ആകാശത്തു നിന്നുള്ള കാഴ്ച കാണും വരെയും റബർ മരങ്ങൾക്ക് നടുവിലുള്ള ആ മൈതാനത്തിന് ഇത്രയും ഭംഗിയുണ്ടെന്ന് അവിടെ ദിവസവും എത്തുന്നവർ കരുതിയില്ല. വീഡിയോ കണ്ടവർ കണ്ടവർ ചോദിക്കുന്നു ഇതെവിടെയാണ്, ആമസോൺ വനാന്തരമോ?, മനോഹര ഭൂപ്രകൃതിയുള്ള ന്യൂസിലാൻഡ്? അതോ മറ്റ് എവിടെയെങ്കിലും? ചോദ്യങ്ങൾ അങ്ങനെ പോകുന്നു. പക്ഷേ സമൂഹമാധ്യമങ്ങളിൽ വൈറലായ ആ കാഴ്ച തൃശ്ശൂരിലാണ്.
തൃശൂർ പാലപ്പള്ളിയിലെ ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ ക്യാമറ പറന്നപ്പോഴാണ് ഇങ്ങനെ ഒരു സൗന്ദര്യം ഉണ്ടെന്ന് അവിടെ ക്രിക്കറ്റ് കളിക്കുന്നവരും ഫുട്ബോൾ കളിക്കുന്നവരും മനസ്സിലാക്കുന്നത്, ഗ്രൗണ്ട് ദീർഘനാളായി അവിടെ ഉണ്ടായിരുന്നു എന്നത് വേറെ കാര്യം. ഏകദേശം 45 വർഷങ്ങൾ ആയി. നിബിഡവനത്തിന്റെ വിശാല പച്ചപ്പിന് നടുവിൽ ഒരു ചെറുചുഴി പോലുള്ള മൈതാനം.
വരന്തരപ്പിള്ളിയിലെ ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബർ എസ്റ്റേറ്റിനുള്ളിലാണ് പ്രസ്തുത മൈതാനം. ഹെക്ടർ കണക്കിന് എസ്റ്റേറ്റിൽ ഇടതൂർന്ന് നിൽക്കുന്ന റബർ മരങ്ങൾ. കാട് പോലെ നിൽക്കുന്ന മരങ്ങൾക്ക് നടുവിലാണ് 5 ഏക്കർ വരുന്ന മൈതാനം. സമചതുരാകൃതിയിലുള്ള മൈതാനത്തിന്റെ രണ്ടു വശങ്ങളിൽ ആറ് കൂറ്റൻ വാക മരങ്ങൾ. രണ്ടു വശങ്ങളിലെ അതിർത്തിയിൽ റബ്ബർമരങ്ങൾ. മൈതാനത്തേയ്ക്ക് എത്താനായി ചെറിയ റോഡുണ്ട്. ഇടതൂർന്ന റബ്ബർമരങ്ങൾ കാരണം പറക്കും ക്യാമറയുടെ കാഴ്ചയിൽ ഈ റോഡില്ല.
മൈതാനത്തിന് നടുക്കായി ക്രിക്കറ്റ് പിച്ചുണ്ട്. എന്നാൽ നാട്ടുകാർ പറയുന്നത് ഇത് യഥാർത്ഥത്തിൽ ഒരു ഫുട്ബോൾ ഗ്രൗണ്ട് ആയിരുന്നു. 1970-75 കാലഘട്ടങ്ങളിൽ കാൽപന്ത് കളിയുടെ ടൂർണ്ണമെൻറ്കൾ നടന്നിരുന്ന ഇവിടം പിന്നീട് ക്രിക്കറ്റിന് വഴിമാറുകയായിരുന്നു.
ആകാശക്കാഴ്ചയിൽ കാടിന് നടുവിലുള്ള മൈതാനത്തിൽ നിറമില്ലാത്ത ഹരിത നിറം ഇല്ലാത്തത് 22 വാര ക്രിക്കറ്റ് പിച്ചു മാത്രം.പാലപ്പിള്ളിക്കാർ ദിവസവും ക്രിക്കറ്റ് കളിക്കുന്നതിനാൽ അവിടെ പുല്ല് വളരുന്നില്ല.ജൂൺമാസം ആകുമ്പോൾ വാകമരങ്ങൾ പൂവിടും അതോടെ പച്ചപ്പട്ടിന്റെ മേലങ്കി പുതച്ചിടത്ത് മാരിവിൽ ചന്തവും വരും.
ഹാരിസൺ മലയാളം കമ്പനിയാണ് പ്ലാന്റേഷൻ നിയമം അനുസരിച്ച് തൊഴിലാളികൾക്കും, അവിടുത്തെ ജീവനക്കാർക്കും വേണ്ടി ഇത്തരം ഒരു കളിക്കളം വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയത്. സമാനമായ മറ്റൊരു കളിക്കളം സമീപത്തുള്ള വേറെയൊരു പ്ലാന്റേഷൻ കമ്പനിക്കും ഉണ്ടായിരുന്നു എന്നാൽ അവർ അത് നിർത്തിയതോടെ നാട്ടുകാരായ കളിക്കാർ ഇവിടേക്ക് കൂടി ഇപ്പോൾ ദിവസവും ക്രിക്കറ്റും ഫുട്ബോളും നടക്കുന്നു.
#PalapillyGround #Kerala #Thrissur
