വയർ കൂടുതൽ ചാടുന്നത് പുരുഷന്മാരെക്കാളും കൂടുതൽ സ്ത്രീകളിൽ.
രാവിലെ എഴുന്നേറ്റാൽ മേൽ അനങ്ങാൻ നോക്കുന്നതിനു പകരം ഫോണിലേക്ക്, അല്ലെങ്കിൽ ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങളിലേക്ക്. പിന്നെ കിട്ടുന്ന സമയത്ത് ഫാസ്റ്റ് ഫുഡ് ഉൾപ്പെടെയുള്ള ഭക്ഷണശീലങ്ങളിലേക്കും പോക്കും കൂടി, അതൊന്നും തെറ്റാണെന്നും പറയുന്നില്ല എല്ലാം വേണം. പക്ഷേ അതിൻറെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. എന്നുവച്ചാൽ ആറടി പൊക്കം ഉള്ള മലയാളിക്ക് രണ്ടടി വയർ!
കേരളത്തിന്റെ ആരോഗ്യ സംബന്ധമായ (ഇന്ത്യ ഒട്ടാകെ ഉള്ളത് തന്നെ) ഞെട്ടിക്കുന്ന റിപ്പോർട്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR), ഇന്ത്യ ഡയബറ്റിസ് (INDIAB) എന്നിവർ ചേർന്ന് 2008 മുതൽ 2020 വരെയുള്ള 12 വർഷക്കാലം രാജ്യത്തുടനീളം നടത്തിയ അതിവിപുലമായ പഠനത്തിലാണ് മലയാളികൾക്കിടയിലെ അമിതവണ്ണത്തെക്കുറിച്ചുള്ള ഈ വിവരങ്ങളുള്ളത്.
ഈ റിപ്പോർട്ടിലെ കണക്കുകൾ ലളിതമായി വിശകലനം ചെയ്താൽ, പത്തു മലയാളികളെ എടുത്താൽ അതിൽ ആറു പേരും ഗമയിൽ വയറും തള്ളി നടക്കുന്നു എന്ന് ചുരുക്കം. കേരളത്തിലെ ജനസംഖ്യയുടെ 58.2% പേർക്കും കുടവയർ (Abdominal Obesity) ഉണ്ടെന്നാണ് കണക്ക്. ഈ വിഭാഗത്തിൽ കേരളമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. പഞ്ചാബ് (57.2%) രണ്ടാം സ്ഥാനത്തും ഹരിയാന (56.9%) മൂന്നാം സ്ഥാനത്തുമാണ്.
More readJunk Food Addiction : അമിതമായി ജങ്ക് ഫുഡ് കഴിക്കുന്നത് സിഗരറ്റ് വലിക്കുന്നതിന് തുല്യം!
കുടവയറിന്റെ കാര്യത്തിൽ നമ്മൾ ഒന്നാമതാണെങ്കിൽ, പൊതുവായ അമിതവണ്ണത്തിന്റെ (General Obesity) കാര്യത്തിൽ 43.6% ആളുകളുമായി കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി (45.9%) മാത്രമാണ് ഈ പട്ടികയിൽ കേരളത്തിന് മുന്നിലുള്ളത്.
സ്ത്രീകളുടെ ആരോഗ്യത്തെ സംബന്ധിച്ചാണ് റിപ്പോർട്ടിൽ ഏറ്റവും ഗൗരവകരമായ പരാമർശങ്ങളുള്ളത്. കുടവയറുള്ള പത്തിൽ ആറ് മലയാളികളിൽ വലിയൊരു ശതമാനവും സ്ത്രീകളാണ് എന്നതാണ് വസ്തുത. പുരുഷന്മാരേക്കാൾ കൂടുതൽ കേരളത്തിലെ സ്ത്രീകളിലാണ് അമിതവണ്ണവും കുടവയറും വർദ്ധിച്ചുവരുന്നത്. സ്ത്രീകളിൽ അരക്കെട്ടിന്റെ അളവ് 80 സെന്റിമീറ്ററിൽ (31 ഇഞ്ച്) കൂടുതൽ ഉണ്ടെങ്കിൽ അത് കുടവയറായി കണക്കാക്കാം. പുരുഷന്മാരിൽ ഈ അളവ് 90 സെന്റിമീറ്ററാണ് (35 ഇഞ്ച്).
