ടെൻസൽ, കമ്പിളി, സിസൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചുള്ള വോൾ കാർപറ്റ് രൂപകൽപന ചെയ്ത ആലപ്പുഴ സ്വദേശിനിക്ക് രാജ്യാന്തര പുരസ്കാരം. ഇരുപത്തിനാലുകാരിയായ ജാമിയ ജോസഫിനാണ് യൂറോപ്യൻ പ്രോഡക്റ്റ് ഡിസൈൻ അവാർഡ് (ഇപിഡിഎ) ലഭിച്ചത്. ഇക്കോ ഡിസൈൻ വിഭാഗത്തിലാണ് ‘ഗിൽഡഡ് ഒയാസിസ്’ എന്നു പേരിട്ടിരിക്കുന്ന ഉൽപന്നത്തിന് അവാർഡ് ലഭിച്ചത്. ഫർമാനി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഇപിഡിഎ, ലോകമെമ്പാടുമുള്ള അപേക്ഷകരിൽനിന്നാണ് മികച്ച ഉൽപന്നവും രൂപകൽപനയും തിരഞ്ഞെടുക്കുന്നത്.
നെയ്ത്ത് എക്സ്ട്രാവീവ് എന്ന സ്ഥാപനത്തിൽ സീനിയർ ഡിസൈനറായി ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ വർഷമാണ് ജാമിയ അവാർഡിനായി ഗിൽഡഡ് ഒയാസിസ് സമർപ്പിച്ചത്. പൂർണമായും പരിസ്ഥിതി സൗഹൃദ വസ്തുക്കളിൽ നിന്നാണ് ഗിൽഡഡ് ഒയാസിസ് നിർമിച്ചിരിക്കുന്നതെന്ന് ജാമിയ പറഞ്ഞു. സിൽക്കിന് സമാനമായ ഫൈബർ ഇനത്തിൽപെട്ട ടെൻസലും സിസലും ആണ് പ്രധാന ഘടകങ്ങൾ. സാധാരണയായി പരുക്കൻ ഘടനയുള്ള സിസൽ, മൃദുവായ ഇത്തരം കാർപറ്റുകളിൽ സാധാരണയായി ഉപയോഗിക്കാറില്ല. ഇതു പരിഹരിക്കാനായി ടെൻസലിന്റെ അനുപാതം വർധിപ്പിച്ചു. കാർപറ്റിന് കൂടുതൽ തിളക്കവും നിറവും ലഭിക്കുകയും ചെയ്തു.
ഹാൻഡ്-ടഫ്റ്റിങ് വിദ്യ ഉപയോഗിച്ചാണ് കാർപറ്റ് നിർമിച്ചത്. ഉയർന്ന നിലവാരം ഉറപ്പാക്കാൻ, ആവശ്യമായ വസ്തുക്കൾ പ്രധാനമായും ഈസ്റ്റ് ആഫ്രിക്കയിൽ നിന്നാണ് കൊണ്ടുവന്നത്. “നെയ്ത്ത് എക്സ്ട്രാവീവിൽ, ഡിസൈനർമാർ സാധാരണയായി ഓരോ 2-3 മാസത്തിലും പുതിയ ആശയങ്ങൾ അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷം അത്തരമൊരു സെഷനിൽ ഞാൻ ഈ ഡിസൈൻ അവതരിപ്പിച്ചു. സ്കെച്ച് തയാറാക്കി, മെറ്റീരിയലുകൾ തിരഞ്ഞെടുത്തു. ഞങ്ങളുടെ ഉടമ നിമിഷ ശ്രീനിവാസിൽനിന്നു പൂർണ പിന്തുണ ലഭിച്ചു. അവർ നൽകിയ പ്രോത്സാഹനത്തിലാണ് ഇപിഡിഎയ്ക്ക് അപേക്ഷിച്ചത്.’’– ജാമിയ പറഞ്ഞു.
നിലവിൽ ദുബായിൽ താമസിക്കുന്നു ജാമിയ, സുമ ഡിസൈൻ കൺസൽട്ടന്റ് എന്ന സ്ഥാപനത്തിൽ ടെക്സ്റ്റൈൽ ഡിസൈനറായി ജോലി ചെയ്യുകയാണ്. ആഗോളതലത്തിൽ ജാമിയയ്ക്ക് ലഭിക്കുന്ന ആദ്യ അംഗീകാരമല്ല ഇത്. 2023ൽ, കേരളത്തിലെ നെൽവയലുകളും വള്ളംകളിയുടെ താളവും ഊർജ്ജവും ചിത്രീകരിച്ച ‘വള്ളംകളി’ കാർപറ്റിനു ഡിഎൻഎ പാരിസ് ഡിസൈൻ അവാർഡ് ലഭിച്ചിരുന്നു.
#Alappuzha