![]() |
| Courtesy |
പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് മുന്നണിയെ ചേര്‍ത്തുപിടിച്ച് ശ്രീലങ്ക. കഴിഞ്ഞ ദിവസം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും നാഷനല്‍ പീപ്ള്‍സ് പവര്‍(എന്‍പിപി) വലിയ മുന്നേറ്റം സ്വന്തമാക്കി.
പുറത്തുവന്ന കണക്കുകൾ അനുസരിച്ച് ദിസനായകെയുടെ നാഷനല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി) പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ (എസ്ജെബി) 62 ശതമാനം വോട്ട് നേടി. 225 അംഗ പാര്‍ലമെന്റില്‍ 137 സീറ്റുകളാണ് എന്‍പിപി നേടിയിരിക്കുന്നത്. സജിത് പ്രേമദാസ നയിക്കുന്ന എസ്ബിജെ 35 സീറ്റാണ് നേടിയിരിക്കുന്നത്. തമിഴ് ന്യൂനപക്ഷത്തെ പ്രതിനിധീകരിക്കുന്ന ഇളങ്കൈ തമിള്‍ അരസു കച്ഛി ആറു സീറ്റുകളും, ന്യൂ ഡെമോക്രാറ്റിക് ഫ്രണ്ട് മൂന്നു സീറ്റുകളും, ശ്രീലങ്കപൊതുജന പെരമുന രണ്ടു സീറ്റുകളും നേടി.
തിരഞ്ഞെടുപ്പിലെ മുന്നേറ്റത്തില്‍ ജനങ്ങള്‍ക്ക് നന്ദിയറിയിച്ച് പ്രസിഡന്റ് അനുര കുമാര ദിസനായകെ രംഗത്തെത്തി. തന്റെ സര്‍ക്കാരിന്റെ അന്‍പത് ദിവസങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് തിരഞ്ഞെടുപ്പ് വിജയത്തെ പ്രസിഡന്റ് ഉയര്‍ത്തിക്കാട്ടുന്നത്. ശ്രീലങ്കയുടെ 50 മഹത്തായ ദിനങ്ങള്‍ എന്ന ക്യാപ്ഷനോടെ ഒരു വിഡിയോയും പ്രസിഡന്റ് പങ്കുവച്ചിട്ടുണ്ട്.
അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയാണ് ജനതാ വിമുക്തി പെരുമന (ജെവിപി). മാർക്സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.
