രാവിലെ പത്തിന് സർവീസ് സഹകരണ ബാങ്ക് പരിസരത്ത് ആരംഭിച്ച റോഡ് ഷോ എസ്കെഎംജെ സ്കൂൾ പരിസരത്ത് സമാപിച്ചു. അരിവാൾ നെൽകതിർ ചിഹ്നം പതിച്ച തൊപ്പിയും കുടകളുമായി നിരന്ന അണികൾ കൽപറ്റ ടൗണിനെ ചുവപ്പിച്ചു. ചെണ്ടമേളത്തിന്റെ അകമ്പടിയും അമ്മംകുടവും നാസിക് ഡോളും അണികളിൽ ആവേശം വിതച്ചു.
കുക്കി വിമോചക പോരാളിയും യുഎൽഎയു ട്രൈബൽ വിമൺസ് ഫോറം മണിപ്പുർ വൈസ് പ്രസിഡന്റ് ഗ്ലാഡി വൈഫേയി കുഞ്ചാൻ, തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ അംഗം തമീം അൻസാരി, സത്യമംഗലത്തുനിന്നു വീരപ്പൻ വേട്ടയുടെ പേരിൽ പൊലീസ് അതിക്രമത്തിന് ഇരയാക്കപ്പെട്ടവരും റോഡ് ഷോയിൽ പങ്കെടുത്തു. വയനാട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ, മാനന്തവാടി, സുൽത്താൻബത്തേരി എന്നീ മണ്ഡലങ്ങളിൽനിന്ന് കൽപ്പറ്റയിലേക്കു നിരവധി ആളുകൾ റോഡ് ഷോയിൽ പങ്കെടുക്കാൻ എത്തി. 5,000ൽപരം എൽഡിഎഫ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കാളികളായി. പി സന്തോഷ് കുമാർ എംപി, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, കെ കൃഷ്ണദാസ്, പി. ഗവാസ്, പി.പി. സുനീർ എന്നിവരും പങ്കാളികളായി.
വയനാടിനെ ഇളക്കിമറിച്ച് വൻ ജനാവലിയുടെ അകമ്പടിയോടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർ ഡോ. രേണുരാജിന് മുമ്പാകെ ബുധനാഴ്ച ഉച്ചയ്ക്ക് 1:00 മണി കഴിഞ്ഞാണ് അദ്ദേഹം പത്രിക നൽകിയത്.
സഹോദരിയും എ.ഐ.സി.സി. ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കളും അദ്ദേഹത്തൊപ്പം ഉണ്ടായിരുന്നു.കോണ്ഗ്രസിന്റെയും യുഡിഎഫിന്റെയും കെട്ടുറപ്പിനെ വിളിച്ചോതി ആയിരങ്ങൾ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ കളക്ടറേറ്റിലെത്തിയത്.
ബുധനാഴ്ച രാവിലെ 10.40-ഓടെയാണ് മൂപ്പൈനാട് റിപ്പൺ തലക്കൽ സ്കൂളിലെ ഗ്രൗണ്ടിൽ രാഹുലും പ്രിയങ്കയും ഹെലികോപ്ടറിൽ വന്നിറങ്ങിയത്. വലിയ വരവേൽപ്പാണ് ഇരുവർക്കും പ്രവർത്തകർ നൽകിയത്. രാഹുലിനെയും പ്രിയങ്കയെയും കാണാൻ നൂറുകണക്കിന് പ്രവർത്തകരാണ് കാത്തിരുന്നത്.
ജനക്കൂട്ടത്തെ ഇരുവരും അഭിവാദ്യംചെയ്തതോട പ്രവർത്തകർ ആവേശത്തിലായി. പിന്നീട് നാമനിർദേശപത്രിക സമർപ്പിക്കാൻ മേപ്പാടിയിൽനിന്ന് കല്പറ്റയിലേക്ക് തുറന്നവാഹനത്തിലാണ് ഇരുവരും പുറപ്പെട്ടത്. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് പ്രവർത്തകർ റോഡ്ഷോയിൽ പങ്കെടുക്കാനായി ഒഴുകിയെത്തി.
പ്രവർത്തകരെ ഇളക്കിമറിച്ചാണ് റോഡ് ഷോ വിവിധയിടങ്ങളിലൂടെ കടന്നുപോയത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളും റോഡ് ഷോയിൽ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

