3,000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് അധിക ചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) (Merchant Discount Rates -MDR) ചുമത്തുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇത്തരം റിപ്പോർട്ടുകൾ ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭീതിസൃഷ്ടിക്കും. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ്വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍.
നിലവിൽ യുപിഐ (UPI) ഇടപാടുകൾക്ക് എംഡിആർ ഇല്ല. ഇക്കാരണത്താൽ യുപിഐ ഇടപാട് സ്വീകരിക്കുന്നതിന് വ്യാപാരികൾ അധികചാർജ് നൽകേണ്ടതില്ല. എംഡിആർ വന്നാൽ ഈ ബാധ്യത ക്രമേണ ഉപയോക്താക്കളിലേക്കുമെത്താം.ഉയർന്ന തുകയുടെ ഇടപാടുകൾക്ക് എംഡിആർ ഏർപ്പെടുത്തണമെന്ന് യുപിഐ കമ്പനികളും ബാങ്കുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ പരിഗണനയിലാണ്. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല.
അധികചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഏർപ്പെടുത്തിയിരുന്നെങ്കിൽ യുപിഐ സേവനദാതാക്കൾക്ക് അത് അധിക വരുമാനമാകുമായിരുന്നു. ഉദാഹരണത്തിന് ഉപഭോക്താവ് ഒരു വ്യാപാരിക്ക് 100 രൂപ യുപിഐ വഴി നൽകുന്നു എന്നിരിക്കട്ടെ. 2 ശതമാനമാണ് എംഡിആർ എന്നും കരുതുക. അപ്പോൾ 98 രൂപയേ വ്യാപാരിക്ക് ലഭിക്കൂ. രണ്ടു രൂപ യുപിഐ സേവനദാതാവിന് ലഭിക്കും. ഇത്തരത്തിൽ അധിക വരുമാനം ലഭിക്കില്ലെന്നതിനെ തുടർന്നാണ് പേയ്ടിഎം ഓഹരിവില ഇന്ന് താഴേക്ക് പോയത്.
#onlinetransaction #business #money #payment