശ്യങ്ങളുള്ള വ്യക്തിയാണ് താനെന്നും പ്രസിഡന്റാകുന്നതിനും എത്രയോ മുമ്പ് തന്നെ താന്‍ അങ്ങനെയാണ് ജീവിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് ” സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി “എന്ന്.
രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി. മാസം 𝟭𝟯𝟯𝟬𝟬 ഡോളര്‍. തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 𝟭𝟮𝟬𝟬𝟬 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 𝟭𝟯𝟬𝟬 ഡോളറില്‍ 𝟳𝟳𝟱 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ഹോസെ മുഹിക തന്റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും, ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.
പ്രസിഡണ്ട് ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്കി.
പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂ കൃഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.
ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 𝟮𝟬𝟭𝟱 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :- ” രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം..”.
അവസാന കാലത്ത് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു, 'ജീവിതം മനോഹരവും സാഹസികവും അത്ഭുതവുമാണ്. സന്തോഷത്തേക്കാള്‍ സമ്പത്തിന് പ്രാധാന്യം കൊടുക്കുകയാണ് നമ്മള്. നേട്ടങ്ങളില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ഇതെല്ലാം തിരിച്ചറിയുമ്പോഴേക്കും ജീവിതം അവസാനിച്ചിട്ടുണ്ടാകും' .
International