കേരള സർവകലാശാലയുടെ (Kerala University) പുരാവസ്തുശാസ്ത്ര വിഭാഗം ഗുജറാത്തിൽ കഛിലെ ലഖാപർ ഗ്രാമത്തിൽ 5300 വർഷം പഴക്കമുള്ള പ്രാചീന ഹാരപ്പൻ വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. മേഖലയിൽ പ്രാരംഭ ഹാരപ്പൻ ശവസംസ്കാരസ്ഥലത്തോടുചേർന്ന താമസസ്ഥലം കണ്ടെത്തുന്നത് ആദ്യമാണ്.
കേരളസർവകലാശാല പുരാവസ്തുപഠനവകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ ജി.എസ്. അഭയൻ, ഡോ. എസ്.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ ഈയിടെയാണ് ഉത്ഖനനംനടത്തിയത്. ഗഡൂലി-ലഖാപർ റോഡിന്റെ ഇരുവശങ്ങളിലായി മൂന്ന് ഹെക്ടറിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വലിയ കല്ലുകൊണ്ടുള്ള കെട്ടിടാവശിഷ്ടങ്ങൾ, ശവസംസ്കാരത്തെളിവുകൾ, മൺപാത്രങ്ങൾ, മുത്തുകൾ, വളകൾ തുടങ്ങിയവ കുഴിച്ചെടുത്തു. മൺപാത്രങ്ങൾ പ്രാരംഭ ഹാരപ്പൻ കാലമായ 3300 ബിസിഇ (BCE) മുതലുള്ളവയാണ്. അപൂർവമായ പ്രീ-പ്രഭാസ് മൺപാത്രശേഖരവും ലഭിച്ചു. പ്രാരംഭ ഹാരപ്പൻ ജനതയ്ക്ക് പ്രാദേശിക ചെമ്പ്-ശിലായുഗ സമൂഹങ്ങളുമായുള്ള ബന്ധം സൂചിപ്പിക്കുന്നവയാണ് പ്രത്യേക രൂപമുള്ള ഈ പാത്രങ്ങളെന്ന് ഗവേഷകർ പറഞ്ഞു.
ഹാരപ്പന്‍ സംസ്കാരത്തെ പ്രാരംഭഘട്ടം, മധ്യാന ഘട്ടം, അന്തിമഘട്ടം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഇതില്‍ 3300 ബിസിഇ മുതല്‍ 2600 ബിസിഇ വരെ പ്രാഥമിക ഘട്ടവും 2600 ബിസിഇ മുതല്‍ 1900 ബിസ.ഇ വരെ മധ്യാന ഘട്ടവും 1900 ബിസിഇ മുതല്‍ 1300 ബിസിഇ വരെ അന്തിമഘട്ടവുമാണ്. കച്ചിലെ വരണ്ട പ്രദേശമാണ് തെളിവുകള്‍ ലഭിച്ച ലഖംപൂര്‍ മേഖല. ഈ മേഖലയിലും പ്രാരംഭ ഹാരപ്പന്‍ കാലത്ത് മനുഷ്യര്‍ കൂട്ടമായി സഹവസിച്ചിരുന്നുവെന്നതിൻ്റെ തെളിവുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.
ഇന്നത്തെ പാകിസ്താനില്‍ ഉള്‍പ്പെടുന്ന സിന്ധ് മേഖലയുമായി ഇവര്‍ക്ക് വ്യാപാര-വാണിജ്യ ബന്ധമുണ്ടായിരുന്നതിൻ്റെ സൂചനകളിലേക്ക് ലഖംപൂര്‍ മേഖലയിലെ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നു. മധ്യാന കാലം മുതല്‍ക്ക് ശവസംസ്കാരം നടത്തുന്നിടത്ത് വലിയ കല്ലുകള്‍ സ്ഥാപിക്കുന്ന രീതി ഹാരപ്പന്‍ സംസ്കാരത്തിൻ്റെ ഭാഗമായിരുന്നു. എന്നാല്‍ ലഖംപൂരില് കണ്ടെത്തിയ മനുഷ്യ ശരീരാവശിഷ്ടങ്ങളോടൊപ്പം പാത്രങ്ങളും മരിച്ചയാളുടേതെന്ന് കരുതപ്പെടുന്ന മറ്റുപകരണങ്ങളും വെറുതെ കുഴി കുത്തി മൂടിയ നിലയിലാണ് കണ്ടെത്തിയതെന്നും ഡോ. രാജേഷ് വിശദീകരിച്ചു. കര്‍ഷകരുടെ സെറ്റില്മെൻ്റുകളാണ് കണ്ടെത്തിയതെന്ന് സംശയിക്കുന്നുണ്ട്. ആടുമാടുകളുടെയും മത്സ്യകൃഷിയുടെയും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലഖാപറിലെ ഉത്ഖനനം പടിഞ്ഞാറൻ കഛിൽ ഹാരപ്പൻകേന്ദ്രങ്ങളുടെ ശൃംഖല കണ്ടെത്താനുള്ള ഉദ്യമങ്ങളുടെ തുടർച്ചയാണ്. ജുനഖട്ടിയയിൽ 2019-22 ലും പട്താ ബേതിൽ 2024-ലും നടത്തിയവയുടെ തുടർച്ചയായാണ് 2025 മേയിൽ ഇവിടെ ആരംഭിച്ച ഖനനം. കേരള സർവകലാശാലയുടെ സാമ്പത്തികസഹായത്തോടെയുള്ള പദ്ധതിയിൽ രാജ്യത്തിനകത്തും പുറത്തുമുള്ള അനേകം ഗവേഷണ സ്ഥാപനങ്ങൾ പങ്കാളികളാണ്.
പ്രാരംഭ ഹാരപ്പന്‍ സംസ്കാരത്തെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക് എക്കാലത്തും സഹായകമായത് ഇക്കാലയളവില്‍ ഉപയോഗത്തിലുണ്ടായിരുന്ന പാത്രങ്ങളുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളാണെന്ന് ഡോ. രാജേഷ് പറയുന്നു. ഓരോ കാലഘട്ടത്തിലും പ്രത്യേക തരം മാതൃകയിലുള്ള കരകൗശല ഉപകരണങ്ങളാകും ഇവ. ഗുജറാത്തിലെ പ്രഭാസ്, പാട്ടന്, ദാത്രാണ, ജനാന്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രം മുന്‍പ് കണ്ടെത്തിയിട്ടുള്ള ''പ്രീ പ്രഭാസ്'' എന്നറിയപ്പെടുന്ന അപൂര്‍വമായ മണ്‍പാത്ര ശേഖരവും ലഖംപൂരിലെ സൈറ്റില്‍ നിന്ന് ഗവേഷകര്‍ കുഴിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമേ കാര്‍ണീലിയന്‍(Carnelian), അഗേറ്റ് (Agate), ആമസോണൈറ്റ്(Amazonite), സ്റ്റിയാറ്റൈറ്റ് (Steatite) തുടങ്ങിയ ധാതുക്കള്‍ ഉപയോഗിച്ചു നിര്‍മിച്ച മുത്തുകള്‍, ശംഖ് കൊണ്ടുള്ള മുത്തകള്‍, വളകള്‍, ചെമ്പ് വസ്തുക്കള്‍, ചുട്ട കളിമണ്‍ വസ്തുക്കള്‍, അരകല്ലുകള്‍, കല്ലായുധങ്ങള്‍ തുടങ്ങിയവയും കണ്ടെത്തിയിട്ടുണ്ട്.
Kerala University archaeological department
