നാമനിർദ്ദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ ഒരു കോടിയിലധികം രൂപയുടെ ആസ്തികൾ ഉണ്ട്.
Image: Collected
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ധർമ്മടം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി (Ldf Candidates) മുഖ്യമന്ത്രി പിണറായി വിജയൻ(CM Pinarayi Vijayan) നാമനിർദേശ പത്രിക സമർപ്പിച്ചു. രാവിലെ പതിനൊന്ന് മണിയോടെ തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. C.N ചന്ദ്രൻ, E.P ജയരാജൻ, K.K രാഗേഷ്, P. ശശി എന്നിവർ പത്രികാ സമർപ്പണ വേളയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാർ തങ്ങൾ നിർമ്മിക്കുന്ന കരകൗശല വസ്തുക്കൾ വിറ്റുണ്ടാക്കിയ തുകയിൽ നിന്നാണ് ഇത്തവണയും മുഖ്യമന്ത്രിക്കായി കെട്ടിവെക്കാനുള്ള തുക നൽകിയത്. ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജനും കെ. വരദരാജനും ചേർന്നാണ് ഈ തുക കൈമാറിയത്. കഴിഞ്ഞ രണ്ട് തവണയും ഇത്തരത്തിൽ ഗാന്ധിഭവനിൽ നിന്നുള്ള തുകയാണ് അദ്ദേഹം പത്രികയ്ക്കൊപ്പം സമർപ്പിച്ചിരുന്നത്.
നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ഒരു കോടിയിലധികം രൂപയുടെ ആസ്തിയുണ്ട്. പിണറായി വിജയന് 43.35 ലക്ഷം രൂപയുടെയും കമലയ്ക്ക് 60.58 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്. ഭൂസ്വത്തിന്റെ കാര്യമെടുത്താൽ മുഖ്യമന്ത്രിയുടെ പേരിൽ 78 സെന്റ് സ്ഥലവും ഭാര്യയുടെ പേരിൽ ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. കൂടാതെ കമലയുടെ കൈവശം പത്ത് പവൻ സ്വർണ്ണാഭരണങ്ങളുമുണ്ട്. ഇരുവരുടെയും പേരിൽ നിലവിൽ സാമ്പത്തിക ബാധ്യതകളൊന്നുമില്ല. മുഖ്യമന്ത്രിയുടെ പേരിൽ മൂന്ന് ക്രിമിനൽ കേസുകൾ നിലവിലുണ്ടെങ്കിലും ഒന്നിലും അദ്ദേഹം ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
പത്രികാ സമർപ്പണത്തിന് ശേഷം മാധ്യമങ്ങളോട് കൂടുതൽ സംസാരിക്കാൻ നിൽക്കാതെ, മറ്റ് കാര്യങ്ങൾ പിന്നീട് പറയാമെന്ന് അറിയിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്. ധർമ്മടത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുത്ത ശേഷം അദ്ദേഹം മലപ്പുറത്തേക്ക് തിരിക്കും.
