കേരളത്തിൽ നിന്നുള്ള 7 പാർട്ടികളടക്കം രാജ്യത്ത് അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. തിരഞ്ഞെടുപ്പു സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. 2019 മുതൽ കഴിഞ്ഞ ആറു വർഷമായി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാത്ത പാർട്ടികളുടെ രജിസ്ട്രേഷനാണ് കമ്മിഷൻ കൂട്ടത്തോടെ റദ്ദാക്കിയത്.ഉത്തർപ്രദേശിൽ മാത്രം 115 പാർട്ടികളുടെ രജിസ്ട്രേഷൻ റദ്ദാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും സമാനമായ നടപടി ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ നിന്ന് ദേശീയ പ്രജ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്), സെക്കുലർ റിപ്പബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ പാർട്ടി തുടങ്ങിയ പാർട്ടികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. ഒഴിവാക്കിയ പാർട്ടികളുടെ ഓഫീസ് നിലവിൽ എവിടെയും പ്രവർത്തിക്കുന്നില്ലെന്നും ഇത് സബന്ധിച്ച ഉത്തരവിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
നിലവിൽ തിരഞ്ഞെടുപ്പ് കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറ് ദേശീയ പാർട്ടികളും 67 സംസ്ഥാന പാർട്ടികളും 2854 അംഗീകാരമില്ലാത്ത രാഷ്ട്രീയ പാർട്ടികളുമാണ് രാജ്യത്തുള്ളത്. അതിൽ 334 എണ്ണത്തെയാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്. കേരളത്തിൽ ഒഴിവാക്കിയ രാഷ്ട്രീയ പാർട്ടികളിൽ 4 പാർട്ടികളുടെ ഓഫിസ് തിരുവനന്തപുരത്തും 2 പാർട്ടികളുടേത് തൊടുപുഴയിലുമാണ്. ഇവയുടെ ഓഫീസുകൾ പ്രവർത്തിക്കുന്നില്ല എന്നാണ് ഇലക്ഷൻ കമ്മീഷൻ പറയുന്നത്.
#ഇലക്ഷൻകമ്മീഷൻ #ELECTIONCOMMISSIONOFINDIA