ഇടതു കൈമുട്ട് മേശമേൽ ഊന്നി ചരിഞ്ഞിരുന്ന് വാർത്താ ചാനലിലെ അന്തി ചർച്ചയ്ക്ക് ഒരു പുതിയ രൂപഭാവങ്ങൾ നൽകി, (പിന്നീട് പലരും അനുകരിക്കുകയും, ചിലർ ട്രോളാൻ ഉപയോഗിക്കുകയും ചെയ്തത്) കുറിക്ക് കൊള്ളുന്ന ചോദ്യശരങ്ങൾ ഉന്നയിച്ച ആ കാഴ്ച അവസാനിച്ചു.
ഇരുപത്തിയെട്ടു വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം വി നികേഷ് കുമാര്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് ചൊവ്വാഴ്ച ചാനല്‍ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടിയില്‍ അറിയിച്ചു. സിപിഎം അംഗമായി പൊതു രംഗത്ത് പ്രവര്‍ത്തിക്കാനാണ് നികേഷ് കുമാറിന്റെ തീരുമാനം. ചൊവ്വാഴ്ച അദ്ദേഹം റിപ്പോർട്ടർ ടിവിയുടെ എഡിറ്റോറിയൽ ചുമതലുകളിൽ നിന്ന് ഒഴിഞ്ഞു
എല്ലാ കാലത്തും തന്റെ ജീവിതത്തില്‍ രാഷ്ട്രീയമുണ്ടായിരുന്നുവെന്ന് എം വി നികേഷ് കുമാര്‍ പറഞ്ഞു. 'ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. റിപ്പോര്‍ട്ടര്‍ ടിവി ഞാന്‍ ജന്മം നല്കിയ സ്ഥാപനമാണ്. എന്റെ കരുതലും സ്നേഹവുമെല്ലാം എല്ലാ കാലത്തും റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകും. ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം,' എം വി നികേഷ് കുമാര്‍ വിശദീകരിച്ചു.
കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി 1973 മെയ് 28 നാണ് എം വി നികേഷ് കുമാറിന്റെ ജനനം. ഏഷ്യാനെറ്റ് ന്യൂസിലാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചത്. 2003 ല്‍ കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി ഇന്ത്യാവിഷന് ആരംഭിച്ചപ്പോള്‍ എക്സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. ഇന്ത്യാവിഷൻ പ്രവർത്തനം അവസാനിപ്പിച്ചതിന് തുടർന്ന് 2011ല്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് തുടക്കം കുറിച്ചു. കേരളത്തിൽ ഒരു മാധ്യമപ്രവർത്തകൻ ആരംഭിക്കുന്ന ആദ്യ വാർത്താചാനൽ ആയിരുന്നു റിപ്പോർട്ടർ ടിവി, 2023 വരെ അതിൻറെ ഉടമസ്ഥനായി അദ്ദേഹം തുടർന്നു ശേഷം അതേവർഷം ജൂലൈ ഒന്നു മുതൽ റിപ്പോർട്ടർ ടിവി റീ ബ്രാൻഡ് ചെയ്യപ്പെട്ടു. എങ്കിലും അതിന്റെ എഡിറ്ററിങ് ചീഫ് ആയി അദ്ദേഹം തുടർന്നു. രാംനാഥ് ഗോയങ്ക അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ തട്ടകം കണ്ണൂർ
റിപ്പോർട്ടർ ടിവി എഡിറ്റർ ഇൻ ചീഫ് പദവി ഒഴിഞ്ഞ എം വി നികേഷ് കുമാറിനോട് കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കാൻ സിപിഎം നിർദേശം. നിലവിൽ സിപിഎം അംഗമായ നികേഷ് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാവാകുമെന്ന് അറിയുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ നികേഷ്കുമാർ മുഴുവൻ സമയ പാർട്ടി പ്രവർത്തനത്തിന് ഇറങ്ങുകയാണെന്നും കണ്ണൂർ ആവും തട്ടകമെന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ അറിയിച്ചിരുന്നു. അദ്ദേഹത്തെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാവാക്കണം എന്ന നിർദേശം ജയരാജൻ മുന്നോട്ടു വയ്ക്കുകയും കമ്മിറ്റി ഏകകണ്ഠമായി പിന്തുണയ്ക്കുകയും ചെയ്തു.
എന്നാൽ, ഈ തീരുമാനം അടുത്ത സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നതോടെ മാത്രമേ നിലവിൽ വരികയുളളൂ. രണ്ടു വർഷം കണ്ണൂരിലെ പൊതുമണ്ഡലത്തിൽ സജീവമായ ശേഷം 2026-ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തിൽ നിന്ന് മത്സരിക്കാനാണ് പദ്ധതിയെന്ന് അറിയുന്നു.
മേലത്ത് വീട്ടിൽ നികേഷ് കുമാർ സിപിഎം മുൻനിര നേതാവും സി എം പിയുടെ സ്ഥാപകനുമായ എം വി രാഘവന്റെയും ജാനകിയുടെയും മകനാണ്. കഴിഞ്ഞ മാസം 51 വയസ് തികഞ്ഞ അദ്ദേഹം 1994-ൽ കേരള യൂണിവേഴ്സിറ്റിയിൽ യിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും 1995-ൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നിന്നും ജേണലിസം ഡിപ്ലോമയും നേടിയ ശേഷമാണ് മാധ്യമ പ്രവർത്തനം ആരംഭിക്കുന്നത്.
