ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് ഒരു യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. ബ്രിട്ടീഷ് പൗരനായ വിശ്വാസ് കുമാർ രമേശ് (38) ആണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രമേഷ് അഹമ്മദാബാദിലെ അശ്വര സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.11 A സീറ്റിൽ യാത്ര ചെയ്തതെന്ന് കരുതുന്ന ഇയാൾ എമർജൻസി വിൻഡോയിലൂടെയാണ് രക്ഷപ്പെട്ടത്.
ഇന്ത്യയിലുള്ള കുടുംബത്തെ സന്ദർശിച്ചതിന് ശേഷം സഹോദരൻ അജയ് കുമാർ രമേശിനൊപ്പം യുകെയ്ക്ക് മടങ്ങുകയായിരുന്നു വിശ്വാസ് കുമാർ. വിമാനം പറന്നുപൊങ്ങി 30 സെക്കൻഡിനകം അസ്വാഭാവിക ശബ്ദം കേട്ടെന്നാണ് ഇയാള്‍ പറയുന്നത്. തീപടരും മുന്‍പ് എമർജന്‍സി എക്സിറ്റ് വഴി വിശ്വാസ് പുറത്തേക്ക് കടക്കുകയായിരുന്നു. എഴുന്നേറ്റപ്പോൾ ചുറ്റും ശവശരീരങ്ങളായിരുന്നുവെന്നാണ് വിശ്വാസ് കുമാർ പറയുന്നത്. ജീവൻ രക്ഷിക്കാൻ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഓടി. ആരോ ആംബുലൻസിലേക്ക് എടുത്ത് കയറ്റിയെന്നും വിശ്വാസ് കൂട്ടിച്ചേർത്തു. ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 242 ആളുകളും കൊല്ലപ്പെട്ടു എന്നായിരുന്നു. 242 പേരിൽ യാത്രക്കാരും, വിമാന ജീവനക്കാരും ഉൾപ്പെടുന്നു, പിന്നീടാണ് ഒരാൾ രക്ഷപ്പെട്ടതായി വിവരം പുറത്തുവരുന്നത്.
അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് (Tata group) ഒരു കോടി രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സ ചിലവ് വഹിക്കുമെന്നും ടാറ്റ അറിയിച്ചു. വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റൽ കെട്ടിടം പുനർനിർമിക്കുന്നതിനും സഹായം നൽകും. ഒരാൾ രക്ഷപ്പെട്ടതോടെ ആകെ മരണസംഖ്യ 241
സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787– 8 ഡ്രീംലൈനർ (AI171 Boeing 787–8 Dreamliner) വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയിൽ തകർന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം.
Air India
