വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജ് ജയിൽ മോചിതനായി. അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. ബ്രിട്ടൻ വിട്ട ജൂലിയൻ അസാൻജ് ഓസ്ട്രേലിയയിലേക്ക് മടങ്ങി. അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കുറ്റത്തിനാണ് അസാൻജിനെ ജയിലിലടച്ചത്. ബ്രിട്ടനിലെ ബെൽമാർഷ് അതിസുരക്ഷാ ജയിലിൽ നിന്നാണ് ജൂലിയൻ അസാൻജ് മോചിതനായത്. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്.
യുഎസുമായുള്ള ധാരണപ്രകാരം ചാരക്കുറ്റം സമ്മതിച്ച അസാൻജിനെ യുഎസ് കോടതി മൂന്നു മണിക്കൂർ വിചാരണ ചെയ്തശേഷം ജന്മനാടായ ഓസ്ട്രേലിയയിലേക്കു മടങ്ങാൻ അനുവദിക്കുകയായിരുന്നു.ശാന്തസമുദ്രത്തിലെ സായ്പാൻ ദ്വീപിലെ കോടതിയിലെത്തിയ 52 കാരനായ അസാൻജ് തനിക്ക് മേൽ ചുമത്തിയ കുറ്റമേൽക്കുകയായിരുന്നു.
യു.എസിലേക്ക് നേരിട്ടെത്തില്ലെന്ന് അസാൻജ് അറിയിച്ചിരുന്നു. ഇതോടെയാണ്, യു.എസിന്റെ അധീനതയിലുള്ള മരിയാന ദ്വീപുകളിലെ സായ്പാനിൽ അസാൻജിന് ഹാജരാകാൻ അവസരമൊരുങ്ങിയത്. അസാൻജിന്റെ രാജ്യമായ ആസ്ട്രേലിയക്ക് സമീപമാണ് സായ്പാൻ.
ചാരവൃത്തി നടത്തിയെന്ന കുറ്റം സമ്മതിച്ചാൽ ഇതുവരെ ജയിലിൽ കിടന്ന കാലയളവ് ശിക്ഷയായി പരിഗണിച്ച് സ്വതന്ത്രനാക്കാമെന്നായിരുന്നു അസാൻജും യു.എസും തമ്മിലുള്ള ധാരണ. 175 വർഷം വരെ തടവ്ലലഭിക്കാവുന്ന 18 കുറ്റങ്ങളാ യിരുന്നു അമേരിക്ക അസാൻജിനെതിരെ ചു മത്തിയത്. എന്നാൽ, ധാരണ പ്രകാരം ഈ ശിക്ഷകൾ ഒഴിവാക്കി. വിചാരണയും ഒഴിവാക്കി. മറ്റ് ആരോപണങ്ങളും നേരിടേ ണ്ടിവരില്ല. ഇതുപ്രകാരം, യു.എസ് സൈന്യവുമായി ബന്ധപ്പെട്ട് അസാൻജ് വിക്കിലീക്സിന് നൽകിയ രേഖകൾ നശിപ്പിക്കണം. അഞ്ച് വർഷവും രണ്ട് മാസവും തടവാണ് അസാൻജിന് കോടതി വിധിക്കുക. ബ്രിട്ടനിലെ ജയിലിൽ ഇത്രയും കാലം അസാൻഡ് തടവ് പൂർത്തിയാക്കിയിട്ടുണ്ട്.
ഭാര്യ സ്റ്റെല്ലയും 2 മക്കളും ഒപ്പമുണ്ടായിരുന്നു. ‘പത്രപ്രവർത്തകനായിരിക്കെ രഹസ്യസ്വഭാവമുള്ള വസ്തുതകൾ പ്രസിദ്ധീകരിക്കുന്നതിന് എന്റെ സോഴ്സുകളെ താൻ പ്രോത്സാഹിപ്പിച്ചു. പ്രവർത്തി നിയമപരിരക്ഷയിൽ ഉൾപ്പെടുന്നതാണെന്നു ഞാൻ തെറ്റിധരിച്ചു. പക്ഷേ അതു ചാരവൃത്തി നിയമ ലംഘനമാണെന്നു ഞാൻ അംഗീകരിക്കുന്നു’ – അദ്ദേഹം കോടതിയിൽ പറഞ്ഞത് ഇങ്ങനെ.
ജഡ്ജി റമോണ മംഗ്ലോണയുടെ ജില്ല കോടതിയിലാണ് അസാൻജ് ഹാജരായത്. തുടർന്ന് ജഡ്ജിക്ക് മുന്നിൽ കുറ്റമേൽക്കുകയായിരുന്നു. വരുന്ന ജൂലൈ മൂന്നിന് അസാൻജിൻ്റെ ജന്മദിനമാണ്.
'അടുത്തയാഴ്ച നിങ്ങളുടെ ജന്മദിനമാണെന്ന് അറിയാം. നിങ്ങളുടെ പുതിയ ജീവിതം നല്ല രീതിയിൽ തുടരണമെന്ന് ആശംസിക്കുന്നു' -ജഡ്ജി പറഞ്ഞു.
