സർക്കാർ ഗവർണർ പോര് തുടർക്കഥയാകുന്നതിനിടെ ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തിയ പാഠപുസ്തകം പുറത്തിറക്കി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്തില്‍ ‘ജനാധിപത്യം; ഒരു ഇന്ത്യന്‍ അനുഭവം’ എന്ന പാഠഭാഗത്തിലാണ് ഗവര്‍ണറുടെ അധികാര പരിധി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്.
ഗവർണർ സംസ്ഥാനത്തിൻ്റെ നാമമാത്ര തലവനാണെന്നും യഥാർത്ഥ കാര്യനിർവഹണ അധികാരം മുഖ്യമന്ത്രി തലവനായ മന്ത്രിസഭയ്ക്കാണെന്ന് പാഠഭാഗത്തില്‍ പറയുന്നു. ഗവർണർ, അധികാരങ്ങൾ നിർവഹിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ്. ഗവർണർ എന്നത് തെരഞ്ഞെടുക്കപ്പെട്ട ഒരു ഔദ്യോഗിക സ്ഥാനമല്ല. 1983ൽ കേന്ദ്രസർക്കാർ നിയോഗിച്ച സർക്കാരിയ കമ്മീഷൻ സജീവ രാഷ്ട്രീയക്കാരെ ഗവർണർമാരായി നിയമിക്കരുതെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ കമ്മീഷൻ്റെ റിപ്പോർട്ട് പൂർണ്ണമായി ഇതുവരെയും നടപ്പിലാക്കിയിട്ടില്ലെന്ന് പാഠഭാഗത്തില്‍ പറയുന്നു.
കേന്ദ്രസർക്കാരുകൾ ഗവർണർമാർ മുഖേന സംസ്ഥാനങ്ങളുടെ ഭരണഘടന അവകാശങ്ങളിൽ ഇടപെടുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളിലും വിഭവങ്ങളുടെ വിതരണത്തിലും രാഷ്ട്രീയം കലരുന്നു. തുടങ്ങിയ കാര്യങ്ങളും ഗവർണറുടെ പ്രധാന അധികാരങ്ങളും ചുമതലകളും പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഗവർണറുടെ നിയമനിർമ്മാണ, കാര്യ നിർവഹണ, നീതിന്യായ, വിവേചന അധികാരങ്ങളും പാഠഭാഗത്തിലെ നാല് പേജുകളിൽ വിശദമായി പറയുന്നുണ്ട്. അച്ചടി പൂർത്തിയാക്കി സ്കൂളുകളിൽ എത്തിയ പാഠപുസ്തകം ഉടൻ വിദ്യാർഥികൾക്ക് വിതരണം ചെയ്യും.
ഗവർണറുടെ അധികാരപരിതിയും ചുമതലകളും പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാസെയാണ് ഗവർണറുടെ അധികാര പരിധി ഉൾപ്പെടുത്തി മാറ്റങ്ങൾ വരുത്തിയ പാഠപുസ്തകം SCERT പുറത്തിറക്കിയത്.