കേരളത്തിലെ സ്ത്രീകളിൽ ഈ ആരോഗ്യ പ്രതിസന്ധി കൂടാൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന പ്രധാന കാരണം ശാരീരിക അധ്വാനത്തിന്റെ കുറവാണ് (Physical Inactivity). പണ്ട് കഠിനമായ അധ്വാനം ആവശ്യമായിരുന്ന ഗൃഹജോലികൾ ഇന്ന് യന്ത്രവൽക്കരിക്കപ്പെട്ടതോടെ സ്ത്രീകൾക്ക് ലഭിച്ചിരുന്ന സ്വാഭാവിക വ്യായാമം ഇല്ലാതായി. ഇതിനുപുറമെ ആർത്തവവിരാമ സമയത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളും, പ്രസവാനന്തരമുള്ള ശാരീരിക മാറ്റങ്ങളും സ്ത്രീകളിൽ അടിവയറ്റിൽ കൊഴുപ്പ് കുമിഞ്ഞുകൂടാൻ കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മലയാളികൾ ഈ 'നേട്ടം' കൈവരിച്ചത് പ്രധാനമായും മൂന്ന് ജീവിതശൈലി മാറ്റങ്ങൾ കൊണ്ടാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ഒന്നാമത്തേത് രുചിയേറിയതും എന്നാൽ കൊഴുപ്പും അന്നജവും (Carbohydrates) അമിതമായുള്ളതുമായ ഭക്ഷണരീതിയാണ്. രണ്ടാമത്തേത്, വ്യായാമത്തോടുള്ള മലയാളികളുടെ ആ പഴയ 'അയിത്തം' തന്നെയാണ്. ആവശ്യത്തിന് ശാരീരിക അധ്വാനം ഇല്ലാത്തതും ചിട്ടയായ വ്യായാമമുറകളോടുള്ള വിമുഖതയും കൊഴുപ്പടിയാൻ പ്രധാന കാരണമാകുന്നു. മൂന്നാമതായി, ദീർഘനേരം ഒരേയിടത്ത് ഇരുന്നുള്ള ജോലികളും (Sedentary Lifestyle) ശരീരം അനങ്ങാതെയുള്ള ജീവിതരീതിയുമാണ്. കേരളത്തിൽ ഏകദേശം 2 കോടിയോളം ആളുകൾക്ക് കുടവയർ ഉണ്ടെന്നാണ് കണക്ക്. കുടവയർ എന്നത് വെറുമൊരു സൗന്ദര്യ പ്രശ്നമല്ലെന്നും അത് ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മാറാരോഗങ്ങളുടെ തുടക്കമാണെന്നും 12 വർഷത്തെ ഈ സമഗ്ര പഠനം മലയാളികളെ ഓർമ്മിപ്പിക്കുന്നു.
റിപ്പോർട്ട് പ്രകാരം മൊത്തത്തിൽ നോക്കുമ്പോൾ അമിതവണ്ണത്തിന്റെ കാര്യത്തിൽ കേരളം രണ്ടാം സ്ഥാനത്തല്ല, മറിച്ച് പുതുച്ചേരിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തോ നാലാം സ്ഥാനത്തോ ആയിട്ടാണ് പലപ്പോഴും പരാമർശിക്കപ്പെടാറുള്ളത് (ലക്ഷ്വദ്വീപ്, ആൻഡമാൻ തുടങ്ങിയ കേന്ദ്രഭരണ പ്രദേശങ്ങൾ പലപ്പോഴും കണക്കുകളിൽ മുന്നിൽ വരാറുണ്ട്). എന്നാൽ സംസ്ഥാനങ്ങളുടെ മാത്രം പട്ടിക എടുത്താൽ കേരളം മുൻനിരയിൽ തന്നെയാണ്.
(പ്രതീകാത്മക ചിത്രം എ ഐ നിർമ്മിതം)
